Menu Close

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?

കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.
പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ് ചെയ്യുന്നത്. വവ്വാലുകളില്‍നിന്ന് നേരിട്ടും പകരാം. വവ്വാലുകള്‍ കടിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ചൂട് ഏല്‍ക്കുമ്പോള്‍ നശിക്കുന്ന ഒരു വൈറസ് ആണ് നിപ്പവൈറസ്.
പന്നികളില്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ കര്‍ഷകര്‍ എത്രയുംവേഗം മൃഗാശുപത്രിയില്‍ വിവരം അറിയിക്കേണ്ടതാണ്. പന്നികളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാല്‍ പന്നിഫാമുകളില്‍ ശുചിത്വവും കൃത്യമായ അണുനശീകരണവും നടത്തേണ്ടതാണ്.
ഫാമുകളില്‍ മരണപ്പെടുന്ന മൃഗങ്ങളുടെ ശവശരീരങ്ങള്‍ ആഴത്തില്‍ കുഴിച്ചിടുകയോ ശാസ്ത്രീയമായി കത്തിക്കുകയോ ചെയ്യുക. ഫാമുകളുടെ പരിസരങ്ങള്‍ വവ്വാലുകള്‍ ചേക്കാറാതിരിക്കുവാന്‍ നെറ്റ് ഉപയോഗിച്ച് മൂടുക. രോഗം നിലനില്‍ക്കുന്ന മേഖലകളില്‍ പുതുതായി മൃഗങ്ങളെ വാങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക.