Menu Close

മഴക്കാല രോഗങ്ങള്‍ ഒപ്പമുണ്ട്. കര്‍ഷകര്‍ കരുതിയിരിക്കുക

☔ ഇടവിട്ടുപെയ്യുന്ന മഴ രസകരമായ അനുഭവമായിരിക്കും. പക്ഷേ, മഴക്കാലരോഗങ്ങളുടെ കാലം കൂടിയാണിത്. കര്‍ഷകര്‍ക്ക് മഴയിലിറങ്ങുന്നത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് നല്ല ജാഗ്രത പാലിക്കുകയാണ് ഏകമാര്‍ഗം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആഹാരശുചിത്വവും കൃത്യമായി പാലിച്ചാല്‍മാത്രമേ അസുഖം വരാതെ ഈ ഘട്ടം നമുക്കു തരണം ചെയ്യാനാവൂ. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും വഹിക്കുന്ന പ്രാണികള്‍ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്.

☔ മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാല്‍ വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.

☔ വയറിളക്കരോഗങ്ങള്‍ നിര്‍ജ്ജലീകരണത്തിനും അതുവഴി ലവണനഷ്ടം ഉണ്ടാകുന്നതിനും ഇടയാക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങള്‍ നന്നായി പാകംചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റിനിറുത്താം.

☔ വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാനായി ഒ.ആര്‍.എസ് ലായനി, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നല്‍കണം. ഏതുപനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ സഹായം തേടണം. എല്ലാവിധ പകര്‍ച്ചവ്യാധിരോഗത്തിനുമുള്ള ചികിത്സയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

🤧 ഡെങ്കിപ്പനി

ഈഡിസ് ഈജ്പിറ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കുവൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടുവളരുന്നത്. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ കാണാനും സാധ്യതയുണ്ട്. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കണം.

🤧 എലിപ്പനി

ലെപ്ടോസ്പൈറ ഇനത്തില്‍പ്പെട്ട സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കണം. ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

🤧 ചിക്കുന്‍ ഗുനിയ

ആല്‍ഫാ വൈറസാണ് ചിക്കുന്‍ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, സന്ധി വേദന ,പ്രത്യേകിച്ചും കൈകാലുകളിലെ ചെറിയമുട്ടുകളുടെ വേദന, നടുവേദന, തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.

🤧 മലമ്പനി

അനോഫിലസ് കൊതുകുകളാണ് മലമ്പനിയുടെ വിതരണക്കാര്‍. ഇവയുടെ കടികിട്ടി 7-14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലാകും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും. പെട്ടെന്നുണ്ടാകുന്ന പനി മലമ്പനിയുടെ ലക്ഷണമാണ്. അതികഠിനമായ വിറയലും കുളിരും അസഹ്യമായ ശരീരവേദനയും തലവേദനയുമുണ്ടാകും. രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ അനുഭവപ്പെടും.

🤧 ജപ്പാന്‍ ജ്വരം

പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ, നിര്‍ജലീകരണം, തളര്‍ച്ച തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.

🤧 ടൈഫോയ്ഡ്

രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. ഇടവിട്ട പനി, വിശപ്പില്ലായ്മ, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

🦟 കൊതുകിനെ തുരത്താം, രോഗങ്ങള്‍ തടയാം

❤️‍🩹 പാത്രം, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു തടയുക.

❤️‍🩹 വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യമുള്ള ഇടങ്ങള്‍ കണ്ടുപിടിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞ് ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.

❤️‍🩹 കൊതുക് വംശവര്‍ധനവ് നടത്താന്‍ സാധ്യതയുള്ള ജലാശയങ്ങളിലും വാട്ടര്‍ടാങ്കുകളിലും കൂത്താടികളെ തിന്നുന്ന ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക.

❤️‍🩹 റബ്ബര്‍ ടാപ്പിങ് ഇല്ലാത്ത അവസരങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വെക്കുക.

❤️‍🩹 കൊതുകുകടിയേല്‍ക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക

❤️‍🩹 തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

❤️‍🩹 മലിനജലത്തില്‍ മുഖം കഴുകയോ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്.

❤️‍🩹 ചപ്പുചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.

❤️‍🩹 ആരോഗ്യപ്രവര്‍ത്തകരുടെ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക.