Menu Close

ചക്രവാതച്ചുഴികള്‍ കാരണം ഇടിവെട്ടി മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാവകുപ്പ്.എന്താണീ ചക്രവാതച്ചുഴികള്‍?

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ കുറച്ചുദിവസങ്ങള്‍കൂടി തുടരാനാണ് സാധ്യത. അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാം. സെപ്റ്റംബര്‍ 24, 27, 28തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്.
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ഇപ്പോള്‍ ചക്രവാതച്ചുഴിയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റു രണ്ട് ചക്രവാതച്ചുഴികളും കാണുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്. ഇത് തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യകിഴക്കൻ ബംഗാളുൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.
സെപ്റ്റംബര്‍ 29 -ഓടെ വടക്കനാന്‍ഡമാന്‍കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത കാണുന്നു. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യകിഴക്കന്‍ ബംഗാളുള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്താണ് ചക്രവാതച്ചുഴി (Cyclonic Circulation)
ഈയടുത്ത കാലത്ത് കാലാവസ്ഥാമുന്നറിയിപ്പുകളില്‍ അടിക്കടി കടന്നുവരുന്ന പദമാണ് ചക്രവാതച്ചുഴി. സെക്ലോണിക് സര്‍ക്കുലേഷന്‍ (Cyclonic Circulation) എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. സൈക്ലോൺ അഥവാ ചക്രവാതം എന്നാൽ ചുഴലിക്കാറ്റ് ആണ്. അതേസമയം ചക്രവാതച്ചുഴി അത്ര കുഴപ്പക്കാരനല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. ഈ കറക്കമാണ് പിന്നീട് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി രൂപപ്പെടുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും. അതിനെയാണ് തീവ്രന്യൂനമര്‍ദം (ഡിപ്രഷൻ) എന്നുവിളിക്കുന്നത്. തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്രന്യൂനമർദ ( ഡീപ് ഡിപ്രഷൻ) മാകും. ഇതു വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. മറ്റൊന്ന്, എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നില്ല എന്നതാണ്. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.

ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ (ഉദാ- ആസ്‌ത്രേലിയ) ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ (ഇന്ത്യ, യൂറോപ് തുടങ്ങിയ മേഖല) ഇത് എതിർഘടികാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നത്.