Menu Close

ഭക്ഷണശീലം മാറിയില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ ഭക്ഷണം ഇറച്ചിയും കായ്കനികളും കിഴങ്ങുകളും വിത്തുകളും ഒക്കെയായായിരുന്നു. സാഹസികമായ ജീവിതസാഹചര്യങ്ങൾ ആയതിനാൽ എപ്പോൾ മരിക്കുമെന്ന് പറയാനാകില്ല. മറ്റൊരു മൃഗം മാത്രമായി മനുഷ്യനും ജീവിച്ചകാലം. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. അതിനുശേഷം നദീതടങ്ങളിൽ പാർപ്പുറപ്പിച്ചതോടെയാണ് മനുഷ്യർ ആസൂത്രിതമായി കൃഷിചെയ്യാൻ തുടങ്ങിയത്. ഏഷ്യൻരാജ്യങ്ങളിൽ അരിയും യൂറോപ്യൻരാജ്യങ്ങളിൽ ഗോതമ്പും ഓട്സും ബാർലിയും അടങ്ങുന്ന ധാന്യങ്ങളും വടക്കേ അമേരിക്കയിൽ ചോളവും തെക്കേഅമേരിക്കയിൽ ഉരുളക്കിഴങ്ങും ആഫ്രിക്കൻ രാജ്യങ്ങളിൽ കിഴങ്ങുവർഗ്ഗങ്ങളും പ്രധാനഭക്ഷണങ്ങളായി. ഇതിലെല്ലാം തന്നെ ഏറ്റവും പ്രധാനമായുള്ളത് അന്നജമാണ് (Carbo Hydrate). പെട്ടെന്ന് ഊർജ്ജം നൽകുന്ന ഇവ Carbon, Hydrogen, Oxygen എന്നിവ ചേർന്ന ജൈവസംയുക്തങ്ങളാണ്.
കൃഷിയെ പൂർണമായും ആശ്രയിച്ചുകഴിഞ്ഞിരുന്ന കാലത്ത് പൂർണമായും അധ്വാനനിരതരായിരുന്നു മനുഷ്യർ. ഋതുഭേദങ്ങൾക്കനുസരിച്ച് കൃഷിചെയ്തു വിളവെടുത്ത് സ്വന്താവശ്യത്തിനും വിൽപ്പനയ്ക്കും തയ്യാറാക്കി. ഒപ്പം, കന്നുകാലിവളർത്തലിലും മറ്റുപണികളിലും വ്യാപൃതരായി. അതിനാവശ്യമായ ഊർജ്ജം ഇത്തരം ധാന്യങ്ങളില്‍നിന്നും അന്നജമടങ്ങിയ മറ്റുഭക്ഷണങ്ങളിൽനിന്നും ലഭിച്ചിരുന്നു. അരിയാഹാരം ഇന്നത്തെയത്ര സമൃദ്ധമല്ലാതിരുന്ന നമ്മുടെനാട്ടില്‍ അന്ന് ചക്കയും ചേനയും ചാമയുമൊക്കെ ആവശ്യാനുസരണം കഴിക്കുമായിരുന്നു. വെളുത്ത പഞ്ചസാരയെക്കാൾ കൂടുതൽ ശർക്കരയും കരുപ്പട്ടിയുമായിരുന്നു ഉപയോഗിച്ചിരുന്നത്. കരിമ്പുകൃഷി തുടങ്ങിയ നാളുകളിൽ വിലപ്പെട്ട ഉത്പന്നമായിരുന്നു പഞ്ചസാര. അഭിജാതവർഗ്ഗങ്ങൾക്കു മാത്രം വലിയ അളവിൽ പ്രാപ്യമായിരുന്ന ഒന്നായിരുന്നുവത്. സമ്പത്തുകൂടിയപ്പോൾ പണക്കാരുടെ അധ്വാനം കുറഞ്ഞുവരികയും എണ്ണയും സംസ്കരിച്ച പദാര്‍ത്ഥങ്ങള്‍, അധികം എണ്ണയും കൊഴുപ്പും, നാരുകുറഞ്ഞ അന്നജം ഇവയൊക്കെ ഭക്ഷണരീതിയുടെ പ്രധാനഭാഗമായപ്പോൾ ആദ്യമായി പ്രമേഹം (Diabetis), രക്തസമ്മര്‍ദ്ദം (hyper tension) എന്നിവ അവരിൽ വ്യാപകമാകാൻ തുടങ്ങി. അഭിജാതരുടെ രോഗാവസ്ഥകളായിരുന്നു ഒരുകാലത്ത് ഷുഗറും പ്രഷറും.
