Menu Close

വരള്‍ച്ച ബാധിക്കാതിരിക്കാന്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. അവ ഏതൊക്കെ?

കാലാവസ്ഥാവ്യതിയാനം ലോകത്തെമ്പാടും അതിരൂക്ഷമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ബാംഗളുരുവില്‍ ജലക്ഷാമം, ഒമാനിലും UAE യിലും പെരുമഴയും വെള്ളപ്പൊക്കവും, കേരളത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗം, കാടിറങ്ങിവരുന്ന വനജീവികൾ.. ഇതൊക്കെ തകിടംമറിഞ്ഞ കാലാവസ്ഥയുടെ അനന്തരഫലങ്ങളാണ്.
ഒരു ദുരന്തം വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ ദുരന്തപ്രതിരോധതയ്യാറെടുപ്പ് (Disaster Preparedness) എന്നും ദുരന്തംവന്നാൽ അതിന്റെ ആഘാതം കുറക്കാനുള്ള നടപടികളെ ദുരന്തലഘൂകരണം (Disaster Mitigation ) എന്നും പറയാം. കാലാവസ്ഥാവ്യതിയാനത്തില്‍ ഇവ രണ്ടും ശരിയായ ഭൂവിനിയോഗം, ജലസംരക്ഷണം, ഗൃഹനിർമ്മാണം, കൃഷി -മൃഗ സംരക്ഷണം എന്നിവ സർവ്വതലസ്പർശിയായും പൊതുജനപങ്കാളിത്തത്തോടെയും നടപ്പാക്കാനാകും. അതിനു കഴിത്തതാണ് നമ്മുടെ സംവിധാനങ്ങളുടെ പോരായ്മ.
തീപ്പിടുത്തം വരാതെനോക്കുന്നതിനുപകരം തീപിടിക്കാൻ അറിഞ്ഞോ അറിയാതെയോ സൗകര്യമൊരുക്കി, പിന്നെ ഫയർ & റെസ്ക്യൂ സേവകരെ വിളിക്കാൻ നെട്ടോട്ടമോടുന്നതാണ് നമ്മുടെ പഴക്കം. കാർഷികമേഖലയിൽ, ഒരു വരൾച്ച ഏറ്റവുംകൂടുതൽ ബാധിയ്ക്കുക നാണ്യവിളകളെയാണ്. ചൂടുകൂടുക എന്നുപറഞ്ഞാൽ അന്തരീക്ഷ ഊഷ്മാവ് (Atmospheric Temperature) മാത്രമല്ല കൂടുന്നത്, മണ്ണിന്റെ ചൂടും (soil temperature) കൂടും. അതേസമയം, മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഗണ്യമായ അളവിൽ കുറയും. മണ്ണിലടങ്ങിയിരിക്കുന്ന കാര്‍ബണ്‍ (SOC: Soil Organic Carbon) അതിവേഗത്തിൽ വിഘടിക്കും. ഓക്സിഡേഷനിലൂടെ കൂടുതല്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടും. ഫലത്തിൽ ചൂട് പിന്നെയും കൂടും.
കുരുമുളക്, തെങ്ങ്, ജാതി, കാപ്പി, കവുങ്ങ്, കൊക്കോ എന്നീ വിളകളെയൊക്കെ ദീർഘകാലാടിസ്ഥാനത്തിൽ ഇതു ബാധിയ്ക്കും. GDP യിൽ കാർഷികമേഖലയുടെ സംഭാവന വീണ്ടും കുറയും. പച്ചക്കറികൾ പോലെയുള്ള ഹൃസ്വകാലവിളകളുടെയും നേന്ത്രൻ പോലെ വെള്ളം കൂടുതൽ ആവശ്യമുള്ള വാഴയിനങ്ങളുടെയും കാര്യം പറയാനുമില്ല.
തെങ്ങിന്റെ കാര്യം അങ്ങനെയെങ്കിൽ പാവലിന്റെ കാര്യം പറയണോ? “അർത്ഥാപത്തിയതോ പിന്നെ ചൊല്ലാനില്ലെന്നയുക്തിയാം” എന്ന് വയ്യാകരണന്മാർ പറഞ്ഞിട്ടുണ്ടല്ലോ.
