Menu Close

കര്‍ഷക/കർഷകന്‍ ആകാന്‍ 12 വിജയമന്ത്രങ്ങള്‍

ഒന്നും ചെയ്യാനാവില്ല, അതുകൊണ്ട് കൃഷി ചെയ്തുകളയാം എന്നുവിചാരിച്ച് ഇനിയുള്ള കാലത്ത് ആരും കൃഷിയിലേക്കു വരേണ്ടതില്ല. ഭാവി കൃഷിയുടേതാണ്, കര്‍ഷകരുടേതാണ്. പക്ഷേ, അവിടെ നല്ല കൃഷിക്കാരാകാന്‍ മൂന്നു കാര്യങ്ങളില്‍ മികവ് വേണം. 12 കാര്യങ്ങള്‍ പ്രയോഗിക്കണം.
വേണ്ട മികവുകള്‍ ഏതൊക്കെ?
1. അധ്വാനിക്കാനുള്ള ശരീരം.
2. പോരാടാനുള്ള മനസ്സ്.
3. നിര്‍വ്വഹണ പാടവം (managerial ability).
കൃഷിയുടെ മുമ്പും പിമ്പുമുള്ള എല്ലാ ബന്ധങ്ങളെയും (Backward & forward linkages) ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവാണിത്. കൃഷിഭൂമി, തൊഴിലാളി, മൂലധനം, അറിവ്, യന്ത്രങ്ങള്‍, വിപണി എന്നിവയെല്ലാം പരസ്പരം കോർത്തിണക്കിക്കൊണ്ട് പോകാനാകണം.
കൃഷിയാണ് എന്റെ തൊഴിലെന്ന് നേരത്തേ തീരുമാനിച്ചു കടന്നുവരുന്നവര്‍ കുറവാണ്. കാരണം, സ്കൂൾതലത്തിലോ കലാലയങ്ങളിലോ ഒരു അതിജീവന വിദ്യ (Survival skill ) എന്നനിലയില്‍ എവിടെയും കൃഷി പഠിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെറുതോ വലുതോ ആയ ഒരു ഫാം ലാഭകരമായി എങ്ങനെ പരിപാലിക്കണം എന്നുപഠിക്കാൻ നമുക്ക് അവസരങ്ങൾ കുറവാണ്. കൃഷി മുഖ്യവിഷയമായി പഠിക്കുന്നവർപോലും ഒരു എക്സിക്യൂട്ടീവ് ജോലിയാണ് കാംക്ഷിക്കുന്നത്, കർഷകൻ ആകാനല്ല. അതിനാല്‍, കർഷകരാകാൻ തയ്യാറുള്ളവർക്കായി ബിരുദകോഴ്സുകൾ തുടങ്ങുന്നത് നാടിന്റെ ഭാവിക്കുതന്നെ നന്നായിരിക്കും.
നമ്മുടെ നാട്ടിലും കൃഷി യുവാക്കളെ ആക‍‍ർഷിച്ചുതുടങ്ങി. എന്നാല്‍, കൃഷിയിലേക്കു കടന്നുവരുന്ന യുവാക്കള്‍ പരമ്പരാഗത കാര്‍ഷികസമീപനത്തില്‍നിന്നു മാറിനടന്നേ മതിയാവൂ. സ്വയം നവീകരണത്തിലൂടെ മാത്രമേ കൃഷിയെ ലാഭകരമാക്കാന്‍ കഴിയൂ. എന്തൊക്കെയാണ് കൃഷി ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട വിലപ്പെട്ട പാഠങ്ങള്‍?
ആ 12 വിജയമന്ത്രങ്ങള്‍ ഇവയാണ്.
1. താൻ പ്രതീക്ഷിക്കുന്ന മാസ/വാർഷിക വരുമാനം ലഭിക്കാൻ എത്ര സ്ഥലത്ത്, ഏതേതു വിളകളും മറ്റു കാർഷിക അനുബന്ധ സംരംഭങ്ങളും ചെയ്യണം എന്നു മനസ്സിലാക്കി ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കാൻ പഠിക്കണം.
ഓരോ വിളയുടെയും വരവുചെലവു കണക്കുകൾ പരിചയസമ്പന്നരുമായി സംസാരിച്ചു തയ്യാറാക്കണം.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഓരോ വിളയ്ക്കും കിട്ടിയ കൂടിയ വിലയും കുറഞ്ഞ വിലയും മനസ്സിലാക്കണം. ഏതേതു മാസങ്ങളിലാണ് താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾക്ക് കൂടിയ വിലയും കുറഞ്ഞ വിലയും കിട്ടുന്നതെന്നു പഠിച്ച് കൃഷിചെയ്യണം.
2. ജീവിതവിജയം കൈവരിച്ച, പരിചയസമ്പന്നരായ കർഷകരെ ഗുരുക്കന്മാരും സുഹൃത്തുക്കളുമാക്കി അവരുടെ ഉപദേശങ്ങൾ തേടണം.
3. ബന്ധപ്പെട്ട സർക്കാർ (കേന്ദ്ര-സംസ്ഥാന) സ്ഥാപനങ്ങളുമായി നിരന്തരബന്ധം പുലർത്തണം.
4. സർക്കാർ സഹായപദ്ധതികളെക്കുറിച്ചു മനസ്സിലാക്കി തനിയ്ക്കു താല്പര്യവും യോഗ്യതയുമുള്ളവയെ മുതലാക്കണം.
5. കാർഷികവായ്പകൾ പരമാവധി പ്രയോജനപ്പെടുത്തണം.
6. കൃഷിസംബന്ധമായ നല്ല പരിശീലനക്ലാസ്സുകളിൽ പങ്കെടുക്കണം. അതിലൂടെ ബൗദ്ധിക മൂലധനം (Intelluctual Capital ) വർധിപ്പിക്കണം.
7. സ്വന്തമായി പരീക്ഷണങ്ങൾ നടത്തി, പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ശ്രമിക്കണം. പ്രശസ്തി വരുന്നത് ആ വഴിയിലൂടെയാണ്.
8. ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങി, സ്വയമുപയോഗിക്കാൻകൂടി സജ്ജരാകണം. SMAM പോലെയുള്ള സ്കീമുകൾ പ്രയോജനപ്പെടുത്തണം.
9. വിപണിയറിഞ്ഞു വിളയിറക്കാൻ പഠിക്കണം.
10. വിപുലമായ സൗഹൃദങ്ങൾ വളർത്തിയെടുക്കണം. ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അതുപകരിക്കും.
11. കാർഷികപ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുകയും മുടങ്ങാതെ വായിക്കുകയും അവയിൽനിന്നു കിട്ടുന്ന അറിവുകൾ കൃഷിയിടത്തിൽ പരീക്ഷിക്കുകയും വേണം. കൃഷിയറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും എളുപ്പത്തിലുള്ള സംശയനിവാരണത്തിനും തൊട്ട് വിപണി കണ്ടെത്തുവാന്‍വരെ ഓണ്‍ലൈന്‍ സാധ്യതകളെ ഉപയോഗപ്പെടുത്തണം.
12. വിളവെടുക്കുന്ന ഉത്പന്നങ്ങൾ, വില കിട്ടുന്നതുവരെ സൂക്ഷിച്ചു വയ്ക്കാനും അവയെ മൂല്യവർധിതോത്പന്നങ്ങളാക്കി മാറ്റി വിൽക്കാനും ശ്രമിക്കണം.
ഇത്രയും കാര്യങ്ങള്‍ അറിയണം. അറിഞ്ഞിട്ടു കാര്യമില്ല, പ്രയോഗിക്കണം. എങ്കിലും നാളെ വിജയിയായ, ആത്മാഭിമാനമുള്ള കര്‍ഷകരായി നിങ്ങള്‍ വളരുമെന്നുറപ്പ്.
“ഞാൻ ഒരു പാവം കർഷകനാണ്, എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ ഭരണകൂടം ബാധ്യസ്ഥമാണ്. അവർ അത് ചെയ്തില്ലെങ്കിൽ ഞാൻ കൃഷി നിർത്തിക്കളയും” എന്ന മട്ടിലുള്ള ഇരവാദം ഒന്നും ഇനിയങ്ങോട്ട് ഭരണകൂടങ്ങളെ പരിഭ്രാന്തരാക്കില്ല. “വാ കീറിയ ദൈവം ഇരയും തരും, കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും ” എന്നതൊക്കെയാണ് ആധുനിക ലോകത്തെ ഭരിക്കുന്ന തത്വശാസ്ത്രങ്ങൾ. അലസമായ മനസ് ചെകുത്താന്റെ പണിപ്പുരയാണ്. കല്ലാടുന്ന മുറ്റത്തു മാത്രമല്ല മനസ്സിലും നെല്ലാടില്ല. ആയതിനാൽ, ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ ‘എന്ന ബെർതോൾഡ് ബ്രെഹ്തിന്റെ വരികൾ നമ്മെ പ്രചോദിപ്പിക്കട്ടെ.
അറിവാണ് ശക്തി.
അറിവ് പ്രയോഗിക്കുന്നവരാണ് വിജയികള്‍.