Menu Close

മോഖ കേരളത്തില്‍ മഴ ശക്തമാക്കും

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) വ്യക്തമാക്കി. വരും ദിവസങ്ങളിൽ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. മെയ് 13 മുതൽ മെയ് 15 വരെയുള്ള മൂന്ന് ദിവസങ്ങളിൽ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, മാഹി എന്നിവിടങ്ങളിലെപ്പോലെ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകുന്നത് അപകടമാണെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
കേരളത്തിലെ കര്‍ഷകര്‍ ശക്തമായ കാറ്റിനെ കരുതിയിരിക്കേണ്ടതുണ്ട്. മോഖ വലിയ തോതില്‍ നമ്മുടെ സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും വിളകള്‍ക്ക് സാധ്യമാകുന്ന മുന്‍കരുതലുകള്‍ എടുക്കുന്നതു നല്ലതാകും.
ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഖ. ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും ക്രമേണ മണിക്കൂറിൽ 160 km വരെ വേഗതയിൽ വീശിയടിക്കുവാനുമാണ് മോഖ തയ്യാറെടുക്കുന്നതെന്ന് കാലാവസ്ഥാനിരീക്ഷകര്‍ കരുതുന്നു.
പുതിയ ചുഴലിക്കാറ്റിന് മോഖ (മോച) എന്ന പേര് നല്‍കിയത് യെമനാണ്. ആ രാജ്യത്തെ ചെങ്കടല്‍തീരത്ത് കാപ്പി ഉൽപാദനത്തിന് പേരുകേട്ട തുറമുഖ നഗരത്തിന്റെ പേരാണ് മോച. പ്രശസ്ത കാപ്പിയായ മോച്ചയ്ക്കും പേരുകേട്ട നഗരമാണിത്.
2000-ൽ, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള WMO/ESCAP പാനലിന്റെ (PTC) ഇരുപത്തിയേഴാം സെഷനാണ് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടാൻ തീരുമാനിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, മ്യാൻമർ, പാകിസ്ഥാൻ, സൗദി അറേബ്യ, തായ്ലൻഡ്, യെമൻ, ശ്രീലങ്ക, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഒമാൻ, ഖത്തർ തുടങ്ങി 13 രാജ്യങ്ങളാണ് പാനലിലുള്ളത്.
ചുഴലിക്കാറ്റിന് പൊതുവായ പേര് നല്‍കുന്ന പതിവ് 2004ല്‍ തുടങ്ങിവച്ചു. ആ വര്‍ഷം സെപ്റ്റംബറിൽ വന്ന കാറ്റിന് അംഗരാജ്യങ്ങൾ വ്യത്യസ്ത പേരുകൾ നിർദ്ദേശിച്ചതോടെയാണ് പൊതുവായ പേര് എന്ന ആശയം രൂപപ്പെട്ടത്. പാനലിലെ 13 അംഗരാജ്യങ്ങൾ 13 പേരുകൾ വീതം നിർദ്ദേശിച്ച പട്ടികയിൽ 169 പേരുകൾ ഉണ്ടായിരുന്നു. അവ ഓരോന്നിനായി നര്‍കിവരുന്നു. യമൻ നിർദ്ദേശിച്ച പേരുകളിൽ ഒന്നായിരുന്നു മോച്ച.
ചുഴലിക്കാറ്റിന് പേരിടുന്നതിന് പല ഉദ്ദേശ്യങ്ങളുണ്ട്. ചുഴലിക്കാറ്റിനെ തിരിച്ചറിയാനും അതിന്റെ വളര്‍ച്ചയെക്കുറിച്ച് അറിവ് പകരാനും മേഖലയിൽ മറ്റൊരു ഉഷ്ണമേഖലാചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനും ഇതു സഹായിക്കുന്നു. വേഗത്തിലും ഫലപ്രദമായും മുന്നറിയിപ്പുകൾ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും പേരിടുന്നത് വഴി കഴിയുന്നു. ശാസ്ത്ര സമൂഹത്തിനും മാധ്യമങ്ങള്‍ക്കും ദുരന്തനിവാരണപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും ഇത് ഉപയോഗപ്രദമാണ്.