കാർഷികമേഖലയിൽ വരള്‍ച്ചാപ്രതിരോധതയ്യാറെടുപ്പി (Drought Preparedness)ന്റെ ഭാഗമായി എന്തൊക്കെ സജ്ജീകരണങ്ങളാവാം?

  1. ‘സമ്പത്തുകാലത്ത് തൈ പത്തുവച്ചാൽ.. ‘ എന്ന പഴമൊഴി ജലസംരക്ഷണത്തിൽ പാലിക്കാൻ നമുക്കുകഴിയണം. അത് കർഷകരുടെ മാത്രം ബാധ്യതയല്ല. മഴക്കാലത്ത് പെയ്യുന്ന വെള്ളം എത്ര കണ്ട് മണ്ണിലേക്കിറക്കാമോ അത്ര കണ്ട് നല്ലത്. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ഇതുചെയ്യണം.
  2. തുലാവർഷമഴ മുഴുവൻ മേൽമണ്ണിൽ സംരക്ഷിക്കണം. കാലവർഷം മണ്ണിനടിയിലും. തുലാവർഷാന്ത്യത്തോടെ ചെടിത്തടങ്ങളിൽ മുഴുവൻ പുതയിടണം, കിള നടത്തി മണ്ണിലെ ക്യാപ്പിലറികൾ(capillaries) മുറിക്കണം. മണ്ണ് കൂനകൂട്ടി അതിൽ വെള്ളം സംഭരിക്കണം. തെങ്ങിൻ തടങ്ങളിൽ തൊണ്ട് അടുക്കണം. കൊടിത്തടങ്ങൾ കരിയില കൊണ്ട് പുതയ്ക്കണം.
  3. പുരപ്പുറത്തുവീഴുന്ന വെള്ളം കിണറ്റിലേക്കോ, കിണറിനുസമീപത്തേയ്ക്കോ ഇറക്കി കിണര്‍ റീചാർജുചെയ്യണം. ഒരു സെന്റ് സ്ഥലത്ത് ഒരു വർഷം ഏതാണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ വെള്ളം വീഴുന്നുണ്ട്. ഒരു 500 ലിറ്റർ ടാങ്ക് 240 തവണ നിറയ്ക്കുന്നതിന് തുല്യമായ അളവിലുള്ള വെള്ളം.
  4. കരിയിലകൾ ഒരു കാരണവശാലും കത്തിക്കരുത്.
  5. കളകൾ വെട്ടിയൊതുക്കി മണ്ണിൽ പുതയായി കൊടുക്കണം.
  6. കുമ്മായം, സിലിക്ക പോലുള്ള വസ്തുക്കൾ കൊടുത്ത് ചെടികളുടെ കോശഭിത്തികള്‍ ബലപ്പിക്കണം.
  7. Magnesium, Potassium, Calcium എന്നീ മൂലകങ്ങൾ സന്തുലിതമായി നൽകണം.
  8. തോട്ടവിളകൾക്ക് തുള്ളിനനയും അടുക്കളതോട്ടങ്ങളിൽ തുള്ളി /തിരിനനയോ അനുവർത്തിക്കണം.
  9. ചട്ടികളിൽ കൃഷിചെയ്യുമ്പോൾ, പച്ചക്കറിത്തടങ്ങളിൽ Hydrogel പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കണം. അവ മേൽമണ്ണിനെ ജലപൂരിതമാക്കി നിർത്തും
  10. VAM പോലെയുള്ള ജീവാണുവളങ്ങൾ വേരുകൾക്ക്‌ കൂടുതൽ വെള്ളം വലിച്ചെടുക്കാൻ ശേഷി നൽകും.
  11. PGPR, ജീവാണുവളങ്ങൾ എന്നിവ ചേർക്കുന്നത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം ഉയർന്നുനിൽക്കാൻ സഹായിക്കും.
  12. ഇലകളിൽനിന്നുള്ള ജലനഷ്ടം കുറയ്ക്കുന്ന Anti transpirants തളിച്ചുകൊടുക്കണം. Abscissic Acid, PMA എന്നിവ അതിനായുപയോഗിക്കാം.
  13. മണ്ണിൽക്കൊടുക്കേണ്ട വളങ്ങൾ ഇലകളിൽ തളിച്ചുകൊടുക്കണം (Foliar nutrition).
  14. ജൈവവേലികൾ നിർമ്മിക്കുകയും അവയിൽനിന്നുള്ള പച്ചിലകൾ പുതയിടാൻ ഉപയോഗിക്കുകയും ചെയ്യണം.
  15. PPFM (Pink Pigmented Facultative Methylotrophs) പോലെയുള്ള ജീവാണുവളകൂട്ടുകൾ ഇലകളിൽ തളിച്ചുകൊടുക്കണം. (ഇതിന്റെ ഉത്പാദനം കാർഷികസർവകലാശാല, ICAR ഗവേഷണകേന്ദ്രങ്ങൾ എന്നിവർ നടത്തണം.)
  16. ജീവാമൃതം പോലെയുള്ള ദ്രാവകങ്ങൾ മണ്ണിൽച്ചേർത്ത് ജൈവസമ്പത്ത് നിലനിർത്തണം.
  17. വായ്പയെടുത്തായാലും ജലസേചനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
  18. ഇടവിളക്കൃഷികൾ, പ്രത്യേകിച്ചും കിഴങ്ങുവർഗവിളകൾ നിർബന്ധമായും ചെയ്യണം. അവ വരൾച്ചയെ ചെറുക്കാൻ കഴിവുള്ളവയാണ്.
  19. കാര്‍ഷികവനവല്‍ക്കരണ (Agro -Silviculture) രീതികൾ അനുവർത്തിക്കണം.
  20. കടുത്ത ജലക്ഷാമം പ്രതീക്ഷിക്കുന്നുവെങ്കിൽ കളകളെ വളരാൻ അനുവദിച്ച് അവ പൂക്കുന്നതിനുമുമ്പ് വെട്ടിയിട്ടുകൊടുക്കണം
  21. PMKSY പോലുള്ള സര്‍ക്കാര്‍പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇങ്ങനെ, കാലാവസ്ഥയക്ക് അനുകൂലമായതും കാര്‍ബണ്‍വികിരണമൊഴിവാക്കുന്നതുമായ (Climate Resilient & Carbon Neutral) ഒരുപിടി കാര്യങ്ങൾ ചെയ്യണം. ദുരന്തങ്ങള്‍ വരാതെ നോക്കുന്നതാണ് വന്നുകഴിഞ്ഞ് നേരിടുന്നതിനേക്കാള്‍ ഉത്തമം (Prevention is the cure) എന്നു മനസ്സിലാക്കണം. തീയളയ്ക്കാന്‍ വാഴവെട്ടുന്നതിനേക്കാള്‍ നല്ലതല്ലേ തീപിടിക്കാതെനോക്കുന്നത്. 'തീയുംകത്തി വാഴയുംപോയി' എന്ന അവസ്ഥയിലാണിപ്പോള്‍ നമ്മുടെ ദുരന്തനിവാരണരീതികള്‍. വരുന്ന മഴക്കാലത്തെങ്കിലും മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ ശരിയായി, അതിന്റെ അകംപൊരുൾ മനസ്സിലാക്കി ചെയ്യാൻ നമുക്കു കഴിയുമാറാകട്ടെ. അതൊരു സംസ്കാരമായി നമ്മള്‍ ഉള്‍ക്കൊള്ളണം. മുമ്പൊരിക്കൽ ഞാനെഴുതിയപോലെ, ജലസംരക്ഷണപ്രവർത്തനങ്ങൾ ശരിയായിച്ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും തോട്ടങ്ങൾക്കും സർക്കാർ പ്രോത്സാഹനസഹായം (Green Incentive) നല്‍കണം. പാലിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് പിഴ (Green Penalties) നടപ്പിലാക്കണം. ഈ രാജ്യം ദൈവത്തിന്റെ സ്വന്തം നാടായി നിലനില്‍ക്കേണ്ടത് ദൈവത്തിന്റെ ആവശ്യമല്ല, നമ്മുടെ അത്യാവശ്യമാണ്. അതു ചെയ്യാന്‍ നമ്മളല്ലെങ്കില്‍ പിന്നാരുവരും?