Menu Close

ഫിലിപ്പൈന്‍സ് മാതൃക, നിപ്പയുടെ ഭീഷണി, കോള്‍നിലങ്ങള്‍ക്കായി റൈസ്മില്‍…മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കര്‍ഷകരുടെ സജീവപങ്കാളിത്തം

കേരളത്തിലെ കാര്‍ഷികമേഖല കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും കൊണ്ട് അര്‍ത്ഥവത്തായ കൂടിച്ചേരലായി ആലപ്പുഴയില്‍ നടന്ന, കര്‍ഷകരും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം. നമ്മുടെ കാർഷിക മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി മുഖാമുഖം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന്, വിവിധതരം മേഖലകളിലെ കർഷകരും കർഷകപ്രതിനിധികളും അവരുടെ പ്രതീക്ഷകളും ആശങ്കകളും ആശയങ്ങളും മുന്നോട്ടുവച്ചു. നവകേരള സദസ്സിന്റെ തുടർച്ചയായി വിവിധ മേഖലകളിലെ ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖത്തിന്റെ ഭാഗമായാണ് പത്താമത്തെ പരിപാടിയായി കാർഷിക മുഖാമുഖം സംഘടിപ്പിച്ചത്.
വിവിധ കാർഷികമേഖലയിൽ നിന്നായി 2500 ഓളം പേർ പങ്കെടുത്തു. 56 കർഷകർ ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു. അവയില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുന്നു.

ഡോ. മധുര സ്വാമിനാഥൻ
(കാർഷിക വിദഗ്ധ: ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ നായകന്‍ ഡോ.എം.എസ്.സ്വാമിനാഥന്റെ മകള്‍)
ഫിലിപ്പൈന്‍സ് മാതൃക നമുക്കും അനുയോജ്യം
കാലാവസ്ഥാവ്യതിയാനം നമ്മുടെ കാർഷികമേഖലയിൽ വലിയ പ്രതിസന്ധി തീർത്തിട്ടുണ്ട്. ഉയർന്ന താപനിലയും പ്രളയവും വെള്ളപ്പൊക്കവും ജലക്ഷാമവും നാം നേരിടുന്ന പ്രതിസന്ധികളാണ്. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വീണ്ടെടുക്കാൻ നമുക്കു കഴിയണം. അതിന് കൃഷിയിടങ്ങളിൽ ജൈവസാങ്കേതികവിദ്യ ഉള്‍പ്പെടെ സാധ്യമായ എല്ലാ ആധുനിക സാങ്കേതികപരിജ്ഞാനങ്ങളും ഉപയോഗിക്കണം. വിദേശ രാജ്യമായ ഫിലിപ്പൈൻസിൽ നടപ്പാക്കിയ കാർഷികരീതി നമുക്കും സ്വീകരിക്കാം. കാർഷികമേഖലയുടെ വീണ്ടെടുപ്പിന് ഇത്തരമൊരു ജനാധിപത്യപരമായ മാർഗം സ്വീകരിച്ച കേരളസർക്കാരിനെ അഭിനന്ദിക്കുന്നു.

ജോപ്പുജോൺ
(മാംഗോസ്റ്റിൻ/ റംമ്പൂട്ടാൻ കർഷകൻ, മലപ്പുറം)

വിദേശപഴങ്ങളുടെ കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധി
മാംഗോസ്റ്റിൻ മാമ്പഴത്തിന്റെയും റംമ്പുട്ടാൻ്റെയും വിളവെടുപ്പ് നടക്കുന്നത് സാധാരണയായി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. അതേസമയം ഈ മാസങ്ങളിലാണ് നിപ്പ ഉൾപ്പടെയുള്ള പകർച്ചവ്യാധികളുടെയും കാലം. ഇത് നമ്മുടെ വിദേശപഴങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നു. പലപ്പോഴും നമ്മുടെ ഉല്പന്നങ്ങള്‍ നിരോധിക്കപ്പെടുന്നു. ഈ പ്രശ്നം പഠിച്ച് ഉചിതമായ പരിഹാരം കണ്ടെത്തിയാല്‍ കർഷകർക്കും കയറ്റുമതിക്കാർക്കും സഹായമാകും.

ശ്രീകുമാർ ഉണ്ണിത്താൻ
(കർഷകന്‍, ആലപ്പുഴ)
വിവിധവകുപ്പുകളുടെ ഏകോപനം പ്രധാനം
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കാൻ പ്രത്യേകനിധി പദ്ധതി നടപ്പാക്കണം. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ ജലസേചനവകുപ്പടക്കം എല്ലാവകുപ്പുകളും ചേർന്ന് ഏകോപനസമിതി ഉണ്ടാകണം. വളത്തിനും മറ്റും വിലവർധിച്ചതോടെ കൃഷിച്ചെലവും വർധിച്ചിട്ടുണ്ട്. നെൽകൃഷിമേഖലയിൽ കൂടുതൽ യന്ത്രവൽക്കരണം നടപ്പാക്കണം. നീർച്ചാലുകളുടെ നവീകരണത്തിന് ജില്ലാതലത്തിൽ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം.

ഫാ. ജോസ് കുര്യൻ
(എറണാകുളം)
മത്സ്യക്കൃഷിക്ക് സമഗ്രമായ പദ്ധതി വേണം.
ഉൾനാടൻ മത്സ്യമേഖലയിൽ മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. ഇതുവഴി തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാൻ കഴിയും. ഇതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കണം. ആന്ധ്രപ്രദേശ് സർക്കാർ മത്സ്യക്കൃഷിക്ക് വൈദ്യുതി സബ്സിഡി നൽകുന്നുണ്ട്. അ ഇത്തരത്തിൽ ഉൾനാടൻ മത്സ്യമേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ തയാറാക്കിയാൽ അതുപോലുള്ള സഹായങ്ങള്‍ ഇവിടെയും ഉണ്ടാകണം. അങ്ങനെയെങ്കില്‍ മത്സ്യോൽപ്പാദനവും അതുവഴി കയറ്റുമതിയും വർധിക്കും.

പവനൻ
(കോൾനില കർഷകൻ, തൃശൂർ)
തൃശൂരില്‍ റൈസ് മില്‍ വരണം
നെല്ലുസംഭരണം കാര്യക്ഷമമാണങ്കിലും തൃശൂർ അടക്കമുള്ള കോൾനില കൃഷിയിടങ്ങളിൽ ചില പോരായ്മകളുണ്ട്. ഇതിനു പരിഹാരമായി തൃശൂരിൽ ഒരു റൈസ്മിൽ സ്ഥാപിച്ചാൽ കോൾനിലകർഷകർക്ക് ആശ്വാസമാകും. കോൾനിലങ്ങൾ കേന്ദ്രീകരിച്ച് പരിസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള ടൂറിസംപദ്ധതികളുടെ സാധ്യതയും തേടണം. ഇത്തരം നിലങ്ങളിലെ മോട്ടോറുകളുടെ പ്രവർത്തനത്തിന് സൗരോർജം ഉപയോഗിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കുന്നത് കർഷകർക്ക് സഹായകരമാകും. ഒപ്പം ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം നടത്താൻ കഴിയുമോയെന്നും പരിശോധിക്കണം.

സാബു
(പൂക്കർഷകൻ, വയനാട്)
പൂക്കൃഷിയില്‍ ടിഷ്യുകൾച്ചർ സംവിധാനം ഉണ്ടാകണം
പൂക്കൃഷിമേഖലയിൽ വിത്തുകളുടെയും തൈകളുടെയും ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ ടിഷ്യുകൾച്ചർ സംവിധാനം ആരംഭിക്കണം. ബ്ലോക്ക് – പഞ്ചായത്ത് തലത്തിൽ യൂണിറ്റുകൾ ആരംഭിച്ച് സബ്സിഡി നിരക്കിൽ പൂക്കൃഷിക്ക് ആവശ്യമായ വിത്തുകളും തൈകളും ലഭ്യമാക്കുകയാണെങ്കിൽ ഈ മേഖലയില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകും.

ജോസുകുട്ടി
(റബർ കർഷകൻ, കോട്ടയം)
റബ്ബറിറക്കുമതി നിരുത്സാഹപ്പെടുത്താന്‍ കഴിയുമോ?
റബറിന്റെ താങ്ങുവില 250 രൂപയിൽനിന്ന് 280 ആയി ഉയർത്താൻ കഴിയുമോ എന്നു പരിശോധിക്കണം. രാജ്യത്തുൽപ്പാദിപ്പിക്കുന്ന റബറിന്റെ 65 ശതമാനവും കേരളത്തിൽനിന്നാണ്. റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ഫാക്ടറികൾ തുടങ്ങിയാൽ റബർകർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഒരുപരിധിവരെ സഹായമാകും. വിദേശത്തുനിന്നുള്ള റബർ ഇറക്കുമതിയും മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറക്കുമതിപ്രശ്നത്തിനും പരിഹാരമായാൽ ഈമേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.