Menu Close

രാജ്യത്തെ തക്കാളി വിലക്കയറ്റത്തിന് നേരിയ ഇടര്‍ച്ച

ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്‍ന്ന നാളുകളാണ് കടന്നുപോയത്. എന്നാല്‍ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ജൂലൈ 10 മുതൽ 16 വരെയുള്ള ആഴ്ചയിൽ തക്കാളിയുടെ ശരാശരി പ്രതിദിന ചില്ലറവില കിലോയ്ക്ക് 150 രൂപ ആയിട്ടുണ്ട്. ഇത് ശുഭസൂചനയായി നിരീകഷകര്‍ കരുതുന്നു.

കേന്ദ്രവിലസ്ഥിരതാഫണ്ടിന് കീഴിൽ തക്കാളിസംഭരണം ആരംഭിച്ചതോടെ ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്നുണ്ട്. കിലോഗ്രാമിന് 80 രൂപ എന്നത് 70 രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ദേശീയ സഹകരണ ഉപഭോക്തൃഫെഡറേഷനും (NCCF) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും (NAFED) ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിൽപന കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയായി തക്കാളി സംഭരിക്കുന്നുണ്ട്. ഡൽഹി-NCR, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ താഴ്ന്ന നിരക്കില്‍ തക്കാളി സബ്സി‍‍ഡിയോടെ വിപണനം ചെയ്യുന്നത്.

രാജ്യത്തുണ്ടായ കാലവർഷക്കെടുതി, വിളകളുടെ കാലപ്പഴക്കം, കോലാറിലെ വെള്ളീച്ചരോഗം, വടക്കൻപ്രദേശങ്ങളിലുണ്ടായ മൺസൂണിന്റെ പെട്ടെന്നുള്ള വരവ് എന്നിവ മൂലമാണ് തക്കാളിവില തകിടം മറിഞ്ഞത്. അതിനനുസരിച്ച് വിതരണ ശൃംഖലയെ ഏകോപിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതുമില്ല.

അതേസമയം, വിപണിയിലെ ഉയര്‍ന്നവില കര്‍ഷകര്‍ക്ക് ഒരു തരത്തിലും ആശ്വാസമേകുന്നതല്ല. കൃഷി തകര്‍ന്ന കര്‍ഷകര്‍ അതില്‍നിന്നു കരകയറാന്‍ ഏറെക്കാലമെടുക്കും. ഇപ്പോഴും ലാഭം ഇടനിലക്കാര്‍ക്കു തന്നെയാണ്.

തക്കാളിയുടെ പൊള്ളുന്ന വില വീട്ടുമുറ്റത്ത് കൂടുതല്‍ തക്കാളിത്തൈകള്‍ നടാന്‍ മലയാളിയെ പ്രേരിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് ലളിതമായി നടത്താവുന്ന കൃഷിയാണ് തക്കാളി. ഗ്രോബാഗിലോ ചാക്കിലോ ചെടിച്ചട്ടിയിലോ മണ്ണിലോ എവിടെ വേണമെങ്കിലും നടാം. തക്കാളിക്ക് ആവശ്യ മൂലകങ്ങള്‍ ലഭിച്ചാല്‍ നല്ല വിളവ് കിട്ടുകയും ചെയ്യും. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തക്കാളി.