Menu Close

പെറ്റ്ഷോപ്പുകള്‍ക്കും ഇനി നിയമം

അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും ഇനി നിയമം ബാധകമാകുന്നു. വളർത്തുമൃഗങ്ങളെ വഴിയിലുപേക്ഷിക്കുന്നതു തടയാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും ഇതുമൂലം കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഭാരതസര്‍ക്കാരിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങളും (2017) പെറ്റ് ഷോപ്പ് നിയമങ്ങളും (2018) കേരളത്തിലും പ്രാബല്യത്തിൽ വരുന്നതോടെ, മൃഗങ്ങളെ വളർത്തുന്നവരും പെറ്റ് ഷോപ്പ് ഉടമകളും കൂടുതൽ ഉത്തരവാദിത്തമുള്ളവരാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. കർണാടക, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഈ നിയമം ഇതിനകം തന്നെ നടപ്പാക്കിക്കഴിഞ്ഞതാണ്. കോവി‍ഡ് സാഹചര്യങ്ങള്‍മൂലം കേരളത്തില്‍ ഇതിന്റെ അവതരണം നീണ്ടുപോവുകയായിരുന്നു. നവംബർ മുതൽ നിയമം കർശനമായി നടപ്പാക്കാനാണ് സംസ്ഥാന മൃഗക്ഷേമ ബോർഡ് (SAWB) തീരുമാനമെന്നറിയുന്നു.

നിയമത്തിന്റെ പ്രധാനഭാഗങ്ങള്‍ താഴെപ്പറയുന്നു.

സംസ്ഥാന അനിമൽ വെൽഫെയർ ബോർഡിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വ്യക്തിക്കും പെറ്റ് ഷോപ്പ് നടത്താനോ വളർത്തുമൃഗങ്ങളുടെ വ്യാപാരം നടത്താനോ കഴിയില്ല. ഇതിനകം പെറ്റ് ഷോപ്പുകൾ നടത്തുന്ന ഏതൊരു വ്യക്തിയും നിയമം പ്രാബല്യത്തില്‍വന്ന് 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷന്‍ എടുത്തിരിക്കണം.

5000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഇത് റീഫണ്ട് ചെയ്യുന്നതല്ല. ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ച് വർഷമാണ്. ഇത് കൈമാറ്റം ചെയ്യുവാന്‍ കഴിയുന്നതല്ല. 
മൃഗങ്ങളുടെ താമസം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, പൊതു പരിചരണം, വൈദ്യ പരിചരണം, മറ്റ് പരിചരണകാര്യങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.  വിൽക്കുന്ന എല്ലാ മൃഗങ്ങൾക്കും വെറ്റിനറി പ്രാക്ടീഷണറുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടാവണം.
വളർത്തുമൃഗങ്ങളുടെ ബ്രീഡർമാരുടെയും വിതരണക്കാരുടെയും വിവരങ്ങൾ, വ്യാപാര ഇടപാടുകൾ, അവയുടെ വിശദാംശങ്ങൾ എന്നിവ അടങ്ങിയ ഒരു റെക്കോർഡ് ബുക്ക് പെറ്റ് ഷോപ്പ് ഉടമ സൂക്ഷിക്കണം. ഉപഭോക്താക്കൾ വളർത്തുമൃഗങ്ങളെ വാങ്ങുന്നതിന്റെ രേഖകളും സൂക്ഷിക്കണം. “മരണ രജിസ്‌റ്റർ”, “ആരോഗ്യ രജിസ്റ്റർ” എന്നിവയും പെറ്റ്ഷോപ്പിലുണ്ടാവണം. 
പെറ്റ് ഷോപ്പ് ഉടമ ഈ നിയമങ്ങൾ പാലിക്കുന്നില്ലായെന്നു പരാതി ലഭിച്ചാൽ, പ്രാദേശിക അതോറിറ്റി അല്ലെങ്കിൽ SPCA മുഖേന അന്വേഷണം നടത്തുന്നതാണ്. മോശം പെരുമാറ്റമുള്ളതും അസുഖം വന്നതുമായ മൃഗങ്ങളെ  കണ്ടുകെട്ടുകയും ചികിത്സയ്ക്കായി അംഗീകൃത മൃഗക്ഷേമസംഘടനയ്ക്ക് കൈമാറുകയും ചെയ്യും. അത്തരം മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി ഉണ്ടാകുന്ന ഏതൊരു ചെലവിനും പെറ്റ്ഷോപ്പ് ഉടമ ഉത്തരവാദിയായിരിക്കും.
പരിശോധനയ്ക്കിടെ നിയമലംഘനം കണ്ടെത്തിയാൽ, സംസ്ഥാന ബോർഡ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഉടമ അതിനു മറുപടി നല്കിയില്ലെങ്കിലോ  ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിലോ രജിസ്ട്രേഷൻ റദ്ദാക്കുകയും കാരണങ്ങൾ രേഖാമൂലം അറിയിക്കുകയും ചെയ്യും. അപ്പീലിന് വിധേയമായി, പെറ്റ്ഷോപ്പ് സീൽ ചെയ്യുകയോ അല്ലെങ്കിൽ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയോ ചെയ്യും.
രജിസ്റ്റർ ചെയ്ത ഓരോ പെറ്റ് ഷോപ്പ് ഉടമയും കഴിഞ്ഞ വർഷം വ്യാപാരം നടത്തിയതോ പ്രദർശിപ്പിച്ചതോ ആയ മൊത്തം മൃഗങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വാർഷിക റിപ്പോർട്ട് സംസ്ഥാന ബോർഡിന് സമർപ്പിക്കഅരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും ഇനി നിയമം ബാധണം.
ഇപ്പോള്‍ താല്ക്കാലിക ഷെഡ്ഡുകളിലും മറ്റും നടന്നുപോകുന്ന പെറ്റ്ഷോപ്പുകള്‍ നിയമം എത്തുന്നതോടെ അപ്രത്യക്ഷമാകും.  നല്ല കെട്ടുറപ്പുള്ള കെട്ടിടത്തിലായിരിക്കണം ഷോപ്പ് നടത്തേണ്ടത്. അത് കട എന്നതിനേക്കാള്‍ ഒരു കാമ്പൗണ്ട് ആയിരിക്കണം. ശുദ്ധമായ കുടിവെള്ളം, വൈദ്യുതി എന്നിവ  ഉണ്ടാകണം. അനുയോജ്യമായ, താപനിലയും വെന്റിലേഷനും ഉറപ്പാക്കണം. ആവശ്യമായ സലസൗകര്യം ഓരോ മൃഗത്തിനും   പക്ഷിക്കും നൽകണം.  അവയെ കടയ്ക്ക് പുറത്ത് പ്രദർശിപ്പിക്കാൻ പാടില്ല. മുലകുടി മാറാത്ത കുഞ്ഞുങ്ങളെയും ചിറകു മുളയ്ക്കാത്ത പക്ഷികളെയും വില്പനയ്ക്കുവയ്ക്കാന്‍ പാടില്ല.. രാത്രിയിൽ ഇവയെ ഒറ്റയ്ക്കാക്കി കടയടച്ചു പോകാൻ പാടില്ല. മൃഗങ്ങളെ രാപകല്‍ പരിപാലിക്കാൻ കെയർടേക്കര്‍ ഉണ്ടായിരിക്കണം. മൃഗങ്ങളുടെ ക്ഷേമവും സുരക്ഷയും പാലിച്ചുകൊണ്ടുമാത്രമേ ഇനി വ്യാപാരം നടക്കൂ. ഹാനികരമായ ശബ്ദം, പുക, ദുർഗന്ധം ഇവ ഉള്ളിടത്തോ ഫാക്ടറികൾ,  കശാപ്പുശാലകള്‍  ഇവയുടെ അടുത്തോ പെറ്റ്ഷോപ്പ് അനുവദിക്കില്ല. മൈക്രോചിപ്പ് ചെയ്ത നായ്ക്കളെ മാത്രമേ വിൽക്കാൻ പാടുള്ളൂ.  എല്ലാ ഷോപ്പിലും മൈക്രോചിപ്റീഡര്‍ ഉണ്ടായിരിക്കണം. പല പ്രായത്തിലുള്ളവയെയോ പല ഇനങ്ങളെയോ ഒന്നിച്ചു  പാർപ്പിക്കാൻ പാടില്ല.

മറ്റു സംസ്ഥാനങ്ങളിലേക്കുള്ള അരുമമൃഗങ്ങളുടെ കയറ്റുമതിയില്‍ വലിയ കുതിപ്പിലെത്തിയിരിക്കുന്ന കേരളത്തിന് ഈ നിയമങ്ങള്‍ കൂടുതല്‍ ഗുണമേന്മ നല്കുമെന്നും അത് മികച്ച ആഗോളവിപണികൂടി തുറന്നുതരുമെന്നുമാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. അതേസമയം വില്പനക്കാരുടെ സംഘടനകള്‍ നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. "വൈകിയാണെങ്കിലും സർക്കാർ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് നല്ലകാര്യം" എന്നാണ് മൃഗസംരക്ഷണ വിദഗ്ദ്ധരുടെ വിലയയിരുത്തല്‍.