Menu Close

മഴക്കാലപൂർവ്വ ശുചീകരണം: ജില്ലാതലത്തില്‍ കരുതല്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി മഴക്കാലപൂർവ്വ ശുചീകരണം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വേനൽമഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. പൊതുയിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുകുനിർമ്മാർജ്ജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധികജലം പുറത്തേക്കൊഴുക്കണം. ഇത് 2024 മെയ് 25ന് മുൻപായി പൂർത്തീകരിക്കണം.
പ്രധാന റെഗുലേറ്ററുകൾ, സ്പിൽവേകൾ എന്നിവയുടെ മുൻപിലും പുറകിലുമുള്ള തടസ്സങ്ങൾ നീക്കണം. ഷട്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്രജലകമ്മീഷൻ അംഗീകരിച്ച റൂൾകർവ്വിനു മുകളിൽ എത്തുന്നില്ലെന്ന് റൂൾകർവ് നിരീക്ഷണസമിതി ഉറപ്പാക്കണം. നഗരമേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ‍ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. സ്കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ദുരന്തനിവാരണഅതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ആവശ്യമായ അവലോകനം എത്രയുംപെട്ടെന്ന് നടത്തണം.

അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ മഴയ്ക്കു മുന്നോടിയായി മാറ്റണം. റോഡിൽ പണി നടക്കുമ്പോൾ സുരക്ഷാമുന്നറിയിപ്പ് നൽകണം. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണം. അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയംമാറാൻ സാധിക്കുംവിധം പരിശീലനം നൽകണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യതയുടെ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാമുന്നറിയിപ്പ് നൽകണം. ആപദ്മിത്ര, സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു