Menu Close

മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യകൃഷി നടത്തുന്നത്. ഐ.ടി.സി. ബണ്ട് മുതല്‍ ഹോസ്പ്പിറ്റല്‍ ബണ്ട് വരെയുള്ള 600 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭാഗമാണിത്. സമൃദ്ധി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി. പൊതുജലാശയങ്ങളില്‍ വലവളച്ചുകെട്ടി പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ താത്കാലിക ചിറകളുണ്ടാക്കി സ്വാഭാവിക നീരൊഴുക്ക് തടയാതെയാണ് മത്സ്യകൃഷി.
കനാലില്‍ മീന്‍ വളര്‍ത്തുന്നതിനായി ചെറിയ ഗ്രൂപ്പുകള്‍ ആരംഭിക്കും. ഇവര്‍ക്ക് സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും നല്‍കും. കരിമീന്‍, വരാല്‍ മീന്‍ കുഞ്ഞുങ്ങളെയായിരുക്കും നല്‍കുക. ജില്ലാ പഞ്ചായത്ത് ഇതിനായി 40 ശതമാനം തുക മുടക്കും. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം, ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കും. മീന്‍ വളര്‍ത്തുന്ന ജലാശയങ്ങള്‍ മാലിന്യമുക്തമായിരിക്കും. ഇതിലൂടെ ശുദ്ധ മത്സ്യം ലഭിക്കും. മത്സ്യ ഭക്ഷണ ശാലകള്‍, ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യക്കടകള്‍, അന്തിപ്പച്ച മത്സ്യ വിപണനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.