Menu Close

നാളെത്തെ ലോകം കൃഷിയുടേത്. പക്ഷേ, നിങ്ങള്‍ കര്‍ഷകനാണോ? ഇതുവായിക്കുക.

സ്വാസ്ഥ്യം നിലനിര്‍ത്തി, ദുർമ്മേദസ് ഒഴിവാക്കി, ജീവിതശൈലീരോഗങ്ങൾ വരാതെ ജീവിക്കാന്‍ ഒരാൾ ഒരുദിവസം 300ഗ്രാം പച്ചക്കറികൾ കഴിക്കണം എന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള കണക്ക്. ഇതിപ്പോൾ ICMR അല്പം പരിഷ്കരിച്ചുവത്രേ. പുതിയ ഡോസ് 400ഗ്രാമാണ്. ഈ നാനൂറുഗ്രാമിൽ കൂടിയപങ്കും ‘പോച്ച’ അഥവാ ഇലക്കറികളായിരിക്കുകയും വേണം. കാരണം കിഴങ്ങുവർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ് റൂട്ട് മുതലായവ )ആണ് കൂടുതൽ കഴിക്കുന്നതെങ്കിൽ നമ്മൾ പിന്നെയും കാർബോഹൈഡ്രേറ്റ്സ് തന്നെയാണ് ശരീരത്തിനു നൽകുന്നത്. അപ്പോൾ കിഴങ്ങുവർഗ്ഗങ്ങൾ 75 ഗ്രാമിലൊതുക്കി 150 ഗ്രാമോളം ഇലകളും ബാക്കി പൂക്കൾ, മൊട്ടുകൾ, കായ്കൾ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പച്ചക്കറികളും കഴിക്കണം. അതായത് ഭക്ഷണത്തളികയുടെ നാലിലൊന്ന് ചെറുധാന്യങ്ങളടക്കമുള്ള അന്നജം നൽകുന്ന ഭക്ഷണങ്ങളും പകുതിയോളം പഴം, പച്ചക്കറികളും കാൽഭാഗം പയർവർഗ്ഗങ്ങളോ പാലുത്പന്നങ്ങളോ ഇറച്ചി, മുട്ട എന്നിവയൊക്കെയോ ആയിരിക്കണം. ഈ ഒരു ഭക്ഷണക്രമം പിന്തുടരണമെങ്കിൽ ഒരാൾക്ക് ശരാശരി 75-80 രൂപ വേണ്ടിവരുമെന്ന് തോന്നുന്നു. ഇങ്ങനെ എത്രപേർക്ക് സന്തുലിതമായ രീതിയിലും താങ്ങാവുന്ന വിലയിലും സുരക്ഷിതഭക്ഷണം ലഭിക്കും? ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ എന്തുചെയ്യും? ഇങ്ങനെഒക്കെത്തന്നെ മുന്നോട്ടുപോകും. ഒരു 100 ഗ്രാം പച്ചക്കറി ‘കറി’രൂപത്തിലും പിന്നെ കുറച്ചു മൈദചേർന്ന ഭക്ഷണവും പഴകിയ മീനും എണ്ണയിൽ പൊരിച്ച വറവും ഒക്കെയായി.
കഴിഞ്ഞദിവസം ഡോക്ടർമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനിടയായി. മലയാളിയുടെ തീൻമേശകളിൽ ഒരു പഴം -പച്ചക്കറി വിപ്ലവം നടത്താൻ എന്താണു വഴി എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അതിൽ പങ്കെടുത്തത്. ഒരുപാട് ഉപകാരപ്രദമായ വിവരവിനിമയമാണ് അവിടെനടന്നത്. നാല്പതുവയസ്സ് കഴിയുമ്പോൾ ഏറെക്കുറെ എൺപതുശതമാനം പേരും കുടവയറിനും അസ്ഥിശോഷണവും PHD (Pressure, Heart related issues, Diabetes)യും ഫാറ്റിലിവറിനും വൃക്കസംബന്ധമായ വെല്ലുവിളികളും ഏറ്റുവാങ്ങി മുന്നോട്ടുപോകുന്നു. കുട്ടികളിൽവരെ ഇത്തരം പ്രശ്നങ്ങൾ വ്യാപകമാകുന്നു. ആളുകളുടെ ദഹനവ്യവസ്ഥയുടെ ‘അധോഭാഗ’ത്തിന്റെ (Colon Health) ആരോഗ്യം നഷ്ടപ്പെടുന്നു. അങ്ങനെയങ്ങനെ പോകുന്നു. ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്.
