Menu Close

വാതംവരട്ടിയുടെ ഔഷധഗുണം വേര്‍തിരിച്ചതിന് കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് പേറ്റന്റ്

കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന ചെടിയാണ് വാതംവരട്ടി (Artanema sesamoides). അസ്ഥികളിലും പേശികളിലുമുണ്ടാകുന്ന നീരുവീക്കത്തിന് നമ്മള്‍ പരമ്പരാഗതമായി നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗിക്കുന്ന ഔഷധസസ്യമാണിത്. വാതംവരട്ടിയുടെ വേരുകളും ഇലകളും വിത്തുകളും ഔഷധമായി ഉപയോഗിക്കുമെങ്കിലും ശാസ്ത്രീയമായി ഇവയുടെ ഔഷധമൂല്യം തെളിയിക്കുകയോ രോഗശമനത്തിന് കാരണമായ ഘടകങ്ങള്‍ പഠനവിധേയമാക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍, വാതംവകട്ടിയില്‍നിന്ന് ഉയർന്ന ഔഷധമൂല്യമുള്ള രാസസംയുക്തങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കേരള കാർഷിക സർവ്വകലാശാലയ്ക്ക് ഇൻഡ്യൻ പേറ്റന്റ് ലഭിച്ചിരിക്കുന്നു. ഫിനൈൽപ്രോപ്പനോയിഡ് (phenylpropanoid glycosides) വിഭാഗത്തിൽപ്പെടുന്ന രാസസംയുക്തങ്ങളാണ് വാതംവരട്ടിയില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുള്ളത്. ആക്റ്റിയോസൈഡ് (Acteoside), അർട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങൾ ശുദ്ധമായ സംയുക്തങ്ങളായി വേർതിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് അംഗീകാരം ലഭിച്ചത്. ഉയർന്ന നിരോക്സീകരണശേഷിയും നീരുനിയന്ത്രണശേഷിയും അണുബാധ നിയന്ത്രണ ശേഷിയുമുള്ളവയാണ് ഈ ജൈവ രാസ സംയുക്തങ്ങൾ. ഇതിൽ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുകയും നീര് നിയന്ത്രിക്കുകയും കാൻസർ കോശങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് മുൻശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആക്റ്റിയോസൈഡ് ഉൾപ്പെടെയുള്ള ഫെനൈലെത്തനോയിഡ് ഗ്ലൈക്കോസൈഡുകൾ ന്യൂറോട്രോപിന്റെ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    പേറ്റന്റിനു ആധാരമായ പഠനങ്ങൾ വഴി വാതംവരട്ടിയുടെ ഔഷധമൂല്യം സ്ഥിരീകരിക്കുവാനും ഇതിലെ പ്രധാനമായ രാസഘടകങ്ങളുടെ അളവ് നിർണയിക്കുവാനും ഗവേഷണത്തിനു കഴിഞ്ഞു. ഒപ്പം, ഇവ വേർതിരിച്ചെടുക്കാനുള്ള രീതികൾ വികസിപ്പിക്കുകയും ഇങ്ങനെ വേർതിരിച്ചെടുത്ത സംയുക്തങ്ങളുടെ പ്രവർത്തനരീതി ഫാർമക്കോളജിക്കൽ പഠനങ്ങൾ വഴി  സ്ഥിരീകരിക്കുകയും ചെയ്തു. ഇലയിൽനിന്നും വേരിൽനിന്നും ഈ രാസഘടകങ്ങൾ വേർതിരിക്കുവാൻ വികസിപ്പിച്ചെടുത്ത രീതികൾ വ്യത്യസ്തമാണ്. ഈ രണ്ടു ഘടകങ്ങളും സ്റ്റഫിലോകോക്കസ് ഓറിയസ്, ക്ലെബ്സിയെല്ല ന്യുമോണിയ, ഇ-കോളി തുടങ്ങിയ  രോഗകാരികളായ ബാക്ടീരിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ളതുമാണെന്ന്  ഇതോടനുബന്ധിച്ചുനടന്ന പഠനങ്ങളിൽ  തെളിഞ്ഞിട്ടുണ്ട്.   
    ഗവേഷണത്തില്‍ വേര്‍തിരിച്ച രണ്ടു രാസസംയുക്തങ്ങളും ഒറ്റയ്ക്കൊറ്റക്കോ മിശ്രിതമായോ മറ്റു വ്യത്യസ്ത പ്രവർത്തനരീതികളുള്ള ജൈവസംയുക്തങ്ങളുമായി ചേർത്തോ ചികിത്സാമേഖലയിൽ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, നീരിനും മുറിവിനും നിലവിൽ തെളിയിക്കപ്പെട്ടിട്ടുള്ള ഔഷധപ്രയോഗത്തിനായും ഇവ പ്രയോജനപ്പെടുത്താനാകും.
    കേരളസർക്കാരിന്റെ സാമ്പത്തികസഹായത്തോടെ,  കേരള കാർഷിക സർവ്വകലാശാലയുടെ കീഴില്‍ ഓടക്കാലിയിലുള്ള സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലാണ്  ഇതുസംബന്ധിച്ച ഗവേഷണം മുഖ്യമായും നടന്നത്. ഡോ. ആൻസി ജോസഫ്, ഡോ. സാമുവേൽ മാത്യു, ഡോ. എ.എം ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.