Menu Close

ചക്കയെക്കുറിച്ച് സെമിനാറും പ്രദര്‍ശനവും

ചക്കയുടെ ജൈവ വൈവിധ്യം സംബന്ധിച്ച് കേരള കാർഷികസർവ്വകലാശാല വാഴഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറും പ്രദർശനവും സർവ്വകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുരയിടത്തോട്ടങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിച്ച കാബ്കോ (KABCO) എന്ന കാർഷിക മൂല്യവർധിതോൽപന്നങ്ങൾക്കായുള്ള കമ്പനി ചക്കയിൽനിന്ന് മൂല്യവർദ്ധിതോൽപ്പന്നങ്ങളുണ്ടാക്കുന്നവർക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല ഗവേഷണവിഭാഗം മേധാവി ഡോ.മധു സുബ്രമഹ്ണ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഐ എച്.ആർ. ബംഗളുരു ഡയറക്ടറും ഐ.സി.എ.ആർ- എ.ഐ.സി.ആർ.പി പ്രൊജക്റ്റ് കോ ഓർഡിനേറ്ററുമായ ഡോ.പ്രകാശ് പാട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളത്തിലെ പ്രമുഖ ചക്കക്കർഷകനും കർഷകോത്തമ, കർഷകശ്രീ അവാർഡ് ജേതാവുമായ ശ്രീ.അനീഷ് പി.ബി യെ ചടങ്ങിൽ ആദരിച്ചു. ഡോ.വിമി ലൂയിസ്, ഡോ.ശ്രീവൽജൻ ജെ മേനോൻ, ഡോ.സുനിൽ വി.ജി, ശ്രീമതി.സത്യാ വർമ്മ , ഡോ.ഗവാസ് രാഗേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജൈവവൈവിധ്യസംരക്ഷണത്തിന്റ പ്രാധാന്യം, ചക്കയിൽനിന്നുള്ള മൂല്യവർദ്ധിതോൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ പഠനക്ലാസ് നടന്നു. വിവിധയിനം ചക്കകളുടെയും ചക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെയും പ്രദർശനവും നടത്തി.