Menu Close

പച്ച/ചുവന്ന ചീരവിത്തുകള്‍ കാര്‍ഷികസര്‍വ്വകലാശാലയില്‍ കിട്ടും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്.

ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും നല്ല വിളവ് ലഭിക്കും. 5 ഗ്രാം വിത്ത് കൊണ്ട് ഒരു സെന്റ് സ്ഥലത്തേക്കുവേണ്ട തൈ ഉണ്ടാക്കിയെടുക്കാം. നഴ്സറി തയ്യാറാക്കി വിത്ത് പാകി മുളപ്പിച്ചെടുത്ത തൈകള്‍ മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ പറിച്ചുനടാവുന്നതാണ്. നന്നായി കിളച്ച് നിലമൊരുക്കിയ ശേഷം 30-35 സെന്‍റീമീറ്റര്‍ വീതിയില്‍ 30 സെ.മീറ്റര്‍ അകലത്തില്‍ ചാലുകള്‍ കീറി സെന്റൊന്നിന് ഒന്ന് മുതല്‍ മൂന്ന് കിലോ വരെ കുമ്മായം ചേര്‍ത്തിടണം. 10 ദിവസത്തിന് ശേഷം ഉണക്കിപ്പൊടിച്ച ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകം സെന്റൊന്നിനു 200 കിലോ, രാസവളങ്ങളായ യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 450 ഗ്രാം, 1.25 കിലോ ഗ്രാം, 350 ഗ്രാം എന്നിവ അടിവളമായി നല്‍കി ചാലുകളില്‍ ഒന്നര ചാണ്‍ അകലത്തില്‍ ചീരത്തൈകള്‍ നടാവുന്നതാണ്. രണ്ടാംഘട്ട വളപ്രയോഗമായി 217 ഗ്രാം യൂറിയ മേല്‍വളമായി നല്‍കാം. ജൈവരീതിയില്‍ ചാണകപൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചാരം എന്നിവ തുല്യഭാഗമായി എടുത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കാം. പറിച്ചുനട്ട് ഏകദേശം 25 ദിവസത്തിനു ശേഷം ആദായ വിളവെടുപ്പ് നടത്താം. വിളവെടുപ്പിനു ശേഷം 1 ശതമാനം യൂറിയ തളിച്ചു കൊടുക്കുന്നത് വിളവ് വര്‍ദ്ധിക്കാന്‍ സഹായിക്കും.

പ്രധാന കീടമായ ഇലതീനിപ്പുഴുക്കള്‍ക്കെതിരെ ഗോമൂത്രം, കാന്താരിമുളക് മിശ്രിതം, വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവ ഉപയോഗിക്കാം. ചീരയിലെ ഒരു പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ചുവന്നചീരയും, പച്ചച്ചീരയും ഇടകലര്‍ത്തി നടുന്നത് രോഗം കുറക്കുന്നു. സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ പച്ചച്ചാണകത്തെളിയില്‍ കലക്കിത്തളിക്കുന്നതും രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്.

പച്ചയിനമായ Co – 1 , ചുവന്നയിനങ്ങളായ അരുണ്‍, കെഎയു വൈഗ എന്നിവയുടെ വിത്തുകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലുള്ള പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍ : 9188248481