ICMR പറഞ്ഞ കണക്കിൽ കേരളത്തിലെ ഒരാൾ കഴിക്കണമെങ്കിൽ ഒരാൾക്ക് ഒരു മാസം 12 കിലോ പച്ചക്കറികൾ വേണം. നാലുപേരുള്ള വീട്ടിൽ മാസം ഏതാണ്ട് അര ക്വിന്റൽ പച്ചക്കറികൾ വേണം. ഒരു വർഷം 600 കിലോ. അതായത് 1000 പേരുള്ള ഒരു വാർഡിൽ ഒരു മാസം 12000 കിലോ (12 ടൺ) പച്ചക്കറികൾ വേണം. ആ വാർഡിൽ ഒരു വർഷം 144 ടൺ വേണം. ഇക്കണക്കിന് നോക്കിയാൽ കേരളത്തിന്‌ ഒട്ടാകെ ഒരു കൊല്ലം ഏതാണ്ട് 36 ലക്ഷം ടൺ പച്ചക്കറികൾ വേണം. ഇതൊരു ചെറിയ അളവല്ല. ഈ അളവിൽ എല്ലാ ദിവസവും ആഭ്യന്തരമായി പച്ചക്കറികൾ ഉത്പാദിപ്പിക്കുകയെന്നത് കാലാവസ്ഥാനുസൃതവുമല്ല. എന്തൊക്കെയാണ് കേരളത്തിലെ കൃഷിയും കര്‍ഷകരും ഈ വിഷയവുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരവും? അത്തരമൊരു ചർച്ചയ്ക്കു വഴിതുറക്കുന്ന ചില ചിന്തകളാണ് താഴെ.

 1. ഒരു വർഷത്തിൽ ജൂൺ മുതൽ ഏതാണ്ട് നവംബർ വരെ മഴക്കാലമാണ്. വെള്ളത്തിന്റെ ആധിക്യമാണ് ഈ സമയത്തെ പ്രശ്നം.
 2. ഡിസംബർ, ജനുവരി മാസങ്ങൾ സമശീതോഷ്ണമാണ്. രാത്രിയിൽ തണുപ്പും പകൽ ചൂടും. ഇടയ്ക്കിടെ നനയ്ക്കേണ്ടി വരും. കൃഷിയ്ക്ക് വളരെ അനുകൂലമായ കാലം.
 3. ഫെബ്രുവരി മുതൽ മെയ്‌ വരെ പകലും രാത്രിയും ചൂടുകൂടും. നിര്‍ബന്ധമായും വേണ്ട കാലം. ഈ സമയത്ത് കൃഷി വളരെയധികം കുറയുന്നു. നിവൃത്തിയില്ല, നമ്മുടെ ജലസേചനസൗകര്യങ്ങൾ തുലോം കുറവാണ്.
 4. വീട്ടാവശ്യങ്ങൾക്ക് നാടൻ, കാർഷിക സർവ്വകലാശാല എന്നീയിനങ്ങൾ അനുയോജ്യമാണ്. അതേസമയം, Open precision farming രീതിയിൽ കൂടുതൽ കർഷകരും ഉപയോഗിക്കുന്നത് സങ്കരവിത്തുകളാണ്. നിർഭാഗ്യവശാൽ ഗവണ്മെന്റ് സ്ഥാപനങ്ങളില്‍നിന്നുള്ള സങ്കരയിനങ്ങൾ കുറവാണ്. ആയതിനാൽ സ്വകാര്യമേഖലയിൽനിന്ന് ഉയർന്ന വില കൊടുത്ത് അവ വാങ്ങേണ്ടി വരുന്നു.
 5. കൃഷിയ്ക്കൊരുങ്ങുമ്പോൾ കൃത്യമായ ആസൂത്രണമില്ല. അടിസ്ഥാനവള പ്രയോഗത്തിനു രണ്ടാഴ്ച മുൻപെങ്കിലും കുമ്മായപ്രയോഗം നടത്തണമെന്നും അടിസ്ഥാന വളപ്രയോഗത്തിനുശേഷം കഴിയുമെങ്കിൽ ഒരാഴ്ച കഴിഞ്ഞാണ് വിത്തുകൾ പാകുകയോ തൈകൾ പറിച്ച് നടുകയോ ചെയ്യേണ്ടതെന്നുമുള്ള അടിസ്ഥാനകാര്യങ്ങൾ പലരും മറക്കുന്നു.
 6. മണ്ണുപരിശോധനയെ അടിസ്ഥാനപ്പെടുത്തിയുള്ള വളപ്രയോഗ രീതി അനുവർത്തിയ്ക്കുന്നില്ല. ഇങ്ങനെ ചെയ്‌താൽ ഉത്പന്നങ്ങളുടെ ഗുണമേന്മ വർധിക്കുകയും കൃഷിച്ചെലവ് കുറയുകയും ചെയ്യും എന്നുള്ള കാര്യം അധികം പേർക്കും അറിയില്ല. എല്ലാ ജില്ലകളിലും കൃഷിവകുപ്പിന്റെ മണ്ണുപരിശോധനാലാബുകൾ പ്രവർത്തിക്കുന്നുണ്ട്.
 7. മഴക്കാലത്ത് കൃഷിയ്ക്കൊരുമ്പോൾ നല്ല നീർവാർച്ച ഉറപ്പുവരുത്താൻ മറന്നാൽ പണി പാളും. പാടങ്ങളിൽ, ഇടച്ചാലുകളിൽ വലിയ മഴയിൽ ജലനിരപ്പ് ഉയരുകയാണെങ്കിൽ നല്ല ഉയരത്തിൽ വാരം എടുത്തുമാത്രമേ കൃഷി ചെയ്യാവൂ.
 8. പച്ചക്കറിവിളകൾക്ക് ദിവസം 6-8 മണിക്കൂർ വരെ സൂര്യപ്രകാശം അനിവാര്യം.
 9. വെള്ളരിവർഗവിളകൾ, ചീര, വെണ്ട, പയർ എന്നിവയുടെ വിത്തുകൾ അടിസ്ഥാനവളം ചേർത്ത് ഒരാഴ്ച കഴിയുമ്പോൾ നേരിട്ടുതന്നെ പാകാവുന്നതാണ്. എന്നാൽ മുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്‌ളവർ എന്നിവ പറിച്ചുനടുകതന്നെ വേണം. നല്ല കരുത്തുള്ള, വളവില്ലാത്ത, 5-6 ഇലകളെങ്കിലുമുള്ള തൈകൾ വേണം പറിച്ചുനടാൻ. തൈകൾ ആ നിലവാരത്തിലെത്താൻ നാലാഴ്ചയെങ്കിലുമെടുക്കും .
 10. മണ്ണുപരിശോധനാടിസ്ഥാനത്തിൽ വളം ചെയ്യുമ്പോൾ പ്രാഥമികമൂലകങ്ങളിൽ പ്രധാനിയായ കാർബൺ (C) 3% ശതമാനമെങ്കിലും മണ്ണിലുണ്ടാകണം. NPK വളങ്ങൾ അടിവളമായും മേൽവളമായും ചേർത്തുകൊടുക്കണം. ദ്വിതീയമൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നിവ കുമ്മായം /Dolomite, Magnesium sulphate എന്നിവയുടെ പ്രയോഗത്തിലൂടെയും കിട്ടും. പെട്ടെന്ന് കാൽസ്യം കിട്ടാൻ കാൽസ്യംനൈട്രേറ്റും മഗ്നീഷ്യം കിട്ടാൻ Magnesium Sulphate ഉം ഇലകളിൽ സ്പ്രേചെയ്യാം.
 11. രണ്ടുചെടികൾ /തടങ്ങൾ തമ്മിൽ ശുപാർശ ചെയ്യപ്പെട്ട അകലം (Optimum spacing) നൽകിയിരിക്കണം.
 12. ഏതെങ്കിലും ഒരു വിളയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിയല്ല. കുറഞ്ഞത് അഞ്ചുവിളകളെങ്കിലും ഒരുസമയത്ത് ചെയ്യാൻ ശ്രമിക്കണം. ഉപഭോക്താക്കള്‍ /കച്ചവടക്കാ‍ർ നമ്മളെ തേടിയെത്താൻ അതുസഹായിക്കും.
 13. ഒരു വിളചെയ്യാൻ തുനിഞ്ഞിറങ്ങുമ്പോൾ അതിൽവരാവുന്ന എല്ലാ കീടരോഗങ്ങളെക്കുറിച്ചും മൂലകങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചും മുൻകൂട്ടിപഠിച്ച്, പ്രതിരോധിക്കാൻ തയ്യാറായിരിക്കണം. അതായത് മുറിവൈദ്യന്മാർ പറയുന്നത് കേൾക്കാതെ, കൃഷിചെയ്തവരോടോ കൃഷിവിദഗ്ധരോടോ സംസാരിച്ച് കീടരോഗങ്ങളെ പ്രതിരോധിക്കാനുള്ള സമഗ്രമായ ഒരു നിര്‍വ്വഹണരേഖ (Integrated Pest & Disease Management Plan) (IPDM) തയ്യാറാക്കി വയ്ക്കണം. അതിൽ Plan Aയും Plan B യും ഉണ്ടായിരിക്കണം.
 14. തോട്ടത്തിൽ എല്ലാദിവസവും നിരീക്ഷണം (surveillance) ഉണ്ടായിരിക്കണം. സൂചി കൊണ്ടെടുക്കേണ്ടത് ജെസിബി കൊണ്ടെടുക്കേണ്ട അവസ്ഥയുണ്ടാക്കരുത്.
 15. കളകളെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയണം. തോട്ടം എപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കണം.
 16. പച്ചക്കറി തോട്ടത്തിനടുത്ത് കീട-രോഗബാധകളുള്ള ചെടികൾ നിൽപ്പുണ്ടെങ്കിൽ അവ വളരെ വേഗം പുതിയ ചെടികളിലേക്കു പടരും. ആ അവസ്ഥയുണ്ടാക്കരുത്.
 17. പ്രായംചെന്ന ഇലകൾ, അസുഖംബാധിച്ച ഇലകൾ എന്നിവ ശ്രദ്ധയോടെ നീക്കംചെയ്ത് കഴിയുമെങ്കിൽ ആഴത്തിൽ മണ്ണിൽ കുഴിച്ചുമൂടണം. രോഗ-കീടങ്ങൾ ബാധിച്ചവയാണെങ്കിൽ കത്തിച്ചും കളയാം.
 18. പടർന്നുവളരേണ്ട ചെടികൾക്ക് പരമാവധി സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ, ഒരു വള്ളിയുടെ മുകളിൽ മറ്റൊന്ന് പടർന്നുകയറാത്ത വിധത്തിൽ പടർത്തിവളർത്തണം.
 19. താങ്ങുകൊടുക്കേണ്ട ചെടികൾക്ക്, ബലമുള്ള കമ്പുകൾ കൊണ്ടോ, മുകളിലൂടെ കമ്പി വലിച്ചുകെട്ടി അതിലേക്കു പിടിച്ചുകെട്ടിയോ താങ്ങുകൊടുക്കണം.
 20. ഏതു പച്ചക്കറിവിളയ്ക്കും ഒരു ഗർഭകാലം (Gestation Period) ഉണ്ട്. വിത്തുവിതച്ച് /തൈകൾനട്ട് അതിന്റെ ആദ്യവിളവെടുപ്പ് വരെയുള്ള കാലമാണ് ഗർഭകാലം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എപ്പോഴും പച്ചക്കറികൾ വിളവെടുക്കണമെങ്കിൽ ഈ കാലം അടിസ്ഥാനമാക്കി നടീൽസമയങ്ങൾ പല സമയത്തായി ക്രമീകരിക്കണം. ഒരു വിളയിറക്കി അത് പൂക്കാൻ തുടങ്ങുമ്പോൾ അതേ വിള മറ്റൊരുസ്ഥലത്ത് പുതുതായി ചെയ്യണം. ഇങ്ങനെ എപ്പോഴും ഉത്പന്നങ്ങൾ ഫാമിൽ ഉറപ്പുവരുത്തണം.
 21. കീട-രോഗ നിയന്ത്രണത്തിനായും മണ്ണിലെ സൗഹൃദ സൂക്ഷ്മജീവിസാന്നിധ്യം ഉറപ്പുവരുത്തുന്നതിനുമായി സ്യൂഡോമോണാസ്, ട്രൈക്കോഡെർമ്മ, ബ്യൂവേറിയ (Beauveria,) ലെക്കാനിസിലിയം (Lecanicillium), PGPR, VAM, ജീവാണുവളങ്ങൾ എന്നിവ ഉപയോഗിക്കാൻ മുന്നേതന്നെ പഠിച്ചിരിക്കണം.
 22. മഞ്ഞക്കെണി, നീലക്കെണി, വിളക്കുകെണി, തുളസിക്കെണി, പഴക്കെണി, ഫിറമോൺ കെണി എന്നിവ യഥാസമയം ഉപയോഗിക്കാൻ പഠിക്കണം.
 23. വെള്ളരി വർഗ വിളകളിൽ കായീച്ചയുടെ ശല്യം എന്തായാലും ഉണ്ടാകും. വായു സഞ്ചാരമിട്ട കവറുകൾ കൊണ്ട് പിഞ്ച് കായ്കൾ പൊതിഞ്ഞു സംരക്ഷിക്കണം.
 24. ബലംകുറഞ്ഞതും അകത്തേക്കുവളഞ്ഞു വളരുന്നതും കായ്കൾ പിടിക്കാൻ സാധ്യതയില്ലാത്തതുമായ ശിഖരങ്ങൾ നുള്ളികളയണം (Prunning ).
 25. നനയ്ക്കുമ്പോൾ മിതമായി മാത്രമേ നനയ്ക്കാവൂ. മണ്ണിൽ വെള്ളം കൂടുമ്പോൾ ഓക്സിജനില്ലാത്ത അവസ്ഥ (Anaerobic) ഉണ്ടാവുകയും വേരുകൾക്ക് രോഗബാധ വരികയും ചെയ്യും.
 26. നന ആവശ്യമുള്ള ദിവസങ്ങളിൽ കഴിവതും രാവിലെതന്നെ നനയ്ക്കണം.
 27. പച്ചക്കറികൾക്ക്‌ കുറഞ്ഞത് പത്തുദിവസത്തിൽ ഒരിക്കലെങ്കിലും ചെറിയ അളവിൽ മേൽവളങ്ങൾ കൊടുക്കണം. തുടക്കത്തിൽത്തന്നെ മികച്ച വളർച്ച കിട്ടാൻ വേണ്ടിയാണ് അടിസ്ഥാനവളം അഥവാ അടിവളം കൊടുക്കാൻ പറയുന്നത്.
 28. വെള്ളവും വളവും ഒരുമിച്ചുനൽകുന്ന രീതിയിൽ (Fertigation /Nutrigation )ചെറിയ അളവിൽ മൂന്നുദിവസത്തിലൊരിയ്ക്കൽ വളം കൊടുക്കാം.
 29. ചെടികൾക്ക് വൈറസുരോഗം ബാധിച്ചു എന്നു തീര്‍ച്ചയായാലുടൻ പിഴുതുനശിപ്പിക്കണം.
 30. പച്ചക്കറികൾക്ക് ഇടവിളയായി ചെണ്ടുമല്ലി, സൂര്യകാന്തി, തുവരപ്പയർ, ചോളം, എന്നിവ നട്ടുകൊടുത്താൽ പരാഗകാരികളും (Pollinators) മിത്രകീടങ്ങളും (defenders /natural enemies /predators )എപ്പോഴും തോട്ടത്തിലുണ്ടാകും.
 31. ഓരോ പച്ചക്കറികളുടെയും ശരിയായ വിളവെടുപ്പുസമയം മനസ്സിലാക്കി, മൂത്തുപോകാതെ, യഥാസമയം പറിച്ചെടുത്ത് ലോഡൊഴിവാക്കിക്കൊടുക്കണം.
 32. എപ്പോള്‍ വിളവെടുക്കണം എന്നുമാത്രമല്ല, എപ്പോഴാണ് വിളവെടുപ്പ് നിർത്തേണ്ടതെന്നും പഠിച്ചിരിക്കണം. ചെടികൾ വാർദ്ധക്യം ബാധിച്ച്, രോഗകീടബാധകൾ വന്ന്, ആരോഗ്യം കുറഞ്ഞ്, കായ്കളുടെ വലിപ്പം കുറഞ്ഞ്, വളപ്രയോഗത്തോടു പ്രതികരിക്കാതെ വരുമ്പോൾത്തന്നെ അവയെ ഒഴിവാക്കി, അടുത്ത കൃഷിയ്ക്കായി മണ്ണിനെയൊരുക്കാൻ തുടങ്ങണം.
 33. രണ്ടു വിളകൾക്കിടയിൽ ഒരു ഇടവേള നൽകുന്നത് കീട-രോഗങ്ങളുടെ തുടർച്ച (continuity )ഒഴിവാക്കാൻ ഉപകരിക്കും.
 34. ഒരു വിള കഴിഞ്ഞാൽ ആ വിളയുടെ കുടുംബത്തിൽപ്പെടാത്ത മറ്റൊരു വിളവേണം നടാൻ.
  മേല്‍പ്പറഞ്ഞതൊക്കെ കൃഷിയിലേക്കിറങ്ങുന്ന ഏതൊരാളും അറിയേണ്ട പ്രാഥമികകാര്യങ്ങളാണ്. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍, ഒരു കൃഷിക്കാരൻ ആർജിക്കേണ്ട അറിവുകൾ അഥവാ ശാസ്ത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
 35. കാലാവസ്ഥയും വിപണിസാഹചര്യവും വച്ച് ഏതു വിളയിറക്കുന്നതാണ് ലാഭകരം എന്നറിയാൻ കർഷകൻ ഒരു ചെറിയ സാമ്പത്തിക വിദഗ്ധൻ (Economist ) ആയിരിക്കണം.
 36. ബാങ്കുകൾ, തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരുമായി ഫലപ്രദമായി ഇടപെടണമെങ്കിൽ അയാൾ ആശയവിനിമയത്തില്‍ നൈപുണ്യമുള്ളയാളും ( Communicator) ഒരു നല്ല കൂടിയാലോചാനവിദഗ്ദ്ധനും (Negotiator) ഒക്കെ ആയിരിക്കണം.
 37. അന്തരീക്ഷതാപനിലയും മേഘങ്ങളും ഒക്കെ നിരീക്ഷിച്ച്, മഴ പെയ്യുമോ, വിളയ്ക്കുവേണ്ട വെയിലുണ്ടാകുമോ എന്നൊക്കെ പ്രവചിക്കാൻ കഴിയുന്ന ഒരു കാലാവസ്ഥാവിദഗ്ധൻ (Agricultural Meteorologist) ആയിരിക്കണം.
 38. മണ്ണിന്റെ ഭൂതം, ഭാവി, വർത്തമാനം ഒക്കെയറിയണമെങ്കിൽ അല്പസ്വല്പം മണ്ണുശാസ്ത്രവും കാര്‍ഷികരസതന്ത്രവും (Soil Science & Agricultural Chemistry) അറിഞ്ഞിരിക്കണം.
 39. മണ്ണിലെ ജൈവപ്രവര്‍ത്തനങ്ങള്‍ (biological activity), സൂക്ഷ്മജീവിസാന്നിധ്യം, അവയുടെ ബലതന്ത്രം (dynamics) ഒക്കെ അറിയണമെങ്കിൽ അയാൾ ഒരു സൂക്ഷ്മജീവിവിദഗ്ദ്ധന്‍ (Micro bilologist) ആയിരിക്കണം.
 40. കീടങ്ങൾ, മിത്രകീടങ്ങൾ, പരാഗകാരികൾ എന്നിവയെ വേർതിരിച്ചറിയാൻ ഒരു പൊടി കീടഗവേഷകന്‍ (Entomologist) ആയിരിക്കണം.
 41. രോഗം വരുത്തുന്ന ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയെ സംബന്ധിച്ച രോഗനിദാനശാസ്ത്രത്തിന്റെ പ്രാഥമികവിവരങ്ങൾ അറിയുന്നയാള്‍ (Plant Pathologist) ആയിരിക്കണം.
 42. അറിയുന്ന കൃഷിമുറകളും നാട്ടറിവുകളും ചെയ്തറിവുകളും മറ്റുള്ളവർക്ക് ഫലപ്രദമായി പറഞ്ഞുകൊടുക്കാൻ കഴിയണമെങ്കിൽ കാര്‍ഷികവിദഗ്ദ്ധന്‍ (Agricultural Extension Expert) ആയിരിക്കണം.
 43. ഓരോ ചെടികളെയും അവയുടെ കുടുംബക്കാരെയും തിരിച്ചറിയാൻ ഒരു സസ്യശാസ്ത്രജ്ഞന്‍ ( Botanist /Taxonomist) ആയിരിക്കണം.
 44. പുതിയ ഇനങ്ങൾ ഉരുത്തിരിച്ചെടുക്കാൻ അല്പം സസ്യപ്രജനനം (Plant Breeding) അറിയണം.
 45. ജലസേചനപ്പമ്പുകൾ, സ്പ്രെയറുകൾ, കാർഷികയന്ത്രങ്ങൾ, ഡ്രിപ്സിസ്റ്റം എന്നിവ പ്രവർത്തിപ്പിക്കാനും ചെറിയ അറ്റകുറ്റപ്പണികൾ നടത്താനും അറിയുന്ന ഒരു ഇലക്ട്രീഷ്യന്‍/ പ്ലംബര്‍/ മെക്കാനിക്ക് (Elecrtician/Plumber /Mechanic) ആയിരിക്കണം.
 46. സർവ്വോപരി, ഉത്പാദനസാമഗ്രികളുടെ കച്ചവടക്കാർ, വായ്പാസ്ഥാപനങ്ങൾ, തൊഴിലാളികൾ, രാസ -ജൈവവളങ്ങളുടെയും മരുന്നുകളുടെയും യന്ത്രങ്ങളുടെയും കച്ചവടക്കാർ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം തന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ സംയോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്ന ഒരു നിര്‍വ്വഹണവിദഗ്ദ്ധനും (Management Expert) ആയിരിക്കണം.
  ഇത്രയധികം നൈപുണ്യങ്ങള്‍ ഒത്തുചേരുന്ന സാമര്‍ത്ഥ്യം കൃഷിയിലല്ലാതെ മറ്റേതു തൊഴിലിനാണു വേണ്ടത്? എന്നിട്ടും പിന്നെ എന്തുകൊണ്ടാണ് കർഷകന് ആരും വേണ്ടത്ര ബഹുമാനമോ സോഷ്യൽ സ്റ്റാറ്റസ്സോ കൊടുക്കാത്തത്? കൃഷിക്കുവേണ്ട നൈപുണ്യങ്ങളൊന്നും ആര്‍ജ്ജിക്കാതെ നേരേയിറങ്ങി നഷ്ടമായേ എന്നു വിലപിക്കുന്നവരെ ആരാണ് ബഹുമാനിക്കുക? അതുകൊണ്ട്, കൃഷിക്കാരാകാന്‍ തുനിയുന്ന ഏതൊരാളും ശാസ്ത്രീയമായി കാലാവസ്ഥയറിഞ്ഞ്, മണ്ണറിഞ്ഞ്, വിപണിയറിഞ്ഞ്, കീട-രോഗങ്ങളെയറിഞ്ഞുവേണം ഈ മേഖലയിലേക്കിറങ്ങാന്‍. കൃഷി ഭാവിയുടെ ആവശ്യമാണ്. പണിയറിയാവുന്നവരിറങ്ങിയാല്‍ വിലയുമുണ്ടാകും. സുനിശ്ചിതം.
  ഇത്തരത്തിൽ കർഷകരെ സജ്ജമാക്കാൻ പ്രതിജ്ഞാബദ്ധരായ കൃഷി ഉദ്യോഗസ്ഥർക്കും ഈ മേഖലയിലെല്ലാം മികച്ച അറിവും പരിചയവും ഉണ്ടാകണം. സാങ്കേതികത്തികവ് ഇല്ലെങ്കിൽപ്പോലും കർഷകരെ മനസ്സിലാക്കാനും അവരോട് മാന്യമായി ഇടപെടാനും കഴിയണം. ഇങ്ങനെ കര്‍ഷകരും കൃഷിഉദ്യോഗസ്ഥരും കേരളത്തിലെ 1076 കൃഷിഭവനുകളും സജ്ജരായാൽ പിന്നെ നമ്മളെ പിടിച്ചാൽ കിട്ടില്ല. പക്ഷേ, ആരൊക്കെ തയ്യാറാണ്? ഈ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരമായാല്‍ ഈ ലേഖനത്തിനുതന്നെ ഉത്തരമായി.