ഒരാൾക്ക് ഒരു ദിവസം 270 ഗ്രാം ധാന്യങ്ങളാവശ്യമുണ്ടെന്നാണ് ICMR പറയുന്നത്. ധാന്യങ്ങളിൽനിന്ന് ശരീരത്തിന് അന്നജം ലഭിക്കുന്നു. അവ ചെറുകുടലിൽ വച്ച് ഗ്ളൂക്കോസായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ സഹായത്തോടെ ഗ്ലൂക്കോസിനെ, പിന്നീട് ഉപയോഗിക്കാൻ തക്കവണ്ണം ഗ്ളൈക്കോജെൻ (Glycogen) ആക്കി ശരീരം സംഭരിക്കുന്നു. കൂടുതലാകുമ്പോൾ കൊഴുപ്പുരൂപത്തിൽ അവ വയറിനു ചുറ്റുമുള്ള adipose tissue കളിൽ കേന്ദ്രീകരിക്കപ്പെടുന്നു. അങ്ങനെയാണ് കുടവയര്‍ രൂപമെടുക്കുന്നത്. പിന്നീടത് പൊണ്ണത്തടി (Obesity) യായി പരിണമിക്കും. അതേസമയം, അമിതമായ അളവിൽ പഞ്ചസാര ഉണ്ടാകുമ്പോൾ ശരീരത്തിന് ഇൻസുലിൻ ഉത്പാദനം പിന്നെയും കൂട്ടേണ്ടി വരും. ഇങ്ങനെ എറേനാൾ കഴിയുമ്പോൾ, അധികമായി ഉണ്ടാകുന്ന പഞ്ചസാരയെ നിയന്ത്രിക്കാൻ ഇൻസുലിനു കഴിയാതെവരുന്നു. ഇതിനെ ഇൻസുലിൻ പ്രതിരോധം (Insulin resistance) എന്നുപറയുന്നു. സ്വാഭാവികമായും ഈ പഞ്ചസാര വൃക്കയിലും രക്തത്തിലും തങ്ങിനിന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അവ ഹൃദയം, കരൾ, വൃക്ക, കണ്ണുകൾ എന്നിവയെ ബാധിക്കാൻ തുടങ്ങുന്നു. പഞ്ചസാരയുല്പാദനം വര്‍ദ്ധിച്ചതോടെ വില കുറഞ്ഞു. അത് സാധാരണക്കാര്‍ക്കും പ്രാപ്യമായി. പഞ്ചസാര പാവങ്ങളെയും ആക്രമിച്ചുതുടങ്ങി. വെളുത്ത ബ്രഡ്, പാസ്ട്രി, സോഡാ, ശീതളപാനിയങ്ങള്‍, മധുരംകയറ്റിയ പഴംജ്യൂസ് എന്നിവയിലൂടം വലിയതോതില്‍ പഞ്ചസാര ശരീരത്തിലേക്കെത്തി. പ്രോട്ടീൻ, ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണങ്ങളെക്കാൾ അന്നജമടങ്ങിയ ഭക്ഷണങ്ങൾക്കുള്ള വിലക്കുറവും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപഭോഗവും കാര്യങ്ങള്‍ വഷളാക്കി. അങ്ങനെ പാവപ്പെട്ടവരും പ്രമേഹരോഗികളായിത്തുടങ്ങി. അന്നജത്തിന്റെ അമിതോപഭോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ അന്നജവിഷാവസ്ഥ (Carbo toxicity) എന്നുവിളിക്കുന്നു. അതായത് അന്നജം വിഷമായിമാറുന്ന അവസ്ഥ. ഇതുമൂലം ആദ്യം പൊണ്ണത്തടിയും ഫാറ്റിലിവറും പിന്നീട് പ്രമേഹവും അടുത്ത ഘട്ടത്തിൽ ഹൈപ്പർ ടെൻഷൻ, വൃക്ക, ഹൃദയത്തകരാറുകള്‍ ഇവയും ഉണ്ടാകുന്നു.
കാർബൊഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങൾക്കൊപ്പം വ്യായാമമില്ലാത്ത ജീവിതശൈലിക്കുമൊപ്പം നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ലഭിക്കാത്ത പരിതഃസ്ഥിതിയും കൂടിയാകുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. പഴം പച്ചക്കറികളിൽനിന്നും തവിടുകളയാത്ത ധാന്യങ്ങളിൽനിന്നും വിവിധതരം ചെറുധാന്യങ്ങളിൽനിന്നുമൊക്കെ വേണം ശരീരത്തിന് അവയൊക്കെ കിട്ടാൻ. അവയില്ലാത്ത ഭക്ഷണരീതി നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.
