Menu Close

knowledge Base

അറിവ് ശേഖരം

കര്‍ഷകരുടെ ചോദ്യങ്ങളും അതിനു കാര്‍ഷിക വിദഗ്ദ്ധരോ പരിചയസമ്പന്നരായ കര്‍ഷകരോേ നല്‍കുന്ന ഉത്തരങ്ങളും ഇവിടെ സമാഹരിച്ചിരിക്കുന്നു. ഇതിലുള്‍പ്പെടാത്ത കൃഷിസംബന്ധമായ ഏതെങ്കിലും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചോദിക്കാം.

  • പുകയിലക്കഷായം ഉണ്ടാക്കുന്നതെങ്ങനെ?

    എന്താണ് പുകയിലക്കഷായം?
    മികച്ച ജൈവകീടനിയന്ത്രണ ലായനികളിലൊന്നാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ടുകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തിനിർത്തിയശേഷം വെള്ളം കയറ്റിനിറച്ചിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു.
    ഇതിന്റെ ആധുനികരൂപമാണ് പുകയിലക്കഷായം.

    വേണ്ട സാധനങ്ങള്‍
    പുകയില – ഒരു കിലോ
    ബാര്‍സോപ്പ് - 100 ഗ്രാം
    വെള്ളം - 15 ലിറ്റര്‍

    ഉണ്ടാക്കുന്ന വിധം
    ഒരു കിലോഗ്രാം പുകയില വാങ്ങി തണ്ടും ഇലയും ഉള്‍പ്പെടെ കൊത്തിയരിയണം. വിലകുറഞ്ഞ രണ്ടാംതരം പുകയില മതി. ഇത് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിരാന്‍ വെയ്ക്കണം.
    അടുത്ത ദിവസം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ 100 ഗ്രാം ബാർസോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുക്കണം. ഇതാണ് പുകയിലക്കഷായം.
    ഈ മിശ്രിതം അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുക.

    വീര്യം കൂടിയ പുകയിലകഷായമാണ് വേണ്ടതെങ്കില്‍ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതി.
    പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർസോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കിയാല്‍ സത്ത് ചെടിയിൽ കുറച്ചുകൂടി നന്നായി പറ്റിയിരിക്കും.

    എന്തിനെയൊക്കെ നേരിടാം?
    ചാഴി, പുഴു, മുഞ്ഞ, മിലി മൂട്ട, കായ്തുരപ്പന്‍ പുഴു, ഇലപ്പേൻ എന്നിവയ്ക്കെതിരെ ഫലപ്രദമായി പുകയിലക്കഷായം ഉപയോഗിക്കാം.

    ഉപയോഗിക്കുന്ന വിധം…
    നല്ല വെയിലുള്ളപ്പോഴാണ് പുകയിലക്കഷായം തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം ഊര്‍ജ്ജിതമാകാന്‍ വെയിൽ ആവശ്യമാണ്.
    ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് രണ്ട് മുതല്‍ ഏഴ് ഇരട്ടിവരെ വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

    NB: VFPCK തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സൗകര്യപ്രദമായ പുകയിലക്കഷായക്കൂട്ടുകളും വിപണിയിലുണ്ട്.

  • ബോര്‍ഡോമിശ്രിതം ( Bordeaux Mixture) എന്താണ്? എന്തിനൊക്കെ ഉപയോഗിക്കാം?

    ശരിയായരീതിയില്‍ തയ്യാര്‍ചെയ്ത് ശരിയായസമയത്ത് പ്രയോഗിച്ചാല്‍ വളരെ ഫലപ്രദമായ കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതാണ് സുരക്ഷിതം.

    ബോർഡോമിശ്രിതം തളിക്കുമ്പോള്‍ വേണ്ടത്ര പ്രയോജനം ലഭിക്കാതെപോകുന്നത് തയ്യാര്‍ചെയ്യുന്നതിലെ അപാകം മൂലമാണ്. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തുരിശ്, ചുണ്ണാമ്പ്, വെള്ളം എന്നിവ 1:1:100 എന്ന അനുപാതത്തില്‍ യോജിപ്പിച്ചാണ് തയ്യാര്‍ചെയ്യേണ്ടത്. ഉദാഹരണമായി 10 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം ഉണ്ടാക്കുന്നത് എങ്ങിനെയെന്നുനോക്കാം.
    ഇതിനായി 100 ഗ്രാം തുരിശും 100 ഗ്രാം ചുടുകക്ക നീറ്റിയെടുത്ത ചുണ്ണാമ്പും 10 ലിറ്റര്‍ വെള്ളവും വേണം. നൂറു ഗ്രാം തുരിശ് ഒരുതുണിയില്‍ കിഴിപോലെ കെട്ടി തലേദിവസം ഒരു പ്ലാസ്റ്റിക്ബക്കറ്റിലെ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ തൂക്കിയിട്ട് അലിയിച്ചെടുക്കുക. 100 ഗ്രാം ചുടുകക്ക നീറ്റിയെടുത്ത ചുണ്ണാമ്പ് മറ്റൊരു പ്ലാസ്റ്റിക് ബക്കറ്റിലെ അഞ്ചുലിറ്റര്‍ വെള്ളത്തില്‍കലക്കിയെടുക്കുക. തുരിശു ലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ചാണ് ബോർഡോ മിശ്രിതം തയ്യാറാക്കേണ്ടത്. ചുണ്ണാമ്പുലായനി തുരിശുലായനിയിലേക്ക് ഒരിക്കലും ഒഴിക്കരുത്. തയ്യാറാക്കുന്ന മിശ്രിതത്തിൽ ചെമ്പിന്റെ അംശം കൂടാൻ പാടില്ല. അതുപോലെ തന്നെ അമ്ലത്തിന്റെ അംശവും കൂടരുത്. ഇത് പരിശോധിയ്ക്കാൻ തയ്യാറാക്കിയ ലായനിയിൽ ഒരു ഇരുമ്പ് കത്തി അൽപ്പസമയം താഴ്ത്തി വയ്ക്കുക. ചെമ്പിന്റെ അംശം കൂടുതലാണങ്കിൽ അത് ഈ കത്തിയിൽ പറ്റിപ്പിടിക്കുന്നതു കാണാം. അൽപം ചുണ്ണാമ്പ് ലായനി കൂടി ചേർത്ത് ചെമ്പിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കിയശേഷം മിശ്രിതം വിളകളിൽ തളിക്കാം.
    ബോർഡോമിശ്രിതം തയ്യാറാക്കാൻ പ്ലാസ്റ്റിക്, സിമന്റ്, തടി, കളിമണ്‍ പാത്രങ്ങളാണ് നല്ലത്. ഇരുമ്പുപാത്രങ്ങൾ ഉപയോഗിക്കരുത്.
    ബോർഡോ മിശ്രിതം ആവശ്യത്തിനു മാത്രം വേണം തയ്യാറാക്കാൻ. അതായത് പഴകിയത് ഉപയോഗിക്കരുത്. താമസം നേരിടുകയാണെങ്കിങ്കില്‍ ഒരു ലിറ്റര്‍ ബോര്‍ഡോമിശ്രിതത്തിന് ½ ഗ്രാം പഞ്ചസാര ചേര്‍ത്താല്‍ ഒന്നുരണ്ടു ദിവസം ഗുണം കുറയാതെ സുക്ഷിച്ചുവയ്ക്കാം.
    ഇലകളിൽ പടർന്നു പിടിക്കുന്നതും ഒട്ടിപ്പിടിയ്ക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുപോലെ മഴക്കാലമല്ലെങ്കിൽ ഒരാഴ്ചവരെ ഇതിന്റെ പ്രവർത്തനം ചെടികളിൽ നീണ്ടു നിൽക്കും.
    കുറ്റിപ്പമ്പോ ചവിട്ടുപമ്പോ ഉപയോഗിച്ച് മരുന്നു തളിക്കാം. ഉയരത്തില്‍ മരുന്നു തളിക്കുന്നതിന് സാധാരണ പമ്പുകളില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന, ഉയരംകൂട്ടാവുന്ന ലാന്‍സുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മഴസമയത്ത് രണ്ടുമൂന്നു മണിക്കൂര്‍ വെയില്‍ ലഭിച്ചാല്‍ മരുന്നുതളി നടത്താം. തളിക്കുന്ന മരുന്ന് ഇലയില്‍ നന്നായി ഉണങ്ങിപ്പിടിക്കണം. ഇതിനായി സാന്‍ഡോവിറ്റ്, ടെനാക്, ജനറല്‍വെറ്റ് എന്നിവപോലെ സസ്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത ഏതെങ്കിലും പശ മിശ്രിതത്തില്‍ ചേര്‍ക്കാം.

