Menu Close

കേരളകര്‍ഷകനു വിലകൂടി

കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരളകര്‍ഷകന്‍ മാസികയുടെ ഒറ്റപ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില്‍ നിന്ന് 200 രൂപയായും രണ്ടുവര്‍ഷത്തേക്ക് 400 രൂപയായും 15 വര്‍ഷത്തേക്ക് 2000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് 2023 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. കൃഷിഭവനുകളില്‍ പഴയനിരക്കില്‍ സ്വീകരിച്ച വരിസംഖ്യ 2023 ആഗസ്റ്റ് 15-നുള്ളില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് കൈമാറി സബ്സ്ക്രിപ്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചിട്ടുണ്ട്.

ആഗസ്റ്റ് 15 വരെ ലഭിക്കുന്ന വരിസംഖ്യകളില്‍ വിലവര്‍ദ്ധന ബാധകമല്ലെന്നും അറിയിപ്പുണ്ട്. നിലവിലെ വരിക്കാര്‍ക്കും അവരുടെ കാലാവധി കഴിയുംവരെ പഴയ വിലക്കുതന്നെ മാസിക ലഭിക്കുന്നതാണ്. ഒരു പ്രതിയുടെ വില 10 രൂപ എന്നത് അച്ചടിച്ചെലവുകള്‍ പലമടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒട്ടും പര്യാപ്തമല്ലാതെ വന്നതുകൊണ്ടാണ് വില കൂട്ടേണ്ടിവന്നതെന്ന് മാസികാപ്രവര്‍ത്തകര്‍ പറയുന്നു. മള്‍ട്ടികളറില്‍ മനോഹരമായാണ് ഇപ്പോള്‍ കേരളകര്‍ഷകന്‍ മാസിക പുറത്തിറങ്ങുന്നത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള കൃഷിമാസികയും കേരളകര്‍ഷകന്‍ ആണ്.