Menu Close

വയനാട്ടിലെ വന്യജീവിയാക്രമണം; മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലാപ്രതിനധികളുമായി ചർച്ച

വയനാട്ടിലെ വന്യജീവിയാക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചനടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അത് മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരുടെ യോഗം ഓൺലൈനായി നടത്തി. ഇത്തരം യോഗങ്ങൾ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥർ ചേർന്ന കമാൻഡ് കൺട്രോൾ സെന്റർ ശക്തിപ്പെടുത്തണം. ഇവരുൾപ്പെടുന്ന വാർറൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപനസമിതിയും രൂപീകരിക്കും. ആർആർടികൾ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നൽകാനാകണം. റെഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയർലെസ് സംവിധാനങ്ങൾ, വാട്സാപ് ഗ്രൂപ്പുകൾ എന്നിവ ഇതിനായി ഉപയോഗിക്കണം.
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള നടപടികളായി. വയർലെസ് സെറ്റുകൾ, ഡ്രോണുകൾ എന്നിവ വാങ്ങാനുള്ള അനുമതി നൽകിക്കഴിഞ്ഞു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഒരു സ്‌പെഷ്യൽ ഓഫീസറെ വയനാട് ജില്ലയിൽ നിയമിക്കും. വലിയ വന്യജീവികൾ വരുന്നത് തടയാൻ പുതിയ ഫെൻസിങ്ങ് രീതികൾ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാൻ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കർണ്ണാടക സർക്കാരുമായും കേന്ദ്രസർക്കാരുമായും ആലോചിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകൾ നീക്കം ചെയ്യാൻ ജില്ലാകലക്ടർ എസ്റ്റേറ്റ് ഉടമകൾക്ക് നിർദേശം നൽകണം. വന്യമൃഗങ്ങൾക്കുള്ള തീറ്റ വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസവ്യവസ്ഥ സംരക്ഷിക്കാൻ സെന്ന മരങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനംവകുപ്പ് ആവിഷ്‌ക്കരിക്കണം. ജൈവ മേഖലയിൽ കടക്കുന്ന വാഹനങ്ങൾക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.
ജനവാസമേഖലകളിൽ വന്യജീവി വന്നാൽ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടർക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങൾക്കു രക്ഷ നൽകുകയെന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവൻ നഷ്ടപ്പെടരുത് എന്ന ജാഗ്രതയുണ്ടാകണം. നിലവിലുള്ള ട്രെഞ്ച്, ഫെൻസിങ്ങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കിൽ ഉടൻ ചെയ്യണം. ഫെൻസിങ്ങ് ഉള്ള ഏരിയകളിൽ അവ നിരീക്ഷിക്കാൻ വാർഡ് മെമ്പർമാർ ഉൾപ്പെടുന്ന പ്രാദേശിക സമിതികൾ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം വർധിക്കുന്നത് നിയന്ത്രിക്കാൻ നടപടികൾ ആലോചിക്കണം. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയെ വനം വകുപ്പിൽ തന്നെ നിലനിർത്താനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗാക്രമണം മൂലം സ്വകാര്യാശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർക്കുള്ള സഹായം ആലോചിക്കും. റിസോർട്ടുകൾ വന്യമൃഗങ്ങളെ ആകർഷിച്ചു കൊണ്ടുവരാൻ പാടില്ല. അത്തരക്കാർക്കെതിരെ നടപടിയെക്കാൻ കലക്ടർക്ക് നിർദേശം നൽകി. രാത്രികളിൽ വനമേഖലയിലെ റിസോർട്ടുകളിൽ നടക്കുന്ന ഡിജെ പാർട്ടികൾ നിയന്ത്രിക്കണം. അതിർത്തിമേഖലകളിൽ ഉൾപ്പെടെ രാത്രിയിൽ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവികവനവൽക്കണം നടത്തണം. തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ വനവൽക്കരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാജൻ, എം എൽ എമാരായ ഒ ആർ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനംവകുപ്പ് മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലിസ്മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി പുകഴേന്തി, ജില്ലാകലക്ടർ രേണുരാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ്ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.