നമ്മുടെ ഭക്ഷണശീലങ്ങളിലും ജീവിതരീതിയിലും ഗുണപരമായ ഒരുമാറ്റത്തിന് നമ്മൾ തയ്യാറാണോ? ആയില്ലെങ്കിൽ അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടി വരും. നമ്മുടെ ഭക്ഷണത്തളികയിൽ നാലിൽലൊന്നായി അന്നജാഹാരങ്ങളെ പരിമിതപ്പെടുത്തുക. അതുതന്നെ, തവിടോടു കൂടി പാകം ചെയ്ത അരിയോ ചെറുധാന്യങ്ങളോ ആക്കാൻ ശ്രമിക്കുക. തവിട് പൂർണമായുംകളഞ്ഞ അരി വളരെ കുറച്ചുമാത്രം കഴിക്കുക. മൈദ, പഞ്ചസാര, ഉപ്പ് എന്നിവയും കുറയ്ക്കുക. ഭക്ഷണത്തളികയുടെ പകുതി ഇലക്കറികളും സാലഡുകളും പഴങ്ങളും കൊണ്ട് നിറയ്ക്കുക. കിഴങ്ങുവർഗ്ഗങ്ങളും പ്രതിരോധശേഷിയുള്ള അന്നജം (resistant starch) കുറഞ്ഞ പച്ചക്കറികളും കുറയ്ക്കുക. Glycemic Index കുറഞ്ഞ കിഴങ്ങുവർഗ്ഗങ്ങൾ കഴിക്കാം. ചേന പോലെ ഉള്ളവ കുഴപ്പമില്ല. തളികയുടെ നാലിലൊന്ന് പയർ വർഗ്ഗങ്ങൾ, പാലുത്പന്നങ്ങൾ, ഇറച്ചി, മീൻ, മുട്ട എന്നിവയിൽ ഏതെങ്കിലുമാകാം. അതും പഴകിയതാകാതിരിക്കാൻ ശ്രദ്ധിക്കുക.
അണ്ടിവർഗ്ഗങ്ങൾ (nuts), വിത്തുകൾ (seeds) എന്നിവ ദിവസവും ഇരുപതുഗ്രാമെങ്കിലും കഴിക്കുക. ബദാമും കശുവണ്ടിയും പിസ്തയും വാൽനട്ടും മത്തൻ, സൂര്യകാന്തി,ഫ്ലാക്സ്, ചിയാ വിത്തുകളും അല്പമാകാം. ബ്രോക്കോളി, സുക്കിനി, അവോക്കാഡോ, കൂണുകൾ എന്നിവയും ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെ. നമ്മുടെ പച്ചച്ചക്കയും പപ്പായയും ആത്തച്ചക്കയും ഒക്കെ സീസൺ നോക്കിക്കഴിക്കുക. ഓരോ സീസണിലും നമുക്ക് ചുറ്റും പ്രകൃതി എന്താണോ വിളയിക്കുന്നത് അത് നമ്മുടെ ശരീരത്തിനു നല്ലതായിരിക്കും.
ഓർക്കുക, ജനിതകമായ കാരണങ്ങൾക്കൊപ്പം വ്യായാമമില്ലാത്ത ജീവിതരീതിയും കൊഴുപ്പും അന്നജവും കൂടുതലായി കഴിക്കുന്നതുമാണ് ഇന്ന് യുവതലമുറയിൽ പ്രമേഹം പോലെയുള്ളവ കൂടുതലായി കാണുന്നതിനു കാരണം. കേരളം, ഇന്ത്യയിലെ ‘ പ്രമേഹതലസ്ഥാനം ‘എന്നാണ് അറിയപ്പെടുന്നതുതന്നെ. അന്നജം നായകനുമാണ്, പ്രതിനായകനുമാണ്. നോക്കീം കണ്ടും കഴിച്ചാൽ സ്വസ്തി; ഇല്ലെങ്കിൽ ജപ്തി.
ഒരു പിന്‍കുറിപ്പുകൂടി: ഇന്ന്, ആശുപത്രിവ്യവസായത്തെ, പോഷിപ്പിക്കുന്ന സ്ഥാപനമായി ഹോട്ടലുകൾ മാറിക്കഴിഞ്ഞു. അവ ആശുപത്രികളിലേക്ക് രോഗികളെ സംഭാവന ചെയ്യുന്ന ഇടങ്ങളായി. രണ്ടിനും നല്ല പരസ്യവുമുണ്ട്. ഒരു പെൺകുട്ടി, അരളിപ്പൂവ് കടിച്ചപ്പോൾ മരിച്ചെന്നുകേട്ടു. അതോടെ അരളിപ്പൂവിനെ വിലക്കാന്‍കാട്ടിയ അതേ ശുഷ്കാന്തി, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ വിലക്കാനും കൂടി കാണിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി.