കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷികകോളേജിലെ സാങ്കേതികവിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയപങ്കാളിത്ത നെൽകൃഷിപദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിച്ച് പുതുചരിത്രം രചിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് തയാറാക്കിയ ജനകീയപങ്കാളിത്ത നെൽകൃഷിറിപ്പോർട്ട് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്.ജെ റിപ്പോർട്ട് ഏറ്റുവാങ്ങി.
നഗരൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങളിലാണ് ജില്ലാ ആസൂത്രണസമിതിയുടെ നൂതനപദ്ധതിയായ ജനകീയപങ്കാളിത്ത നെൽകൃഷി നടപ്പാക്കിയത്. പൂർണമായും ശാസ്ത്രീയരീതിയിൽ ആവശ്യമായ അളവിൽ ഉത്പാദനോപാദികൾ ഉപയോഗിച്ച്, ഉദ്പാദനക്ഷമത ആറ് ടൺ ആയി ഉയർത്തുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ജില്ലാ പ്ലാനിംഗ്ഓഫീസർ ബിജു.എസ്, സാമ്പത്തിക സ്ഥിതിവിവരകണക്കുവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി, ജില്ലാ കൃഷിവകുപ്പുദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.