Menu Close

‘ഈ പൂക്കള്‍ എന്റെ ഹൃദയമാണ്’ എന്നുപറയുംമുമ്പ് നിങ്ങളുടെ കൈയിലെ പൂക്കളെ അറിയൂ

കൊളംബിയയിലെ പനനീര്‍പ്പൂക്കൃഷി

ഇന്ന് ഫെബ്രുവരി 14 പ്രണയദിനമാണ് (Valentine’s Day). പണ്ട്, വീട്ടുമുറ്റത്തെ ചെമ്പകത്തില്‍നിന്ന് ശ്രദ്ധയോടെ ഇറുത്തെടുത്ത ചെമ്പകപ്പൂക്കള്‍ കൈവെള്ളയില്‍ ഹൃദയംപോലെ ചേര്‍ത്തുപിടിച്ച്, വഴിവക്കില്‍കാത്തുനിന്ന്, പ്രിയപ്പെട്ടയൊരാള്‍ക്ക് വിറയലോടെനീട്ടിയ നാളുകള്‍ ഓര്‍ത്തുപോകുന്നുണ്ടോ? എങ്കില്‍, നമുക്കിപ്പോള്‍ അമേരിക്കയില്‍ എന്തുസംഭവിക്കുന്നു എന്നുനോക്കാം.

ഈ പ്രത്യേകദിവസം അമേരിക്കയിൽമാത്രം ഏതാണ്ട് നാനൂറുകോടി പനിനീർപ്പൂക്കൾ വിറ്റഴിക്കപ്പെടുന്നതായാണ് കണക്കുകള്‍ പറയുന്നത്. നെതർലാൻഡ്സ്, കൊളമ്പിയ, ഇക്വഡോർ, കെനിയ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ഈ പൂക്കളെത്തുന്നത്. (അത്രത്തോളമെത്തില്ലെങ്കിലും നമ്മുടെ കർണാടകയിലെ ഹൊസ്സൂറിൽനിന്നും വലിയയളവിൽ പനിനീർപ്പൂക്കൾ യൂറോപ്പിലേക്കും മറ്റും ഈ ദിവസത്തെ കമ്പോളത്തിന്റെ ആവശ്യത്തിനായി കയറിപ്പോകുന്നുണ്ട്.)

ലോകത്ത് ഏറ്റവുംകൂടുതൽ പൂക്കൾ കയറ്റുമതിചെയ്യുന്ന രാജ്യം നെതെർലാൻഡ്സാണ്. രണ്ടാംസ്ഥാനം കൊളംബിയയ്ക്കും. കൊളംബിയയുടെ പ്രധാന ഉത്പന്നമാകട്ടെ പനിനീർപ്പൂക്കളാണ്. അവരുടെ ബിസിനസിന്റെ എൺപതു ശതമാനവും വലന്റൈൻസ് ഡേ കേന്ദ്രീകരിച്ചാണ്.

വളരെ ആസൂത്രിതമായാണ് കൊളംബിയയില്‍ പ്രണയദിനം കേന്ദ്രീകരിച്ചുള്ള പനിനീർപൂക്കളുടെ ഉത്പാദനം. ഒറ്റദിവസത്തില്‍നിന്നും അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് പൂക്കളുണ്ടാകുന്നതെങ്കിൽ പണിപാളും. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. അവിടുത്തെ ഉത്പാദകർക്ക് കൃത്യമായ പ്രൊഡക്ഷൻ പ്രോട്ടോകോളുണ്ട്. ഫെബ്രുവരി പതിനാലിന് പറിക്കത്തക്ക വിധത്തിൽ പൂക്കൾ ഉണ്ടാകണമെങ്കിൽ എന്ന് റോസാക്കമ്പുകൾ കോതണമെന്നും (prunning) എപ്പോൾ വളര്‍ച്ചാപ്രേരകങ്ങള്‍ (growth stimulants), വളങ്ങൾ എന്നിവ കൊടുക്കണമെന്നും എങ്ങനെ ജലസേചനം ക്രമീകരിക്കണമെന്നുമൊക്കെ വ്യക്തമായ ഷെഡ്യൂൾ അവർക്കുണ്ട്.

കൊളംബിയയിലെ ഏറ്റവും വലിയ പനിനീർപൂ ഉല്പാദകർ Elite എന്ന വന്‍കിടക്കമ്പനിയാണ്. 1100 ഹെക്റ്ററിലാണ് അവർക്ക് പോളിഹൗസുകളുള്ളത്. അവിടെ സാധാരണസമയത്ത് പതിനാറായിരത്തോളം ജീവനക്കാരും പ്രണയദിനവിളവെടുപ്പ് കൈകാര്യം ചെയ്യുന്ന കാലയളവില്‍ ഏതാണ്ട് ഇരുപത്തിനാലായിരത്തോളം ജീവനക്കാരും ഉണ്ടാകും. ഇതാണ് അവിടുത്തെ വാണിജ്യപൂകൃഷി വ്യവസായത്തിന്റെ ചിത്രം. പ്രണയദിനത്തിനുമുമ്പുള്ള മൂന്നാഴ്ചകളിൽമാത്രം കൊളമ്പിയൻ തലസ്ഥാനമായ ബോഗോട്ടയിൽനിന്ന് അമേരിക്കയിലേക്കും മറ്റുമായി 650-ഓളം കാർഗോഫ്ലൈറ്റ്കൾ പൂക്കടത്തിനായി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഒരു ബോയിങ് 747 കാർഗോ വിമാനത്തിൽ ഏതാണ്ട് 20 ലക്ഷം പൂത്തണ്ടുകൾ പായ്ക്കുചെയ്ത് കയറ്റാൻപറ്റും. വെറുതേ അങ്ങുകയറ്റുകയല്ല, ശരിയായ വലിപ്പത്തിലുള്ളവമാത്രം തെരെഞ്ഞെടുത്ത്, നിശ്ചിതനീളത്തിൽ തണ്ടോടുകൂടിമുറിച്ച്, തരംതിരിച്ച്, മുള്ളുകൾ നീക്കംചെയ്ത്, നിശ്ചിതയെണ്ണമുള്ള കെട്ടുകളാക്കി പ്രത്യേക പാക്കിങ് ചെയ്ത്, നിശ്ചിത ഊഷ്മാവിൽ ശീതീകരിച്ച വിമാനത്തിലാണ് ഇവ കയറ്റിവിടുന്നത്.

പാക്ക് ഹൌസ് മുതൽ റീട്ടയ്ൽ ഔട്ട്ലെറ്റ് വരെ നീളുന്ന ശീതശൃംഖല (cold chain) ലൂടെയാണ് പൂക്കൾ കടന്നുപോകുന്നത്. അല്ലെങ്കിൽ അവയുടെ ഉന്മേഷം നഷ്ടമാകും. ഓരോ പൂവിന്റെയും വിലയുടെ മൂന്നിലൊന്നും കടത്തുകൂലിയാണ്. വാലന്റൈൻസ് ദിവസത്തിനു മമ്പുള്ള അഞ്ചുദിവസം കൊണ്ടാണ് ഈ പൂക്കളിൽ ഏറിയ കൂറും കടത്തപ്പെടുന്നത്. തടസ്സരഹിതമായ രീതിയിൽ തോട്ടം മുതൽ വിമാനത്താവളം വരെ ശീതീകരിച്ച ട്രക്കുകൾ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ (pack house, dedicated corridor, cold chain etc) മുഴുവൻ അവിടങ്ങളിൽ വികസിതമായിട്ടുണ്ട്. അതൊന്നും നമ്മുടെ രാജ്യത്ത് സ്വപ്നംകാണാന്‍കൂടി ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു റോസാച്ചെടിയിൽനിന്ന് ഒരു വർഷം ഏതാണ്ട് 15 പൂക്കൾ ലഭിക്കുന്ന രീതിയിലാണ് അവരുടെ കൃഷിരീതി. അതിൽ 2-3 എണ്ണം പ്രണയദിനത്തിനു വേണ്ടിത്തന്നെ വിളവെടുക്കത്തക്ക രീതിയിൽ കാത്തുവയ്ക്കും. ബോഗോട്ടയ്ക്ക് ചുറ്റുമുള്ള പുൽമേടുകൾ (സാവന്ന) പ്രകൃത്യാതന്നെ പനിനീർപൂക്കളുടെ കൃഷിയ്ക്ക് അനുയോജ്യമാണ്. ചാഞ്ചല്യമില്ലാത്ത (stable) അനുകൂല (optimum) ഊഷ്മാവ്, നല്ല സൂര്യപ്രകാശം, വിദഗ്ധരായ തൊഴിലാളികൾ എന്നിവയൊക്കെ അവരുടെ പുഷ്പകൃഷിയ്ക്കും കയറ്റുമതിയ്ക്കും മുതൽക്കൂട്ടാണ്. മാത്രമല്ല ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ബൊളീവിയ, പെറു എന്നീ രാജ്യങ്ങളുമായി അമേരിക്ക ഒപ്പുവച്ചിട്ടുള്ള ATPA (Andean Trade Preference Act) പ്രകാരം അവിടെനിന്നുള്ള കാർഷികോത്പന്നങ്ങൾ ഇറക്കുമതിച്ചുങ്കം (ImportTax) കൂടാതെ അമേരിക്കയിൽ എത്തിക്കാൻകഴിയും. മയക്കുമരുന്ന് ഡോൺ ആയ പാബ്ലോ എസ്കോബറിന്റെ പിടിയിൽനിന്ന് അവിടുത്തെ കൃഷിയെയും കർഷകരെയും രക്ഷിക്കാൻ അമേരിക്കൻ കോൺഗ്രസ്‌ കാണിച്ച മഹാമനസ്കതയാണത്. മയക്കുമരുന്നുകടത്തിന് കുപ്രസിദ്ധി നേടിയ രാജ്യമാണ് കൊളംബിയ. (ലോകകപ്പ് ഫുട്ബോൾമത്സരത്തിൽ ഒരു സെൽഫ് ഗോളിനു വഴങ്ങേണ്ടിവന്ന ആന്ദ്രേ എസ്കോബർ മയക്കുമരുന്ന് മാഫിയയുടെ വെടിയേറ്റുമരിച്ചത് പലരും ഓർക്കുന്നുണ്ടാകും). ആയതിനാൽ പനിനീർപൂക്കൾ നിറച്ച ഓരോ പെട്ടിയും മയക്കുമരുന്ന് കണ്ടുപിടിക്കാൻ സംവിധാനമുള്ള സ്കാനറിൽക്കൂടി കടന്നുവേണം വിമാനത്തിനകത്തെത്താൻ.

ഇത് ഹൃദയഹാരിയായ പനനീർപ്പൂക്കളുടെ സഞ്ചാരത്തിന്റെ ഒരു വശം. ഇനി അതിന്റെ മറ്റൊരു വശം കൂടി പരിശോധിക്കാം.

ഈ ഒറ്റ പ്രണയദിനത്തെ മുൻനിർത്തി നമ്മുടെ അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്ന കാർബൺഡൈ ഓക്സയ്ഡിന്റെ അളവ് 3,60,000 ടണ്ണാണ്. കോടിക്കണക്കിനു പൂക്കൾ ഉത്പാദനകേന്ദ്രങ്ങളിൽനിന്നു പുറപ്പെട്ട്, ബഹുദൂരം സഞ്ചരിച്ച്, അതിനുവേണ്ടിമാത്രം സജ്ജമാക്കിയ വിമാനങ്ങളില്‍പ്പറന്ന്, വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ സമയബന്ധിതമായി എത്തിച്ചേരുന്നതിന് ഏകദേശം 114 മില്യൺ ഏവിയേഷൻ ഓയിലാണ് എരിച്ചുകളയുന്നത്. വാലന്റൈന്‍സ് ദിനത്തിനു തൊട്ടുമുമ്പുള്ള മൂന്നാഴ്ചകളിലെ ഇന്ധനയുപഭോഗമാണിത്. അല്ലാത്ത സമയങ്ങളിൽ സാധാരണ യാത്രാവിമാനങ്ങൾ വഴിയാണ് ഇവ കടത്താറുള്ളത്. മാത്രമല്ല, ഈ പൂക്കൃഷിയ്ക്കായി വലിയ അളവിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നു. അതിന്റെ ഉത്പാദനപ്രക്രിയയുടെ ഭാഗമായി വലിയയളവിൽ രാസവസ്തുക്കളും തളിക്കപ്പെടുന്നു. കുറഞ്ഞ നിരക്കിൽ കൂലി നൽകിക്കൊണ്ട് തൊഴിലാളികളെയും ചൂഷണം ചെയ്യുന്നു.

പ്രണയദിനം അമേരിക്കയെ സംബന്ധിച്ചിടത്തോളം കോടികള്‍ കൊയ്യുന്ന വ്യാപാരകാലങ്ങളിലൊന്നാണ്. അവരെ പ്രണയസുരഭിലമാക്കുന്ന ഒറ്റദിവസത്തിനായി ലാറ്റിനമേരിക്കയിലെ സ്വകാര്യസംരഭകര്‍ അനിയന്ത്രിതമായി നടത്തുന്ന പൂക്കൃഷിയുടെ ബാക്കിപത്രമാണ് മുകളില്‍പ്പറഞ്ഞത്. പ്രകൃതിക്കുണ്ടാകുന്ന ആഘാതവും മനുഷ്യചൂഷണവും മറച്ചുവയ്ക്കുന്നതുവരെ മാത്രമേ ആ അനുരാഗസന്ദേശങ്ങള്‍ക്കു സുഗന്ധമുള്ളൂ.

പോളിഹൌസ് മുതല്‍ കമിതാക്കളുടെ ഹൌസ് വരെ പനിനീർപ്പൂക്കൾ വാടാതെയെത്തിക്കാനുള്ള പരിസ്ഥിതിച്ചെലവ് (Ecological cost) ചെറുതല്ല എന്നുതിരിച്ചറിയുന്നവരുമുണ്ട്. പ്രണയത്തിന്റെ പവിത്രതയില്‍ കാർബൺ പാദമുദ്രയുടെ (Carbon Foot print ) നിഴല്‍ വീഴരുതെന്നാഗ്രഹിക്കുന്ന ആ പ്രകൃതിസ്നേഹികൾ ഇതിനു ബദലുകള്‍ തേടിത്തുടങ്ങിയിരിക്കുന്നു. ‘Fast food’ നെ എതിർക്കുന്നവരുടെ ‘Slow food’ പ്രസ്ഥാനം പോലെ അവര്‍ ‘Slow flower’ പ്രസ്ഥാനത്തിന് ഇപ്പോള്‍ തുടക്കംകുറിച്ചിരിക്കുകയാണ്. പ്രണയദിനത്തിൽ കൈമാറാൻ വിമാനം കയറിവരുന്ന പൂക്കൾ വേണ്ടാ എന്നാണവരുടെ നിലപാട്. അതിന്റെ ഭാഗമായി അമേരിക്കയിലെ കർഷകർ പ്രാദേശികമായി കൃഷിചെയ്യുന്ന പൂക്കള്‍ (Ranunculus, Tulips, Narcissus etc) പ്രചരിപ്പിക്കാനാണ് ഈ ഹരിതപ്രണയികളുടെ ഇപ്പോഴത്തെ ശ്രമം.

അപ്പോള്‍, ഇന്ന് നമുക്കും ഒന്നു പരീക്ഷിച്ചുകൂടേ? വാക്കുകള്‍കൊണ്ട് പകരാനാവാത്ത മനസിന്റെ വിങ്ങല്‍ ഏറ്റവും ഇഷ്ടമുള്ള ഒരാളെ അറിയിക്കാന്‍ ഒരു പൂവ് വേണമെന്നു തോന്നുമ്പോള്‍, നമുക്കും നമ്മുടെ പ്രാദേശികമായ പൂക്കളെ ആശ്രയിച്ചുകൂടേ? നല്ല പ്രണയം പൂത്തുലയട്ടെ. നല്ല കൃഷിയും.