Menu Close

വിളവെടുക്കാറായ ഏത്തവാഴകള്‍ വെട്ടിയിട്ടത് നീതീകരിക്കാനാകാത്ത ക്രൂരത: കേരളം കര്‍ഷകനൊപ്പം

ഓണത്തിന്‌ വിളവെടുക്കാനായി എറണാകുളം ജില്ലയിലെ വാരപ്പെട്ടിയിൽ ഇളങ്ങവം കാവുംപുറത്ത് തോമസ് എന്ന കര്‍ഷകന്‍ നട്ടുവളര്‍ത്തിയ നാനൂറിലേറെ നേന്ത്രവാഴകൾ കെഎസ്‌ഇബി പ്രസരണവിഭാഗം ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് കാണുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഈ പ്രവൃത്തിയെ ക്രൂരതയെന്നാണ് വിശേഷിപ്പിച്ചത്. കലക്‌ടർ എൻ എസ് കെ ഉമേഷ് കോതമംഗലം താലൂക്ക് തഹസിൽദാരോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടി. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന കുലച്ച വാഴകളാണ്‌ കെഎസ്‌ഇബിക്കാർ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്.
മുൻകൂട്ടി ഒരറിയിപ്പുപോലുമില്ലാതെയാണ് വാഴ വെട്ടിയതെന്നാണ് തോമസ് പറയുന്നത്. ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞ വിവരം താന്‍ അറിയുന്നത്. സ്വര്‍ണം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ കണ്ടെത്തിയാണ് കൃഷിയാവശ്യത്തിനായി ഈയിടെ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചത്. 22 രൂപ നിരക്കില്‍ അങ്കമാലിയില്‍ നിന്നു വാങ്ങിയ ആയിരത്തോളം സ്വര്‍ണമുഖി ഇനം വാഴ തൈകളാണ് കൃഷി ചെയ്‌തതെന്നും തോമസ്‌ പറഞ്ഞു.
എന്നാൽ, ടവർ ലൈനിന്റെ അടിയിൽ ഇത്തരം കൃഷി നടത്താൻ അനുവാദമില്ലെന്നും ഇത് ലൈനിലേക്കുപടർന്ന്‌ പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടിന് സാധ്യതയുള്ളതിനാലാണ്‌ വാഴകൾ വെട്ടിയതെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
കൃഷി വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണ്. ഹൈടെൻഷർ ലൈനിനു കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാപ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേതന്നെ KSEB ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അധ്വാനത്തെ നശിപ്പിച്ചത് അംഗീകരിക്കാനാവില്ല. തോമസിന്റെ മകൻ അനീഷുമായി താന്‍ സംസാരിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഓണ വിപണിയിലെത്തേണ്ടിയിരുന്ന 406 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബം. വാഴക്കൈകൾ വെട്ടി അപകട സാധ്യതകൾ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കർഷക കുടുംബത്തിനുള്ളത്. ബഹു. വൈദ്യുതിവകുപ്പ് മന്ത്രിയുമായും സംസാരിച്ചു. ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുമെന്നും മന്ത്രിയുടെ കുറിപ്പിലുണ്ട്.