Menu Close

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.
പ്ലസ് ടു വിദ്യാഭ്യാസമുള്ള, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന യുവജനങ്ങളെയാണ് കൃഷിവകുപ്പ് തേടുന്നത്. അവരെ പരിശീലനത്തിലൂടെ ഡിജിറ്റൽസർവ്വേ ചെയ്യാൻ പ്രാപ്തരാക്കും. ഒരു സർവ്വേനമ്പർ കവർ ചെയ്യുന്നതിന് പത്തുരൂപ പ്രതിഫലം ബാങ്കക്കൗണ്ടിൽ നൽകും. ഒരു ദിവസം 100 മുതൽ 150 വരെ പ്ലോട്ടുകൾ പരിചയം സിദ്ധിച്ച സർവെയറിന് ചെയ്യാൻ കഴിയും. അതിലൂടെ യുവതീ യുവാക്കൾക്ക് നല്ല വരുമാനം ലഭിക്കും. ഇപ്പോൾ ചെയ്യുന്നവർക്ക് തുടർന്നുള്ള രണ്ടുസീസണിൽക്കൂടി സർവ്വേ ചെയ്ത് വരുമാനമുണ്ടാക്കാനും സാധിക്കും.
സർവ്വേ ഈ ജനുവരി ഫെബ്രുവരി 29നകം പൂർത്തിയാക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. പരിശീലനം സിദ്ധിച്ച ഡിജിറ്റൽ ക്രോപ് സർവ്വേ വോളന്റീയർമാർ ഓരോ കൃഷിയിടത്തുമെത്തി ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിച്ചാണ് സർവ്വേ നടത്തുക.

    സർവ്വേ പൂർണമാകുന്നതോടെ കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃഷി ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കും. ദീർഘകാലവിളകൾ, ഏകവർഷവിളകൾ, ഹ്രസ്വകാലവിളകൾ എന്നിവയുടെ കണക്കുകളാണ് സെർവറിലേക്കു ശേഖരിക്കുന്നത്.
    ശേഖരിക്കുന്ന വിവരങ്ങൾ സർവ്വേ & ഭൂരേഖാവകുപ്പിന്റെ വിവരങ്ങളുമായി ബന്ധിപ്പിക്കും. ഓരോ ഭൂമിയ്ക്കും അനന്യമായ നമ്പർ (Unique Land Parcel Identification Number, ULPIN)ലഭിക്കുന്ന പദ്ധതിയുമായി സംയോജിപ്പിക്കുമ്പോൾ അതു ഭാവിയിൽ ഭൂമിയുടെ വില്പന -കൈമാറ്റം പോലെയുള്ള കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ പദ്ധതികൾ യഥാർത്ഥ കർഷകർക്ക് തന്നെ ലഭിക്കാൻ കാരണമാകും. കാർഷിക വായ്പകൾ, ബാങ്കിൽ പോകാതെതന്നെ ഓൺലൈനിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. പാട്ടക്കൃഷിക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കും.

തുടർച്ചയായി മൂന്ന് സീസണുകളിൽ ഒരേ പ്ലോട്ട് തന്നെ സർവ്വേ ചെയ്തുകൊണ്ടാണ് ഒരു വർഷത്തെ ഒരു കർഷകന്റെ ഭൂവിനിയോഗം തിട്ടപ്പെടുത്തുന്നത്.

    താല്പര്യമുള്ള യുവതീയുവാക്കൾ ഉടൻതന്നെ ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കഞ്ഞിക്കുഴി, തണ്ണീർമുക്കം എന്നിവിടങ്ങളില്‍ ഏതിലെയെങ്കിലും കൃഷി ഓഫീസർമാരെ ബന്ധപ്പെടണം.

ചേർത്തല സൗത്ത് -9895425640, കഞ്ഞിക്കുഴി -9961033555, മാരാരിക്കുളം നോർത്ത് -9567845733, തണ്ണീർമുക്കം -9645837166. കൂടുതൽ വിവരങ്ങൾക്ക്: പ്രമോദ് മാധവൻ (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ചേർത്തല) 94967 69074