        കേരളത്തില്‍ കണ്ടുവരുന്ന പല കുമിള്‍ രോഗങ്ങള്‍ക്കും (ഉദാ: തേങ്ങിന്റെ മണ്ടചീയല്‍, ഓല അഴുകൽ, റബര്‍തൈകളെ ബാധിക്കുന്ന കുമിള്‍രോഗങ്ങളായ കൂമ്പുചീയല്‍, കൊളറ്റോട്രിക്കം ഇലരോഗം എന്നിവ, കുരുമുളകിന്റെ ദ്രുതവാട്ടം, ഏലത്തിന്റെ അഴുകൽ, കമുകിന്റെ മഹാളി, മഞ്ഞളിന്റെ ഇലകരിച്ചില്‍ തുടങ്ങിയവ) ബോര്‍ഡോ മിശ്രിതം എന്ന കുമിള്‍നാശിനി അത്യുത്തമമാണ്. 

    ബോര്‍ഡോ കുഴമ്പ്

          10% വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ബോര്‍ഡോ കുഴമ്പ്. റബ്ബറിലും മാവിലും കശുമാവിലും കണ്ടുവരുന്ന പിങ്കുരോഗം, കുരുമുളകിന്റെ വാട്ടരോഗം തെങ്ങിന്റെ ചെന്നീരൊലിപ്പ് എന്നിവക്കെതിരെ ഇതുപയോഗിക്കാം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    ഗുണനിലവാരമുള്ള തുരിശും ചുണ്ണാമ്പും ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കുക.
    കക്ക നീറ്റുന്നതിന് ചൂടുവെള്ളം ഉപയോഗിച്ചാല്‍ നന്നായി നീറിപ്പൊടിഞ്ഞ് നല്ല ചുണ്ണാമ്പ് ലഭിക്കും
    മിശ്രിതം ഉണ്ടാക്കി അന്നുതന്നെ ഉപയോഗിക്കണം.
    തളിരിലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും നന്നായി വീഴത്തക്കവിധം മരുന്നു തളിക്കണം.
    മഴ കൂടുതലുള്ളപ്പോള്‍ കുറഞ്ഞ ഇടവേളകളില്‍ മരുന്നുതളി നടത്തണം.
    നെല്ല്, പച്ചക്കറികൾ എന്നീ വിളകൾക്കു ബോർഡോ മിശ്രിതം തളിക്കുന്നത് നല്ലതല്ല. ബോഡോമിശ്രിതത്തെക്കുറിച്ച് നിങ്ങളുടെ കൃഷിഓഫീസറില്‍നിന്ന് സംശയനിവാരണം നടത്തി ഉപയോഗിക്കുന്നതാകും നല്ലത്.

  • പച്ചപ്പുല്ല് കൃഷി ചെയ്യുന്നതിനെക്കുറിച്ചു പറയാമോ?

    തീറ്റപ്പുല്ലുകൾ/ പച്ചപ്പുല്ലുകള്‍

    കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്നവയാണ് പച്ചപ്പുല്ല്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ജീവകം ബി, ജീവകം എ എന്നിവ പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.

    തനിവിളയായോ തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരമ്പുകളിലും അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.

    കേരളത്തിനു പറ്റിയ ഇനങ്ങളും അവയുടെ കൃഷിരീതിയും

    1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്

    ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലിനമാണ് നേപ്പിയർ. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും ഉയർന്ന വിളവുതരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്.

    നിലമൊരുക്കൽ

    നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി, കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരമ്പുകളാക്കി മാറ്റുന്നു. ഈ വരമ്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്.

    നടീൽ വസ്തുക്കൾ

    തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.

    മൂന്നുമാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽവസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്ത തണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുമ്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുമ്പോൾ മുട്ടു നീക്കിക്കൊടുക്കണം. ഒരു സെന്റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.

    ജലസേചനം

    മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

    കളനിയന്ത്രണം

    ആദ്യത്തെ മാസം ഒന്നുരണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നുകഴിഞ്ഞാൽ കളകൾ അമർച്ചചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.

    വളപ്രയോഗം

    നടുന്നതിനു മുമ്പ് അടിവളമായി ഒരു സെന്‍റിൽ 80 കിലോഗ്രാം കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം തൊഴുത്തുകഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിന്റെ കണ്ടത്തിലേക്ക് ഒഴുക്കിവിടാൻ സൗകര്യമുള്ള സ്ഥലത്ത് മറ്റു വളങ്ങൾ നൽകേണ്ട ആവശ്യമില്ല.

    വിളവെടുപ്പ്

    നട്ട് 75 – 90 ദിവസം ആകുമ്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വീണ്ടും വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തുനിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷകഗുണം ലഭിക്കുന്നതിനുവേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്റെ ഉറപ്പുകൂടുകയും നീരുകുറയുകയും ചെയ്യുന്നു. തണ്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞുകൊടുത്താൽ തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.

    ഉത്പാദനക്ഷമത

    നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.

    2. ഗിനിപ്പുല്ല്

    നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനമാണ് ഗിനിപ്പുല്ല്. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടുകൂടിയ കടകൾ ഉപയോഗിച്ചും വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുമ്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.

    3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്

    നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ഇത്തരം പുല്ല്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഇവ കൃഷിചെയ്യാം. നട്ടുകഴിഞ്ഞാൽ ഉടൻതന്നെ തറ നനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്റെ ഉത്പാദനക്ഷമത മറ്റു പുല്ലുകളേക്കാൾ കുറവാണ്.

    4. കോംഗോസിഗ്നൽ

    എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടിനിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. എരുമപ്പുല്ലിനെപ്പോലെ തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടോ വളർച്ചയ്ക്കനുസരിച്ചോ പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കിസൂക്ഷിക്കാൻ വളരെ യോജിച്ചതാണ്.

    കാലം നോക്കി കൃഷി

    ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കരനേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽമണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽമണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.

  • ജീവാണുവളങ്ങളുടെ ലോകം

        കൃഷിയ്ക്ക് ഏറ്റവും സഹായകരമാണ് സൂക്ഷ്മജീവികളായ   ബാക്ടീരിയകള്‍, ഫംഗസുകള്‍  എന്നിവ.  ചെടിയുടെ   വളര്‍ച്ച വേഗത്തിലാക്കുാവന്‍ ഇവ സഹായിക്കുന്നു.  ജൈവാംശം വിഘടിപ്പിക്കുന്നതിനും മണ്ണിലെ  പോഷകങ്ങള്‍  എളുപ്പത്തില്‍   വലിച്ചടുക്കുന്നതിനും ജീവാണുക്കള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ജീവാണുക്കള്‍ അടങ്ങിയ വളങ്ങളാണ് ജീവാണുവളങ്ങള്‍. അന്തരീക്ഷത്തിലുള്ള നൈട്രജന്‍  വലിച്ചെടുക്കുന്നവയോ  മണ്ണില്‍നിന്ന് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന  അവസ്ഥയിലേക്ക്  മാറ്റുകയോ ചെയ്യുന്നവയാണ് ജീവാണുവളങ്ങളിലെ സൂക്ഷ്മജീവികള്‍.  ജൈവകൃഷിയില്‍ സൂക്ഷ്മാണുജീവികളുടെ ഉപയോഗം വലിയതോതിലാണ്. പരിസ്ഥിതിക്ക്  ഇണങ്ങിയതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. 

    മൂലകങ്ങള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവാണുവളങ്ങളെ നമുക്ക് നാലായി തിരിക്കാം

    1. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ.
      ഉദാഹരണം: അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം.
    2. ഫോസ്ഫറസ് അലിയിച്ച് ആഗിരണം ചെയ്യുന്നവ
      ഉദാഹരണം: ബാസില്ലാസ് സ്പീഷിസ്
    3. ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
      ഉദാഹരണം: ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
    4. പൊട്ടാഷ് അലിയിക്കുന്നവ
      ഉദാഹരണം: ഫ്രെചൂരിയ
    5. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ

    റൈസോബിയം
    പയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം.

    ഉപയോഗിക്കുന്ന വിധം
    5 മുതല്‍ 8 കിലോഗ്രാം പയറുവിത്തിനു 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണുവളം വേണ്ടിവരും. വിത്തില്‍ റൈസോബിയം പുരട്ടുന്നതിനായി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാഭാഗത്തും എത്തുന്നതുപോലെ കൂട്ടിയോജിപ്പിക്കുക. പിന്നീട് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം. റൈസോബിയം കലര്‍ന്ന വിത്തുകള്‍ രാസവളവുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

    അസോസ് പൈറില്ലം
    മണ്ണിലും ചെടിയുടെ വേരുപടത്തിലും വസിക്കുന്ന ബാക്ടീരിയയാണിത്. ഒരു സെന്‍റിന് 60 ഗ്രാം മുതല്‍ 100 ഗ്രാം വരെ നൈട്രജന്‍ അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുത്ത് ഇവ ചെടികള്‍ക്ക് നല്‍കുന്നു. അസോസ് പൈറില്ലം ഉപയോഗിക്കുന്നത് പച്ചക്കറികളുടെ വളര്‍ച്ചയ്ക്കും വിളവര്‍ദ്ധനവിനും സഹായകമാണ്. മറ്റു ജീവാണു വളങ്ങളോടൊപ്പം പ്രത്യേകിച്ച് മൈക്കോറൈസയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

    ഉപയോഗിക്കുന്ന വിധം
    വിത്തില്‍ പുരട്ടിയും തൈകള്‍ പറിച്ചുനടുമ്പോള്‍ ലായനിയാക്കി വേരുമുക്കിയും ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ടുചേര്‍ത്തും ഇവ ഉപയോഗിക്കാം. 500 ഗ്രാം അസോസ് പൈറില്ലം കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 വരെ കിലോഗ്രാം വിത്ത് പുരട്ടിയെടുക്കാം. വിത്ത് ഒരു പാത്രത്തില്‍ എടുത്ത് വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ ശേഷം കള്‍ച്ചറുമായി നല്ലവണ്ണം യോജിപ്പിക്കുക. തുടര്‍ന്ന് അരമണിക്കൂര്‍ തണലത്ത് ഉണക്കിയ ശേഷം ഉടന്‍ വിതയ്ക്കണം.
    പറിച്ചു നടുന്ന തൈകളുടെ വേരുകള്‍ അസോസ് പൈറില്ലത്തിന്‍റെ 250 ഗ്രാം കള്‍ച്ചര്‍ 700 മി.ലി. വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തി വയ്ക്കുക. ഇത് വേരുവളര്‍ച്ച വേഗത്തിലാക്കും.
    നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ ഹെക്ടറിന് 2-4 കിലോഗ്രാം കള്‍ച്ചര്‍ വേണം . എല്ലാഭാഗത്തും ഒരുപോലെ ലഭിക്കുന്നതിന് ഒരു ഭാഗം അസോസ് പൈറില്ലം 25 ഭാഗം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ കൂടെക്കലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതാണ്.

    അസറ്റോബാക്ടര്‍
    മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയയാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയമാണ് ഇത്. ഒരു ഹെക്ടറില്‍ ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജന്‍ ലഭ്യമാക്കാന്‍ ഈ ബാക്ടീരിയക്കാവും. വിളകളുടെ നൈട്രജന്റെ ആവശ്യകതയുടെ 25-30 ശതമാനം വരെ അസറ്റോബാക്ടര്‍ നിറവേറ്റും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സസ്യഹോര്‍മോണുകളും ഇത് ഉല്പാദിപ്പിക്കുന്നു.

    ഉപയോഗിക്കുന്ന വിധം
    അസോസ് പൈറില്ലം ഉപയോഗിക്കുന്ന അതേരീതിയില്‍ന്നെ പച്ചക്കറി വിളകള്‍ക്ക് നല്‍കാവുന്നതാണ്.

    മൈക്കോറൈസ (VAM- Vasicular Arbascular Micorrhiza അഥവാ AMF- Arbascular Micorrhizal Fungi)
    എല്ലായിനം പച്ചക്കറികള്‍ക്കും വളരെ അനുയോജ്യമായതും ടോണിക് പോലെ പ്രവര്‍ത്തിക്കുന്നതുമായ ഒരു ഫോസ്ഫറസ് ജീവാണുവളമാണ് മൈക്കോറൈസ. ഇവ ചെടികളില്‍ നിന്ന് ആവശ്യമായ അന്നജം ഉപയോഗിക്കുകയും പകരം ചെടികള്‍ക്ക് മണ്ണില്‍ നിന്ന് ഫോസ്സ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം മുതലായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ മൈക്കോറൈസയുടെ തന്തുക്കള്‍ മണ്ണില്‍ ലഭ്യമായ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചെടിക്ക് നല്‍കുകയും വരള്‍ച്ചയെ പ്രധിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ വേരിനുള്ളില്‍ കടന്ന് ചെടികളില്‍ ആന്തരികമായ മാറ്റങ്ങളുണ്ടാക്കി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗഹേതുക്കളായ കുമിളുകള്‍ വേരിനുള്ളില്‍ കടന്ന് കൂടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.
    പച്ചക്കറിയിനങ്ങളില്‍ മൈക്കോറൈസയുടെ പ്രയോഗം വളര്‍ച്ചയിലും വിളവിലും കാര്യമായ വര്‍ദ്ധനവുണ്ടാക്കുന്നു. പച്ചക്കറിവിളകളില്‍ രോഗഹേതുക്കളായ പിത്തിയം, ഫൈറ്റോഫ്തത്തോറ, റൈസ്ക്ടോണിയ, ഫ്യസേറിയം മുതലായ കുമിളുകളെയും നിമാവിരകളെയും പ്രതിരോധിക്കാന്‍ അനുയോജ്യമാണ്. കത്തിരിവര്‍ഗ്ഗ ചെടികളില്‍ ബാക്ടീരിയ വാട്ടത്തിനെയും മൈക്കോറൈസ പ്രയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നു.

    ഉപയോഗിക്കുന്ന വിധം
    ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ തവാരണകളില്‍ വിത്തിടുന്ന വരികളില്‍ മൈക്കോറൈസ പൊടി നേരിയ കനത്തില്‍ വിതറുക. ഇതിനു മുകളിലായി വിത്ത് വരിയിലിടുക. വരിയായി വിത്ത് പാകാത്ത ചീര മുതലായ ഇനങ്ങള്‍ക്ക് തവാരണകളുടെ മുകളിലത്തെ 1 ഇഞ്ച് കനത്തിലുള്ള മണ്ണില്‍ മേല്‍പ്പറഞ്ഞ തോതില്‍ മൈക്കോറൈസ പൊടി വിതറി മണ്ണുമായി സംയോജിപ്പിക്കുക. അതിനുശേഷം വിത്ത് പാകുക. പറിച്ചുനടുമ്പോള്‍ ചെടി ഒന്നിന് 5 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
    ട്രക്കോഡെര്‍മ, സ്യഡോമോണാസ് മുതലായ സൂക്ഷ്മാണുക്കളുമായി മൈക്കോറൈസ സംയോജിച്ച് പ്രവര്‍ത്തിക്കുകയും അതിലൂടെ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയും ചെയ്യും.
    എ എം എഫ് കിഴങ്ങുവിളകള്‍ക്ക് അനുയോജ്യമാണ്. ഇവ വിത്ത് കിഴങ്ങ് നടുന്ന സമയത്ത് കിഴങ്ങ് ഒന്നിന് 3-5 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.

    പി ജി പി ആര്‍
    പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ
    വ്യത്യസ്ഥ സൂക്ഷ്മജീവികളുടെ മിശ്രിതമാണ് പി ജി പി ആര്‍ മിക്സ് 1. ചെടികളുടെ വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവ ചെടികളുടെ വേരുപടലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോഅമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുക വഴി ഇവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

    വിത്ത് പരിചരണം
    10 ശതമാനം വീര്യമുള്ള ശര്‍ക്കരലായനി അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാരലായനി 40 ശതമാനം വീര്യമുള്ള തിളപ്പിച്ചാറ്റിയ ഗം അറാബിക് ലായനി അല്ലെങ്കില്‍ കഞ്ഞിവെള്ളം ചേര്‍ന്ന1.25 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച ചണച്ചാക്കില്‍ നിരത്തി ഉണക്കി ഉടനടി പാകണം.

    തൈകളുടെ വേര് പരിചരണം
    പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ത്ത ലായനിയില്‍20 മിനിട്ട് മുക്കി വച്ച ശേഷം നടുക.

    മണ്ണില്‍ ചേര്‍ക്കുന്ന വിധം
    6 മാസം വരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റ്/ കാലിവളം/ചാണകത്തില്‍ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പി ജി പി ആര്‍ മിക്സ് ചേര്‍ക്കുക. 10 സെന്‍റിലേക്ക്40-80 ഗ്രാം പി ജി പി ആര്‍ മിക്സ് 1 വേണ്ടിവരും . 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം വരെ പി ജി പി ആര്‍ മിക്സ് 1 വേണം.

    1. ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍
      പ്രധാനമായും കരപ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.

    വിത്ത് പരിചരണം
    10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.

    തൈകളുടെ വേര് പരിചരണം
    10 മുതല്‍ 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണുവളം അതില്‍ പറിച്ചുല നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.

    മണ്ണില്‍ ചേര്‍ക്കുന്ന വിധം
    3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത് സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക

    3.ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
    ഫോസ്ഫോബാക്ടീരിയകള്‍ മണ്ണില്‍ ഉള്ള ഫോസ്ഫേറ്റ് നേ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കി നലാകാന്‍ കഴിയും. വിത്തില്‍ പുരട്ടിയും തൈകളുടെ വേരുകള്‍ മുക്കിയും ചാണകവുമായി കലര്‍ത്തി പറബില്‍ ഇടുകയോ ചെയ്യാം .

    1. അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
      മണ്ണില്‍ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യത കൂട്ടുകയും , ചെടികള്‍ താഴചു വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഫംഗസ്. വേരിനോട് ചേര്‍ന്ന് വേരിന്റെ ഭാഗമായി മാത്രമേ ഇവ ജീവിക്കുന്നുള്ളു.ഇവ ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷികൂടി നല്‍കുന്നു

    4.പൊട്ടാഷ് അലിയിക്കുന്നവ
    ഫ്രെച്ചൂറിയ
    ഇവ പോട്ടസ്യത്തെ ലയിപ്പിച്ചു ചെടികള്‍ക്ക് നല്കാന്‍ ശേഷിയുള്ള ബാക്ടീരിയ ആണ്.വിളവില്‍ 20%വരെ വര്‍ധനവ്‌ ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും വിത്തില്‍ പുരട്ടിയോ,വേരില്‍ മുക്കിയോ നേരിട്ട് തളിച്ചോ ഇവ ഉപയോഗിക്കാം .

    ജീവാനുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

    1. പ്രവര്‍ത്തനകാലാവധി കഴിഞ്ഞ ജീവാണുവളങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
    2. ഒരിക്കലും രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്
    3. ഇവ പുരട്ടിയ വിത്തുകളും ചെടിയുടെ വേരും വെയില്‍ കൊള്ളിക്കരുത്
    4. ജീവാണുക്കളുടെ മികച്ച പ്രവര്‍ത്തനത്തിന് അവയോടൊപ്പം ആവശ്യമായ അളവില്‍ ജൈവവളം ചേര്‍ക്കേണ്ടതാണ്.
    5. മണ്ണില്‍ ഇവ ചേര്‍ക്കുമ്പോള്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം
    6. രാസകീടനാശിനികള്‍ പാടില്ല

  • ചെണ്ടുമല്ലി(ബന്ദി) കര്‍ഷകര്‍ക്കു നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

    കേരളത്തില്‍ ഉപയോഗിക്കുന്ന ചെണ്ടുമല്ലിയുടെ നല്ലഭാഗവും തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നന്നായി വിളവുണ്ടാക്കാവുന്ന ഒരു കൃഷിയാണിത്. അതുമനസിലാക്കിയ പല കര്‍ഷകക്കൂട്ടായ്മകളും ഇപ്പോള്‍ ചെണ്ടുമല്ലി കൃഷിചെയ്ത് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

    ചെണ്ടുമല്ലി (മാരിഗോൾഡ്) കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിലായാണ് ഇപ്പോള്‍ കൃഷിചെയ്തുവരുന്നത്. ഓണക്കാലത്തും മണ്ഡലകാലത്തും. ഓണത്തിനു വിളവെടുക്കണമെങ്കില്‍ തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യസമയത്ത് വിളവെടുക്കാൻ സാധിക്കൂ. മണ്ഡലകാലത്താണു വിളവെടുക്കേണ്ടതെങ്കില്‍ സെപ്റ്റംബർ അവസാനം വിത്തിടണം. അങ്ങനെയെങ്കില്‍ ഒക്ടോബർ അവസാനം പറിച്ചുനടാനും മണ്ഡലകാലത്തു വിളവെടുക്കാനും കഴിയും.

