നമ്മുടെ കാർഷിക കലണ്ടറിൽ മേടം, ചിങ്ങം മാസങ്ങൾ കാർഷിക പ്രാധാന്യമുള്ള രണ്ടു ഋതുക്കളാണ്. മേടത്തിൽ വിഷുവും, ചിങ്ങത്തിലെ ഓണവും വളരെ പ്രാധാന്യമുള്ളതാണ്. ഓണത്തെപ്പറ്റി / ഓണത്തിന്റെ ചരിത്രത്തെപ്പറ്റി വിവിധ ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി കൃഷിയുടെ പ്രാധാന്യവും, വിളവെടുപ്പിന്റെ മഹത്വവും, കാർഷിക സംസ്കൃതിയുടെ കൂടിച്ചേരലും കൂടിയാകുമ്പോൾ ഓണത്തിന് പതിൻമടങ്ങ് മാറ്റ് കൂട്ടുന്നു. കർക്കിടകം പഞ്ഞകർക്കിടകം എന്നാണ് അറിയപ്പെടുന്നത്. പഞ്ഞമാസം മാറി സമൃദ്ധിയുടെ മാസമായ ചിങ്ങമാസത്തെ വരവേൽക്കുന്നതും, ചിങ്ങം 1 കർഷകദിനമായും, ആണ്ടുപിറവിയായും കൊണ്ടാടുന്നത് ഓണമാസത്തിന്റെ മറ്റൊരു പ്രത്യേകതകൂടിയാണ്.
ഓണം “നന്മ “യുടെ പ്രതീകമാണ്. നന്മ എന്നാൽ സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമഭാവനയുടെയും പ്രതീകമാകുന്നു. ഓണം മലയാളദേശത്തെ വിശ്വമഹോൽത്സവമാകുമ്പോൾ തന്നെ മറുദേശങ്ങളിലും ഓണം ആഘോഷിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സംഘകാലസാഹിത്യമായ “മധുരൈ കാഞ്ചിയിൽ” ഓണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഓണത്തിന്റെ പ്രധാന അനുഷ്ഠാനങ്ങളാണ് ഓണത്തെയ്യം, ഓണത്തുള്ളൽ / വേലൻതുള്ളൽ, ഓണപ്പൊട്ടൻ / ഓണേശ്വരൻ, ഓണവില്ല്, കാഴ്ചക്കുല സമർപ്പണം മുതലായവ. ഓണച്ചൊല്ല്, ഓണപ്പാട്ട്, ഓണസദ്യ, അത്തപ്പൂക്കളം, അത്തച്ചമയം മുതലായവ ഓണവുമായി ബന്ധപ്പെട്ടുനിൽക്കുന്ന പ്രധാന ആഘോഷങ്ങളാണ്. അത്തപ്പൂക്കളം ഇടുന്നത് ഒന്നാം നാൾ ഒരിനം പൂവ് , രണ്ടാം നാൾ രണ്ടിനം പൂവ് തുടങ്ങി ഉത്രാടനാളിൽ ഏറ്റവും ചെറിയ പൂക്കളം ഏറ്റവും വലിയ പൂക്കളമായി മാറുന്നു എന്നുള്ളതും പൂക്കളത്തിന്റെ പ്രധാന സവിശേഷതയാണ്.
വിഭവസമൃദ്ധമായ ഓണസദ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് “ഉണ്ടറിയണം ഓണം” എന്ന ചൊല്ല്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവ ഓണസദ്യയുടെ പ്രധാന വിഭവങ്ങളാണ്. സദ്യ വിളമ്പുന്നത് നാക്കിലയിൽ ഇടതു മുകളിൽ ഉപ്പേരി, വലതു താഴെ ശർക്കര ഉപ്പേരി, ഇടതുവശം പച്ചടി, വലതുവശം കാളൻ, ഓലൻ, എരിശ്ശേരി, ഇലയുടെ മധ്യത്തിൽ ചോറ് എന്നിവയാണ് ഓണസദ്യയുടെ നാക്കിലയിലെ വിന്യാസം.
“സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധിനേടുന്നു.” മഹാകവി കുമാരനാശാൻ ഈ വരികളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് ലോകം സ്നേഹമയമാണ് എന്നുള്ളതാണ്. സ്നേഹമാണ് എല്ലാ നന്മകളുടെയും പ്രതീകം എന്നുമാണ്. ഓണത്തിന്റെ സന്ദേശവും സ്നേഹം തന്നെയാണ്.സ്നേഹത്തിന്റെയും നന്മയുടെയും സഹോദര്യത്തിന്റെയും, സാംസ്കാരിക-കാർഷിക പൈതൃകത്തിന്റെയും ഓർമ്മപ്പെടുത്തലും, ജീവിതത്തിൽ ഇവ കൈമുതലായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നതുകൂടിയാണ് ഓണം എന്ന ഈ സുദിനം.
എല്ലാവർക്കും എല്ലാ നന്മകളും,ഐശ്വര്യവും നാട്ടിൽ സമൃദ്ധിയും, സഹോദര്യവും ഉണ്ടാകുവാനും ഇതിന്റെ ഗുണം ലോകത്തിനു സുഖം പകരാൻ കഴിയുമാറാകട്ടെയെന്നും ആശംസിച്ചു കൊണ്ട് എല്ലാവർക്കും എന്റെ ഹൃദ്യമായ ഓണാശംസകൾ നേരുന്നു.
വിജീഷ് വിശ്വംഭരൻ
Agri expert ABTEC