Menu Close

ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’യ്ക്ക് ജില്ലയിൽ സ്വീകരണം നൽകി

രാജ്യാന്തര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്വീകരണവും ചെറുധാന്യ ഉത്പന്ന പ്രദര്‍ശന- വിപണന- ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജ്വശ്വരി നിര്‍വഹിച്ചു.

ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യോത്പന്നങ്ങള്‍ക്ക് വിപണികണ്ടെത്തല്‍, ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. ചെറുധാന്യങ്ങളുടെ പ്രദര്‍ശനസ്റ്റാള്‍, ചെറുധാന്യ ഫുഡ്കോര്‍ട്ട്, അട്ടപ്പാടി മില്ലറ്റ്സീഡ് പ്രദര്‍ശനം, മില്ലറ്റ്കഫേ, അട്ടപ്പാടിയില്‍ നിന്നുള്ള ചെറുധാന്യങ്ങളുടെ 32 ഓളം വരുന്ന മൂല്യവര്‍ധിതോത്പന്നങ്ങളുടെ വിപണനം, ചെറു ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ സെമിനാറുകള്‍ എന്നിവയും സിവില്‍ സ്റ്റേഷന്‍ പരിസരത്തു സംഘടിപ്പിച്ചു.