    വിപണനസാധ്യത

    അലങ്കാരത്തിനും ആഘോഷങ്ങൾക്കും പൂജയ്ക്കും ചെണ്ടുമല്ലി ചെലവാകും. ഒപ്പം, ഭക്ഷണത്തിൽ ചേർക്കുന്ന സ്വാഭാവികനിറം, സുഗന്ധദ്രവ്യങ്ങള്‍ ഇവുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. അത്തരം നിര്‍മ്മാതാക്കളെ കണ്ടെത്താനോ നിര്‍മ്മാണയൂണിറ്റുകള്‍ തുടങ്ങാനോ കര്‍ഷകക്കൂട്ടായ്മകള്‍ ശ്രമിച്ചാല്‍ വരുമാനം കൂട്ടാം.

    കൃഷിസ്ഥലം

    ചെണ്ടുമല്ലിക്ക് പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം. കൃഷിയിടത്തില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്. സുലഭമായി വെള്ളവും വേണം.

    വിത്തുപാകല്‍

    വിത്ത് ട്രേകളില്‍ പാകി തൈകൾ ഉണ്ടാക്കി പറിച്ചു നടുകയാണ് ചെയ്യേണ്ടത്. ഒരു സെന്റിൽ രണ്ട് ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ വിത്ത് ആവശ്യമാണ്. മണ്ണില്ലാത്ത മാധ്യമത്തിലാകണം വിത്ത് നട്ട് തൈ ഉൽപാദിപ്പിക്കാൻ. കൊക്കോ പീറ്റ്, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ പോട്ടിംങ് മിക്സർ തയ്യാറാക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിത്ത് 20 മിനിറ്റ് സ്യൂഡോമോണാസിൽ ഇടുന്നത് നല്ലതാണ്.

    തൈ നടല്‍

    4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് തൈ പറിച്ചു നടാം. മഴക്കാലത്ത് വാരങ്ങൾ കോരിയും, വേനൽക്കാലത്ത് ചാലുകൾ ആയിട്ട് നിലമൊരുക്കിയുമാണ് കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 സെൻറീമീറ്ററും, ഒരു വാരത്തിൽ ചെടികൾ തമ്മിൽ 40 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കണം.

    തൈകൾ പറിച്ചുനടുന്നതിന് മുമ്പ് സ്യൂഡോമോണോസിൽ മുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ മൂലമുള്ള വാട്ടം തടയുകയും ചെയ്യുന്നു.

    പരിപാലനം

    കൃത്യമായ നന ഈ കൃഷിക്ക് ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടി നിൽക്കാനും പാടില്ല. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും തണ്ടുകളിലും മറ്റും തളിക്കണം. എല്ലാ ആഴ്ചയും KAU സമ്പൂർണ മൾട്ടി മിക്സർ 5 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും ഇലകൾക്ക് സുരക്ഷയും നൽകുന്നു. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തൈകളുടെ അഗ്രഭാഗം മുറിച്ചു കളയണം. ധാരാളം ശാഖകൾ ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.

    10 സെന്റിൽ അടിവളമായി 20 കിലോ കുമ്മായം, 750 കിലോ ജൈവവളം, 15 കിലോ യൂറിയ എന്നിവ നൽകണം.

    വിളവെടുക്കല്‍

    തൈനട്ട് 45 ദിവസത്തിനുള്ളിൽ മൊട്ട് ഉണ്ടാകും. മൊട്ട് വിരിഞ്ഞശേഷം ഒന്നരമാസത്തോളം വിളവെടുക്കാൻ സാധിക്കും. ഒരു ചെടിയിൽ നിന്ന് 6 മുതൽ 7 തവണ വരെ വിളവെടുക്കാം. ഒരു ചെടിയിൽ 750 ഗ്രാം മുതൽ ഒരു കിലോ വരെ പൂക്കൾ ലഭിക്കും. നാടൻ ഇനങ്ങൾ ആണെങ്കിൽ ഒരു ചെടിയിൽ നിന്ന് 500 ഗ്രാമാണ് ലഭിക്കുന്നത്.

    മഴയുള്ളപ്പോൾ വിളവെടുക്കാൻ പാടില്ല. വിളവെടുപ്പ് കഴിഞ്ഞ് ഓരോ ആഴ്ചയിലും 5 ഗ്രാം 19:19: 19 ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. ശാസ്ത്രീയ പരിചരണത്തിലൂടെ ഒരു ഏക്കറിൽ നിന്ന് 5 ടൺ മുതൽ 8 ടൺ വരെ കിട്ടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

    ചിലർ തെങ്ങിൻ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും പച്ചക്കറികൾക്കിടയിലും ഇടവിളയായും ചെണ്ടുമല്ലി കൃഷി ചെയ്യാറുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ മാരിഗോൾഡ് കൃഷി ചെയ്യുന്നവരുമുണ്ട് . ഇത്തരം കർഷകർക്ക് കൃഷി വകുപ്പ് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും നൽകാറുണ്ട്. കൃത്യമായ ഇടവേളകളിൽ കളനീക്കം ചെയ്യണം.

    ചെണ്ടുമല്ലിയെ ബാധിക്കുന്ന കീടങ്ങള്‍

    1. മുഞ്ഞ

    കൂട്ടംകൂട്ടമായിരുന്ന് ചെടിയുടെ വളര്‍ന്ന് വരുന്ന അഗ്രഭാഗങ്ങളിലെ നീരൂറ്റിക്കുടിക്കുന്ന കീടമാണ് മുഞ്ഞ. ഇവ ബാധിച്ച ചെടികളുടെ ഉല്‍പ്പാധനക്ഷമത കുറയും.

    വേപ്പ് അടങ്ങിയ കീടനാശിനികള്‍ തളിച്ച് മുഞ്ഞയെ തടയാം.

    2. വണ്ടുകളും തണ്ടുതുരപ്പന്മാരും

    മണ്ണിനോട് ചേര്‍ന്ന ഭാഗത്തുള്ള ഇളംതണ്ടുകളും പുതിയ ഇലകളും ഇവ തിന്നുനശിപ്പിക്കുന്നു.

    ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് ഇവയെ നിയന്ത്രിക്കാം.

    3. മീലിമുട്ട

    ഇലകളിലും തണ്ടുകളിലും കൂട്ടം കൂട്ടമായി പറ്റിപ്പിടിചിരിക്കുന്ന കീടങ്ങളാണ് മീലിമുട്ടകള്‍.

    തേന്‍ പോലുള്ള ദ്രാവകം ഇവ പുറപ്പെടുവിക്കുന്നതു മൂലം ഇലകളില്‍ കറുത്ത നിറത്തിലുള്ള ആവരണം രൂപപ്പെടുന്നു. ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.

    വേപ്പ് അടങ്ങിയ കീടനാശിനികള്‍ മീലിമുട്ടയെ പ്രതിരോധിക്കാനും നല്ലതാണ്.

    5. മണ്ഡരി

    പൂവിടുന്ന വേളയിലാണ് മണ്ഡരിയുടെ ആക്രമണം കൂടുതലായും ഉണ്ടാകുന്നത്. ഇവ ഇലകളില്‍ നിന്ന് നീരൂറ്റിക്കുടിക്കുന്നു. മണ്ഡരിബാധിച്ച ഇലകളുടെ പുറം പൊടിപിടിച്ചതു പോലെ കാണാം. നിറവ്യത്യാസവും ഉണ്ടാകും.

    ചെണ്ടുമല്ലിയെ ബാധിക്കുന്ന രോഗങ്ങള്‍

    മൂടുചീയല്‍

    നീര്‍വാര്‍ച്ച കുറവുള്ള മണ്ണില്‍ ഫൈറ്റോഫ്ത്തോറ എന്ന കുമിള്‍ മൂലമുള്ള മൂടുചീയല്‍ ഉണ്ടാകും.

    4 ഗ്രാം കോപ്പെര്‍ ഓക്സി ക്ളോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ത്താല്‍ മൂടുചീയലിനു പ്രതിവിധിയാകും.

  • മഴക്കാലത്തെ കൃഷിയില്‍ അറിയേണ്ടതെന്തൊക്കെ?

    മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം.

    ചീര
    മഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്‌ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലർത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ.

    വെണ്ട

    കേരളത്തിലെ മഴക്കാലത്തിനു ഏറ്റവും പറ്റിയ പച്ചക്കറിയാണ് വെണ്ട. ജൂൺ–ജൂലൈ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തും ഗ്രോബാഗിലും വിത്തു നടാം. വാരങ്ങളില്‍ ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍മുമ്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താന്‍ ശ്രദ്ധിക്കണം. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. ചെടികൾ വളർന്നു വരുന്നതോടെ എത്ര മഴയുണ്ടായാലും ചെറിയ രീതിയിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മഴയിൽ ഇവ മരവിച്ചതു പോലെയാകും. മഞ്ഞളിപ്പ് രോഗമാണ് വെണ്ട കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കും.ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു ലഭിക്കും.

    മുളക്

    മുളക് മഴക്കാലത്തിനുപറ്റിയ മറ്റൊരു കൃഷിയാണ്. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം.

    വെള്ളം കെട്ടിനിന്നാൽ പഴുത്തു പോകും എന്നതിനാൽ വെള്ളം കെട്ടി നിൽക്കാതെ നല്ലരീതിയിൽ തടം കോരി വേണം മുളക് നടാൻ . മാത്രമല്ല ഇനി വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമാണെങ്കിൽ ആ വെള്ളം ഒഴുക്കി കളയാനുള്ള ഒരു സ്ഥലം കൂടി കണ്ടു വയ്ക്കണം. സാധാരണ കറികളിൽ ഉപയോഗിക്കുന്ന മുളകിന് പുറമെ കാന്താരിയും കൃഷി ചെയ്യാം.

    വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.

    വഴുതന

    മഴക്കാലത്ത് നന്നായി വിളയുന്ന പച്ചക്കറികളിലൊന്നാണ് വഴുതന. കുറഞ്ഞ ചെലവും നല്ല ആദായവുമുള്ളതുമായ ദീർഘകാല വിളയുമാണ്. ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ രണ്ട് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. അധികം പരിചരണവും ആവശ്യമില്ല. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. വിത്തുപാകി പറിച്ചുനടണം. വിത്ത് പാകി 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റി മീറ്ററും ഇടയകലം നല്‍കണം. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. നാടന്‍ വഴുതന ഇനങ്ങളും വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകളും വീടുകളിലും കൃഷി ചെയ്യാം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവയാണു പ്രധാന വളം.

    പാവല്‍

    മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവല്‍ തൈകള്‍ നടേണ്ടത്. പ്രീതി (വെളുപ്പിൽ പച്ചരാശി, നന്നായി മുള്ള്), പ്രിയ (നീളൻ, പതിഞ്ഞ മുള്ള്, കുരു കുറവ്), പ്രിയങ്ക (വെള്ള, കട്ടി കൂടിയത്) എന്നിവയാണു കേരളത്തിൽ പ്രധാനമായും കൃഷിചെയ്‌തുവരുന്നത്. തടമെടുത്തും ചാൽ കീറിയും വിത്തു നടാം. തടങ്ങൾ തമ്മിൽ ആറ് അടി അകലം വേണം. ഒരു തടത്തിൽ 4–5 വിത്തു കുത്താം. തൈ നട്ട് 45ാമത്തെ ദിവസം പൂക്കളുണ്ടാകും. ആദ്യമുണ്ടാകുന്ന പൂക്കള്‍ ആണ്‍പൂക്കളായിരിക്കും. അവ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ജൈവവളമായ ബയോഗ്യാസ് സ്‌ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പ്രധാന വളങ്ങൾ. കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു.

    പയര്‍

    പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ജൂൺ–ജൂലൈ ആണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ.

    കിഴങ്ങുകള്‍

    കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ് എന്നിവയും ഇപ്പോൾ നടാം. ചാലുകീറി അതിൽ ചവറുനിറച്ചു മൂടിയശേഷം കപ്പത്തണ്ട് മുറിച്ചുനടാം. തുറന്ന സ്ഥലങ്ങളിലും വാഴക്കുഴികളിലും കപ്പ നല്ലപോലെ വളരും. ചേനയും ചേമ്പും തെങ്ങിൻ തോട്ടത്തിലും ജാതിത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യാം. ചേനയുടെ ചുവട്ടിൽ ചീരയും കൃഷിചെയ്യാം. കശുമാവും മാവും ഉള്ള ജലസേചന സൗകര്യം കുറ‍ഞ്ഞ പറമ്പുകളിൽ കാച്ചിൽ നടാം. മുള വന്ന കൂർക്ക വിത്ത് ഇപ്പോൾ മണ്ണിൽ പാകിയാൽ കർക്കടകത്തിലെ കറുത്ത പക്ഷത്തിൽ തണ്ടു മുറിച്ചുനടാം. മണൽ കലർന്ന മണ്ണാണ് കൂർക്ക നടാൻ ഉത്തമം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    തടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം.

    വെള്ളം കെട്ടി നിൽക്കാത്തതും സൂര്യ പ്രകാശം കിട്ടുന്നതുമായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.

    പച്ചക്കറി മണ്ണ് കിളച്ചു നടുന്നത് മഴക്കാലത്തിനു പറ്റിയതല്ല. മണ്ണിൽ തടം കോരി വേണം നാടാൻ.

    മണ്ണൊലിപ്പ് തടയാന്‍ തടത്തിനുമുകളിലായി കരിയിലകൾ വാരിയിടണം.

    നിലമൊരുക്കുമ്പോള്‍ത്തന്നെ കുമ്മായം ചേര്‍ത്തിളക്കുക.

    തടത്തില്‍ അടിവളമായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കാം.

    പച്ചചാണകം തടത്തില്‍ നേരിട്ടിടരുത്. ഉണക്കിപ്പൊടിച്ച ചാണകം ഇടുക.

    രോഗപ്രതിരോധമെന്ന നിലയില്‍ സ്യൂഡോമോണസ് പ്രാരംഭത്തിലെ തന്നെ ഉപയോഗിക്കാം.

    സ്യൂഡോമോണസ് വിത്തില്‍ പുരട്ടിയും ചെടികളില്‍ 10 ദിവസത്തിലൊരിക്കല്‍ രണ്ടുശതമാനം വീര്യത്തില്‍ തളിച്ചും ഉപയോഗിക്കാം.

  • ജൂണ്‍മാസത്തേക്കുള്ള വിളപരിപാലന നിര്‍ദ്ദേശങ്ങള്‍

    നെല്ല്
    വിരിപ്പുകൃഷിക്കായുളള ഞാറ് 4-5ഇലപ്രായത്തില്‍ പറിച്ചുനടാം. സ്യൂഡോമോണാസ് കള്‍ച്ചറിന്റെ ലായനിയില്‍ വേര് അരമണിക്കൂര്‍ കുതിര്‍ത്തുനട്ടാല്‍ പിന്നീട് പോളരോഗം, പോളയഴുകല്‍, ഇലപ്പുളളി രോഗങ്ങള്‍ ഇവ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കഴിയും. ഇതിന് ഒരു കി.ഗ്രാം വിത്തിന് 20ഗ്രാം സ്യൂഡോമോണാസ് കള്‍ച്ചര്‍ എന്നകണക്കിന് വെളളത്തില്‍ കലക്കി ലായനി ഉണ്ടാക്കാം.
    നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ ചിനപ്പുപൊട്ടുന്നതു മുതല്‍ അടിക്കണ പ്രായം വരെ പോളകരിച്ചില്‍ രോഗത്തിനുള്ള സാദ്ധ്യതയുണ്ട്. നൈട്രജന്‍ വളങ്ങളുടെ അമിതമായ ഉപയോഗവും, പൊട്ടാഷ് വളങ്ങളുടെ കുറവും ഈ രോഗത്തിന്റെ തീവ്രത കൂട്ടും. നെല്‍ച്ചെടിയുടെ പുറംപോളകളില്‍ പൊള്ളിയതുപോലുള്ള പാടുകള്‍ കാണുന്നതാണ് പ്രാരംഭ ലക്ഷണം. തുടര്‍ന്ന് ഇത് മുകളിലേക്കുവ്യാപിച്ച് നെല്ലോലകള്‍ അഴുകിപ്പോകുന്നതിന് ഇടയാകും. കുമിള്‍ബാധ മൂലമുാകുന്ന ഈ രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി ഒരു കിലോഗ്രാം, 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് ഒരേക്കര്‍ സ്ഥലത്തേയ്ക്ക് വിതറിക്കൊടുക്കുക.
    തെങ്ങ്
    ചെന്നീരൊലിപ്പ്, കൂമ്പു ചീയല്‍ എന്നിവ തെങ്ങിനെ ബാധിക്കുന്ന കുമിള്‍രോഗങ്ങളാണ്. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കണം. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോര്‍ഡോക്കുഴമ്പ് തേയ്ക്കുക. കാറ്റുവീഴ്ച്ച ബാധിച്ച തെങ്ങിന്‍തോട്ടങ്ങളില്‍ കൂമ്പുചീയല്‍രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തിമാറ്റി തീയിട്ടുനശിപ്പിക്കുക. പിന്നീട് ബോര്‍ഡോക്കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്‍ചട്ടികൊണ്ടു മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങോലകളില്‍ തളിച്ചുകൊടുക്കുകയും വേണം. വര്‍ഷത്തില്‍ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനു ശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയുമുള്ള ഇനങ്ങളുടെ തൈകള്‍ നടണം. ഈ രോഗത്തിനു മുന്‍കരുതലായി സുഷിരങ്ങള്‍ ഇട്ട മാങ്കോസെബ് സാഷെ 5 ഗ്രാം/ഒരു പായ്ക്കറ്റില്‍ മൂന്നു വീതം ഒരു തെങ്ങിന്റെ കൂമ്പിനു ചുറ്റും വയ്ക്കുക.
    വാഴ
    മഴക്കാലത്ത് വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ തോട്ടത്തില്‍ ചാലുകള്‍കീറി നീര്‍വാര്‍ച്ചയ്ക്കുള്ള സൗകര്യമുാക്കണം. വാഴത്തോട്ടത്തിലെ കളകള്‍ നീക്കം ചെയ്ത് കട ചെത്തിക്കൂട്ടണം. വാഴകളില്‍ കാണപ്പെടുന്ന ഇലപ്പുള്ളിരോഗം നിയന്ത്രിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സാന്‍ഡോവിറ്റ് എന്ന പശ രണ്ടു മില്ലി ഒരു ലിറ്ററിലേക്ക് എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് തളിക്കണം. മാത്രമല്ല, മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ രണ്ടുവശത്തും വീഴുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അല്ലെങ്കില്‍ സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിയ്ക്കുന്നതും ഈ രോഗം വരാതിരിക്കാനും നിയന്ത്രിക്കാനും നല്ലതാണ്.
    കമുക്
    കമുകിന്‍ തോട്ടത്തിലെ നീര്‍വാര്‍ച്ച ഉറപ്പാക്കണം. കമുകിന്‍ തോപ്പുകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് മഞ്ഞളിപ്പ്. ഇതിന്റെ കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മണ്ണിന്റെ നീര്‍വാര്‍ച്ച. ഇടച്ചാലുകളുടെ ആഴം രണ്ട് അടിയിലും കുറയരുത്. മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറി കൊത്തിച്ചേര്‍ക്കണം. പുളിരസം, വെള്ളക്കെട്ട് എന്നിവ തടയുകയും ചിട്ടയായി വളം ചേര്‍ക്കുകയും ചെയ്താല്‍ ചെടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മഞ്ഞളിപ്പ് കുറയുകയും ചെയ്യും.
    ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍ എന്നിവ കമുകിന്‍ തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്താല്‍ ആദായം കൂടും.
    കുരുമുളക്
    അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയു്. രണ്ട് കിലോ ട്രൈക്കോഡര്‍മ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്കു വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5കിലോ വീതം ഓരോ കുരുമുളകുചെടിക്കു ചുവട്ടിലും ഇട്ടുകൊടുക്കുക.
    പച്ചക്കറി
    തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കിത്തളിക്കുക. രോഗബാധ രൂക്ഷ മായാല്‍ മാങ്കോസെബ് 3 ഗ്രാം അല്ലെങ്കില്‍ സൈമോക്സാനില്‍ 8% + മാങ്കോസെബ് 64% 3ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിത്തളിക്കാം.
    (കടപ്പാട് : കേരള കാര്‍ഷികസര്‍വ്വകലാശാല )

  • ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

    ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് (Read this text in english) ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.

    മീനും ശ് ര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

  • കാന്താരി മുളക് കൃഷി ചെയ്യുന്നതെങ്ങനെയെന്നു പറയാമോ?

    കാന്താരി മുളക് കൃഷി ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്കു ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറുണ്ട്.

    ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്നും പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.

    പച്ചമുളക് വളർന്ന് കിട്ടുന്നതിനേക്കാൾ എളുപ്പം കാന്താരി മുളക് വളർന്ന് കിട്ടും. ചുറ്റുവട്ടങ്ങളിൽ നിന്ന് നല്ല വിത്തുകൾ ശേഖരിക്കുക. സാധാരണ ലഭ്യമായ ചാരം, ചാണകം തുടങ്ങിയ വളങ്ങൾ മാത്രം ഇട്ടു കൊടുത്താൽ തന്നെ നന്നായി വളർന്നു കിട്ടും. ഇനി കാര്യാമായ വളപ്രയോഗം നടത്തിയില്ലെങ്കിൽ തന്നെ കാന്താരി മുളക് നന്നായി ഉണ്ടാവാറുണ്ട്. കാന്താരി മുളക് കൊളെസ്ട്രോൾ കുറയ്ക്കും എന്നറിഞ്ഞതിൽ പിന്നെ ഇത് വിപണിയിൽ താരമാണ്. കാന്താരി വീട്ടിൽ തന്നെ നട്ടു വളർത്തിയാൽ ഉത്തമമാണ്. പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.

