Menu Close

A1 – A2 പാൽവിവാദത്തിനു പിന്നിലെ രഹസ്യങ്ങള്‍

എന്താണ് A1- A2 പാൽവിവാദം? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പ്രൈവറ്റ് പാൽക്കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണത്. വെടക്കാക്കി തനിക്കാക്കുന്ന മാർക്കറ്റിംഗ് മിടുക്ക്. വെളിച്ചെണ്ണയെ വെടക്കാക്കി പാമോയിലിനെ തനിക്കാക്കിയപോലെ ഒരു സൂത്രം. ഗവേഷണഫലങ്ങളൊക്കെ അവർതന്നെയുണ്ടാക്കും. കമ്പനി ഫണ്ടുകൊടുത്ത് സ്വയംചെയ്യിക്കുന്ന ഗവേഷണമാണ്. കമ്പനി പറയുന്നരീതിയിൽ റിസൾട്ട് കൊടുക്കുന്ന ഗവേഷണം.

പാലിലെ പ്രോട്ടീനായ കേസിൻ രണ്ടുവിധമുണ്ടെന്ന് കണ്ടുപിടിച്ചത് 1992 ലാണ്. A1ബീറ്റാകേസിൻ, A2ബീറ്റാകേസിൻ എന്നിവയാണവ. A1ബീറ്റാകേസിൻ ദഹനപ്രക്രിയക്കിടയ്ക്ക് ചെറുകുടലിൽവച്ച് ഒരു bioactive peptide പുറപ്പെടുവിക്കും. ബീറ്റാ കാസോ മോർഫിൻ സെവൻ എന്നാണിതിന്റെ പേര്. ഇത് ഡയബറ്റിസ്, പൊണ്ണത്തടി, ഹൃദയസ്തംഭനം, ക്യാൻസർ തുടങ്ങി, എന്തിനധികം പറയുന്നു, ഭ്രാന്തുവരെ വരുത്തുമെന്ന് ഗവേഷണസ്ഥാപനം ‘കണ്ടെത്തുന്നു’. കമ്പനിയ്ക്ക് തൃപ്തിയായി.

രണ്ടായിരമാണ്ടില്‍ ന്യൂസിലാൻഡിലെ A2 കോർപ്പറേഷൻ എന്ന സ്വകാര്യ കമ്പനി, A1 പാൽ അപകടമാണെന്നു നിലവിളിച്ചും A2പാലിന്റെ മഹത്വംഘോഷിച്ചും പരസ്യം ചെയ്യുന്നു. ഒരു പടികൂടിക്കഴിഞ്ഞ് ന്യൂസിലാൻഡ്-ഓസ്ട്രേലിയൻ സര്‍ക്കാർ ഏജൻസിയായ ഫുഡ് സ്റ്റാൻഡേർഡ് ന്യൂസിലാൻഡ് ഓസ്ട്രേലിയയോട് A1 മിൽക്ക് പാക്കറ്റ് കളിൽ “ആരോഗ്യത്തിന് ഹാനികരം ” എന്ന് മുന്നറിയിപ്പ് നൽകണമെന്നുകൂടി കമ്പനി ആവശ്യപ്പെട്ടു. എന്നാൽ, തെളിയിക്കപ്പെടാത്ത ഈ അവകാശവാദങ്ങൾ പിൻവലിക്കണമെന്ന് സർക്കാർ ഏജൻസി അവരോട് ആവശ്യപ്പെട്ടു. അവർ ഓസ്ട്രേലിയൻ ഡയറി മാർക്കറ്റേഴ്സ് എന്ന സ്ഥാപനവുമായി കൂട്ടുകൂടി പ്രചാരണം തുടര്‍ന്നു. ഒടുവില്‍ ഇവർക്കെതിരെ ഓസ്ട്രേലിയൻ ഗവൺമെൻറ് നടപടിയെടുത്തു. A2 കോർപ്പറേഷന് പിഴ അടക്കേണ്ടിവന്നു,

ഇതിനിടെ കെയ്ത് വു‍ഡ്ഫോര്‍ഡ് (Keith Woodford) എന്നൊരാൾ ‘പാലിലെ ചെകുത്താന്‍’ (Devil in Milk) എന്ന ഒരു പുസ്തകമിറക്കി . ടൈപ്പ് 1 പ്രമേഹത്തിനു കാരണം A1 പാലാണെന്ന് സമർത്ഥിക്കുകയായിരുന്നു, പുസ്തകത്തില്‍. വിവാദപുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. A1 പാലിന്റെ മാർക്കറ്റ് കുത്തനെയിടിഞ്ഞു. A2 കമ്പനിക്ക് വെച്ചടി വെച്ചടി കയറ്റവും വന്നു. ഈയവസരത്തില്‍, ന്യൂസിലാൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓസ്ട്രേലിയൻ ഫുഡ് സേഫ്റ്റി അതോറിറ്റിയോട് ഒരു കോംപ്രിഹസീവ് റിവ്യൂ നടത്താൻ ആവശ്യപ്പെട്ടു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോർട്ട് 2009ലാണ് പുറത്തുവന്നത്. ബീറ്റാ കാസോ മോർഫിൻ സെവൻ മുമ്പുപറഞ്ഞ രോഗങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും A2 കമ്പനിയുടെ അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ യാതൊരടിത്തറയും ഇല്ലെന്നുമായിരുന്നു റിപ്പോർട്ട്. പിടിച്ചുനിൽക്കാനാവാതെ A2 കോർപ്പറേഷൻ അവരുടെ വാദങ്ങൾ ഉപേക്ഷിച്ചു. പരസ്യത്തിലെ പഴയ അവകാശവാദങ്ങള്‍ അവർക്ക് പിൻവലിക്കേണ്ടിവന്നു. ‘A2 പാലിനു നല്ല രുചിയാണ്, വയറ്റില്‍ വായുവുണ്ടാക്കില്ല’ (A2 Milk tastes better, does not cause bloat) എന്നതരത്തില്‍ ആർക്കും ദോഷമില്ലാത്ത പരസ്യത്തിലേക്കു മാറി. അതോടെ, കുറേനാള്‍ പൊടിപടലമുണ്ടാക്കിയ വിവാദം അവിടെ കെട്ടടങ്ങി.

അതേസമയം, ആ കെട്ടുകഥയുടെ പ്രേതം ഒരു ഓട്ടോറിക്ഷ പിടിച്ച് മെല്ലെ അവിടംവിട്ടു. കുറേവര്‍ഷങ്ങള്‍ അലഞ്ഞ് ഒടുവില്‍ വിവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വളക്കൂറുള്ള ഇന്ത്യയിലെത്തി. ഇവിടെ A2 വിവാദത്തിന് തെറ്റില്ലാത്ത ആരാധകരെക്കിട്ടി. ഏതാണ്ട് 50 വർഷമായി നമ്മൾ ഇന്ത്യക്കാർ മുഖ്യമായും കുടിക്കുന്നത് സങ്കരയിനം പശുക്കളുടെ പാലാണ്. സങ്കരയിനം പശുക്കളെ ‘പന്നിപ്പശു’ എന്നൊക്കെ പറഞ്ഞപമാനിക്കുന്നവര്‍ ഇവിടുണ്ട്. അവരറിയാനാണ്, നമ്മുടെ നാഷണൽ ഏജൻസിയായ NBAGR ന്റെ ഗവേഷണഫലം 2012 ൽ പുറത്തുവന്നിട്ടുണ്ട്. നമ്മുടെ സങ്കരയിനം പശുക്കളും ചുരത്തുന്നത് A2പാലാണെന്നായിരുന്നു അത്. തനിനാടന്‍പശുക്കള്‍ക്കു മാത്രമായിപ്പറഞ്ഞിരുന്ന ഒരു പ്രത്യേകതയായിരുന്ന A2 മികവ് അതോടെ പാവം സങ്കരയിനങ്ങള്‍ക്കും അതോടെ സ്വന്തമായി.

ഓര്‍ക്കുക. പാൽ ഏതെങ്കിലും രോഗം വരുത്തുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതൊക്കെ പല ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രചാരണങ്ങള്‍ മാത്രമാണ്. പിന്നുള്ളത് അലര്‍ജിയാണ്. കപ്പലണ്ടിയും കശുവണ്ടിയുംവരെ ചിലര്‍ക്ക് അലര്‍ജിയാണ്. അതുപോലെ ലാക്ടോസ് അലർജിയുള്ള ഒരു ചെറിയ ശതമാനം ആളുകളുണ്ട്. അവർ പാൽ ഒഴിവാക്കുക. അത്രയേയുള്ളൂ.