  • ഗ്രോബാഗ് നിറയ്ക്കുന്നതെങ്ങനെ?

    2:1:1 എന്ന പ്രൊപ്പോഷനിൽ മണ്ണ്, ചാണകം, ചകിരിച്ചോറ് അല്ലെങ്കിൽ ആറ്റുമണൽ, മിക്സ് ചെയ്യുക. ഇതിൽ ട്രൈക്കോഡെര്മ വിതറി (ചെറിയൊരു നനവിൽ ) മൂന്നാലു ദിവസം ഇടുക. മൂടിയിട്ടാൽ ട്രൈക്കോഡെർമ പെട്ടെന്ന് multiply ചെയ്യും. ട്രൈക്കോഡെര്മ മണ്ണിനെ ശുദ്ധിയാക്കും. ഇങ്ങനെ മിക്സ് ചെയ്ത മണ്ണിലേക്ക് ഒരു grow ബാഗിന് 100gm എല്ലുപൊടി, 100gm വേപ്പിൻപിണ്ണാക്ക് എന്ന കണക്കിൽ 100 ഗ്രോ ബാഗിലേക്കു 10കിലോ വീതം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ് ചെയ്തു നിറക്കുക. നല്ലൊരു പോട്ടിങ് മിക്സ് ഉണ്ടാക്കാൻ മണ്ണ്, ചാണകം, ചകിരിച്ചോറ് (അല്ലെങ്കിൽ ആറ്റുമണൽ ) എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെര്മ എന്നിവയാണ് വേണ്ടത്. ഈ പോട്ടിങ് മിക്സിലേക്കു ചെടി നട്ടുകഴിഞ്ഞാൽ പിന്നെ നെൽവളം ഒരുമാസമെങ്കിലും കഴിഞ്ഞേ ചെയ്യാവൂ. അതും വളരെ കുറഞ്ഞ അളവിൽ.

    പെട്ടെന്ന് കട്ടപിടിക്കുന്ന മണ്ണാണെങ്കിൽ ചകിരിചോറിനൊപ്പം ആറ്റുമണൽ നിർബന്ധമായും ചേർക്കണം. ഒരു കൃഷി കഴിഞ്ഞാൽ പിന്നെ ആ ഗ്രൊ ബാഗിലെ മണ്ണ് വിരിച്ചിട്ടു ഉണക്കണം പിന്നെ അതിനു ശേഷം ആവശ്യത്തിനുള്ള വളം മിക്സ് ചെയ്തു പുതിയ പോട്ടിങ് മിക്സ് ആയി ഉപയോഗിക്കാം. തൈകൾ വളർന്നു തുടങ്ങിക്കഴിഞ്ഞാൽ സ്യൂഡോമോണസും ബിവേറിയയും മാറി മാറി ഉപയോഗിക്കുകയാണെങ്കിൽ ഒരു വിധം കീടങ്ങളെ അകറ്റാം.

  • ചെടികൾക്ക് എന്തിനാണ് കടല (കപ്പലണ്ടി) പിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത്?

    പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?
    ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് നാം മനസിലാക്കിയിരിക്കണം . മാത്റവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പല ചരക്ക് കടയിൽനിന്നും ലഭിക്കുന്നതുമാണ്.

    എന്തിനാണ് പുളിപ്പിക്കുന്നത് ?

    ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .

    എങ്ങിനെ പുളിപ്പിക്കാം?

    കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം
    പിണ്ണാക്ക് പുളിപ്പിച്ചത്
    കപ്പലണ്ടി പിണ്ണാക്ക് -1kg
    ശർക്കര-250g
    ശുദ്ധജലം -25 ലിറ്റർ
    ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )
    ജൈവ സ്ലറി
    കപ്പലണ്ടി പിണ്ണാക്ക് -1kg
    വേപ്പിൻ പിണ്ണാക്ക്-1kg
    പച്ച ചാണകം -1kg
    ശർക്കര-500g
    ശുദ്ധജലം -25ലിറ്റർ
    ഒരു ബക്കറ്റിൽ പിണ്ണാക്ക്, ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുര്ഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത്)

    എന്തിനാണ് തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത്?

    പുളിപ്പിച്ച കടല പിണ്ണാക്ക് കലക്കി ഒഴിക്കുമ്പോൾ ചെടിച്ചുവട്ടില്‍ മട്ടോടുകൂടിതങ്ങി നമ്മൾ വളർത്തിയെടുത്ത അനേകം സൂക്ഷമാണുക്കൾ നശിക്കുന്നതിന് കാരണമാകും മാത്രമല്ല മണ്ണിന്റെ മുകളിലും ഉൾഭാഗങ്ങളിലും ഒരു പാട കെട്ടി നിന്ന് വേരുകൾക്ക് ആവിശ്യമായ വായു സഞ്ചാരം ലഭിക്കാതയും വരും അതുകൊണ്ട് തെളിനീർ ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്

    തെളിനീർഊറ്റി ബാക്കി വരുന്ന ചണ്ടി (മട്ട്) എന്തു ചെയ്യണം.

    തെളിനീർ ഊറ്റി ഒഴിച്ച് ബാക്കി വരുന്ന ചണ്ടി യില്‍ ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ബാക്കിയാകുന്ന മട്ട് വലിയ ചെടികളുടെ ചുവട്ടില്‍ ഒരടിയകലത്തിൽ മണ്ണ് മാറ്റി ഇട്ടു കൈകൊണ്ട് മണ്ണും ചണ്ടിയും നന്നായി ഇളക്കി യോജിപ്പിച്ച് മൂടാം.

    പുളിപ്പിക്കാതെ കടല പിണ്ണാക്ക് ഉപയോഗിച്ച് കൂടെ?

    ഉപയോഗിക്കാം .കടല പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട് മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുക്കാം. ചെടികളുടെ ഇനം വലുപ്പം എന്നിവ അനുസരിച്ച് ഇരുപത് ഗ്രാം മുതൽ അമ്പത് ഗ്രാം വരെ ഒരുതവണ കൊടുക്കാം. പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിക്കൂന്ന അളവ് ചെടിയുടെ ഇനം വലുപ്പം അനുസരിച്ച് ഒരു കപ്പ് മുതൽ അഞ്ചു കപ്പു വരെ ഒഴിക്കാം.

  • എന്താണ് സ്യുഡോമോണസ് ?

    ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ് (Pseudomonas). ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ Pseudomonas വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ സ്യുഡോമോണസിനെ നമുക്ക് പ്രയോജനപ്പെടുത്താം.

    Pseudomonas ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. Pseudomonas ഉപയോഗിക്കുമ്പോള്‍ രാസവളങ്ങളും കീട നാശിനികളും ഒഴിവാക്കണം.

    ഉപയോഗം – വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടത്തിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.

    രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രക്ഷിക്കാം.

    തൈകള്‍ പറിച്ചു നടുമ്പോള്‍ – ഇരുപതു ഗ്രാം Pseudomonas ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും Pseudomonas ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം