Menu Close

കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളും പരിഹാരങ്ങളും: ഭാഗം 1

ജീവിതം ഒന്നേയുള്ളൂ. ജീവിച്ചു കൊതിതീരുംമുമ്പ് അത് അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ വളരെ ദുഃഖകരമാണ്. അത് ഒഴിവാക്കാന്‍ മാര്‍ഗമൊന്നുമില്ലേ എന്നു നാം ചിന്തിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ ആത്മഹത്യകള്‍?
മനുഷ്യസമൂഹത്തിന് അന്നമൂട്ടുന്നവരാണ് കര്‍ഷകര്‍. പക്ഷേ, കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് നീറുന്ന ഒരു പ്രശ്നമായി ലോകമെമ്പാടും നിലനില്ക്കുന്നുണ്ട്. അതിന് നിരവധി കാരണങ്ങളുണ്ട്. പല കാരണങ്ങള്‍ ഒരുമിച്ചുചേര്‍ന്നും വ്യക്തിപരമായ മറ്റു നിരവധി കാരണങ്ങളും ആത്മഹത്യയിലേക്കു നയിക്കുന്നതായുണ്ട്.
ഈ ലേഖനത്തില്‍ കര്‍ഷക ആത്മഹത്യയുടെ പൊതുവായ ചില പ്രധാനകാരണങ്ങളെ വിശകലനം ചെയ്യുകയും സാധ്യമായ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

എന്തൊക്കെയാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍?

 1. സാമ്പത്തിക കാരണങ്ങള്‍
  സ്ഥിരവരുമാനമുള്ള ആളുകളുടെ ജീവിതാവസ്ഥയല്ല കര്‍ഷകരുടേത്. ഒരു വര്‍ഷം പ്രതീക്ഷിക്കാത്തത്ര കൂടുതല്‍ വരുമാനം ലഭിക്കും. അടുത്ത വര്‍ഷം മുടക്കിയതുപോലും നഷ്ടപ്പെടും. ഈ അരക്ഷിതാവസ്ഥ കര്‍ഷകരുടെ കൂടെപ്പിറപ്പാണ്. വായ്പയെടുത്താണ് മിക്ക കര്‍ഷകരും കൃഷിയിറക്കുന്നത്. മുതല്‍മുടക്കുപോലും നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവം നിറഞ്ഞതുതന്നെയാണ്. ഇതിനെ നേരിടാനുള്ള ഉപായങ്ങള്‍ ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
  കാര്‍ഷികേതരമായ കാരണങ്ങളും സാമ്പത്തികസമ്മര്‍ദ്ദത്തിലേക്കു നയിക്കുന്നതായുണ്ട്. കര്‍ഷകനോ കുടുംബാംഗങ്ങള്‍ക്കോ ഉണ്ടാകുന്ന രോഗം, ബാധ്യതകള്‍ ഇവമൂലം സാമ്പത്തികപ്രതിസന്ധി വരാം.
  പണം കൈകാര്യം ചെയ്യുന്നതിലെ പിശകും കുഴപ്പത്തിലേക്കു നയിക്കാം. നല്ല വരുമാനം കിട്ടുമെന്ന പ്രതീക്ഷയോടെ കടംവാങ്ങിച്ചെലവഴിക്കുകയും ആ പ്രാവശ്യം വരുമാനം കുറയുകയും ചെയ്താല്‍ സാമ്പത്തികമായി താളം തെറ്റും. കടം കയറി കിടപ്പാടം പോകുന്ന അവസ്ഥ പലര്‍ക്കും അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്ത പ്രശ്നമായിരിക്കും.
  മദ്യപാനം ശീലിക്കുന്ന കര്‍ഷകര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ അതിന്റെ അടിമയാകുന്നതോടെ കൂടുതല്‍ സാമ്പത്തികമായ അപകടാവസ്ഥയിലാകുന്നു.
  കമ്പോളവ്യവസ്ഥയുടെ അനിയന്ത്രിതമായ പ്രലോഭനങ്ങള്‍ മൂലം അത്യാവശ്യമല്ലാത്ത ഉപകരണങ്ങളും സുഖസൗകര്യങ്ങളും വാങ്ങിക്കൂട്ടുന്നത് സാമ്പത്തിക അച്ചടക്കത്തെ തെറ്റിക്കും.
  ഇത്തരം പലവിധ സാമ്പത്തികകാരണങ്ങള്‍കൊണ്ട് ജീവിതം വഴിമുട്ടിയതായി തോന്നുന്ന ചില ഘട്ടങ്ങളില്‍ ആത്മഹത്യാചിന്ത കടന്നുവരാം.
 2. വിളനാശമുണ്ടാക്കുന്ന ആഘാതം
  ലോകത്തെ ഏറ്റവും പഴക്കംചെന്ന തൊഴിലുകളിലൊന്നാണ് കൃഷി. അന്നുമുതല്‍ കര്‍ഷകരുടെ ജീവിതം പ്രവചനാതീതമാണ്. ഏറ്റവും നല്ല വിളവുണ്ടായി വിളവെടുപ്പിനു കാത്തിരിക്കുമ്പോഴാകും കൊടുങ്കാറ്റോ പേമാരിയോ വന്ന് എല്ലാം തകര്‍ത്തെറിയുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയൊക്കെ കര്‍ഷകരെ ബാധിക്കുന്നു. ആധുനിക കൃഷിരീതികളും സാങ്കേതികവിദ്യയും പരിചിതരാകാത്ത കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇന്നും അവരുടെ ഭാവിജീവിതംതന്നെ തര്‍ക്കുന്ന ഒന്നായി വിളനാശം കടന്നുവരുന്നു. പ്രതീക്ഷകള്‍ ഒറ്റയടിക്കു തകരുന്നതോടെ ജീവിതം നിലച്ചതായി ചിലര്‍ക്കുതോന്നാം.
 3. വിപണിയിലെ ചൂഷണം
  വിപണിയില്‍ ഇടപെടാനുള്ള ശേഷിക്കുറവ് കുറച്ചൊന്നുമല്ല കര്‍ഷകരെ ശ്വാസം മുട്ടിക്കുന്നത്. അവരുടെ അധ്വാനത്തിന്റെ നല്ലൊരു പങ്കും ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. മൊത്തക്കച്ചവടക്കാരോട് വിലപേശി അര്‍ഹമായതുവാങ്ങാന്‍ പലപ്പോഴും അവര്‍ക്കു കഴിയുന്നില്ല. ഒരു കിലോ തക്കാളിക്കോ സവാളക്കോ രണ്ട് രൂപപോലും കിട്ടാതെ പെരുവഴിയില്‍ കളയേണ്ടിവരുന്ന കര്‍ഷകര്‍ക്കു മുമ്പില്‍ ജീവിതം ഗതിമുട്ടിയതായി തോന്നുന്നു.
 4. സാമൂഹ്യമായ സങ്കീര്‍ണതകള്‍
  സാമൂഹ്യവിഷയങ്ങള്‍ പല തരത്തിലുണ്ട്. സാമൂഹ്യജീവിതത്തിന്റെ ഏറ്റവും അടുത്ത കണ്ണിയായ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍, ജാതീയവും മതപരവുമായ വേര്‍തിരിവ്, സമൂഹത്തില്‍നിന്നു നീതി ലഭിക്കുന്നില്ല എന്ന വിശ്വാസം, ജീവിതപരാജയങ്ങളെയും പാളിച്ചകളെയും സമൂഹം ദയാരഹിതമായി സമീപിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ താന്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ സൃഷ്ടിക്കാം. സമൂഹം തിരിച്ചുപെരുമാറുന്നതും പലപ്പോഴും ദയാരഹിതമായാണ്. പരാജയത്തില്‍ അവഹേളിക്കുക, പരീക്ഷണങ്ങളെ അപഹസിക്കുക, ആത്മവിശ്വാസം കൊടുക്കേണ്ടടത്ത് നിരാശ നിറയ്ക്കുക ഇവയൊക്കെ പൊതുസമൂഹത്തിന്റെ ആനന്ദത്തില്‍ പെടുന്നവയാണ്. ചില ദുര്‍ബലനിമിഷങ്ങളില്‍ ഈ പ്രതികരണങ്ങള്‍ ഒരാളെ സ്വയംഹത്യയിലേക്കു നയിക്കാം.
 5. മാനസികമായ അരക്ഷിതാവസ്ഥ
  മാനസികമായ അരക്ഷിതാവസ്ഥ കൃഷിയുടെ സഹജമായ സാഹചര്യമാണ്. വിത്തിടുന്ന കാലം മുതല്‍ വിളവെടുക്കുംവരെ അതുതുടരും. കാലാവസ്ഥയും കീടങ്ങളും വന്യമൃഗങ്ങളും മുതല്‍ സാമൂഹ്യവിരുദ്ധര്‍ വരെ കര്‍ഷകരുടെ ശത്രുക്കളായി കടന്നുവരും.
  തുടര്‍ച്ചയായ ഇത്തരം അരക്ഷിതാവസ്ഥകളും ചൂഷണവുമെല്ലാം ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമായിത്തീരും. ഇത് ക്രമേണ അപകടങ്ങളിലേക്കു നയിച്ചേക്കാം.
  പുതിയ സാങ്കേതികവിദ്യയിലൂടെ അനിയന്ത്രിതമായി കടന്നുവരുന്ന പലതരം വിവരങ്ങള്‍ ഗുണത്തേക്കാളുപരി ദോഷങ്ങളുണ്ടാക്കും. എല്ലാം അപകടത്തിലേക്കു നീങ്ങുന്ന എന്ന തരത്തിലുള്ള പ്രചാരണം മാനസികമായ അരക്ഷിതാവസ്ഥയിലെത്തിയവരെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലേക്കു നയിക്കും. നാട്ടില്‍ പെരുകിവരുന്ന വാര്‍ത്താചാനലുകള്‍ക്കിടയിലെ മത്സരം മൂലം ചെറിയ സംഭവങ്ങളെപ്പോലും പെരുപ്പിച്ച് പിരിമുറുക്കം നിലനിര്‍ത്തി അവതരിപ്പിക്കുന്നത് സ്ഥിരമായി കാണുന്ന ചിലരില്‍ ഭാവിചിന്ത കൂടുതല്‍ സങ്കീര്‍ണമാകും. കര്‍ഷകാത്മഹത്യകളെ പെരുപ്പിച്ചുകാണിച്ച് കര്‍ഷകന് ജീവിതമില്ല എന്നൊക്കെയുള്ള വാട്സാപ് പഠനങ്ങള്‍ മാനസികാവസ്ഥയെ കൂടുതല്‍ പ്രശ്നങ്ങളിലേക്കു നയിക്കും. മാനസികമായ അരക്ഷിതാവസ്ഥ സങ്കീര്‍ണമാകുന്നതോടെ ആത്മഹത്യാപ്രേരണ വര്‍ദ്ധിക്കുന്നു.
 6. അറിവില്ലായ്മ
  അറിവാണ് പുതിയ ലോകത്തില്‍ നിലനില്‍ക്കാനുള്ള ഏറ്റവും വലിയ ഊര്‍ജ്ജം. അതേസമയം, കാലഹരണപ്പെട്ടതും തെറ്റായതുമായ അറിവുകള്‍ ജീവിതം അപകടാവസ്ഥയിലാക്കും. പുതിയ കൃഷിരീതികള്‍, പുതിയ വിപണികള്‍, പുതിയ സര്‍ക്കാര്‍ പദ്ധതികള്‍, പുതിയ പരിശീലനങ്ങള്‍ ഇവയൊക്കെ അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമില്ല എന്ന ലളിതമായ ഉത്തരത്തില്‍ എത്തിച്ചേരും. ലോകത്തെക്കുറിച്ചുള്ള പരിമിതമായ അറിവുകള്‍, അതിനപ്പുറം ലോകമുണ്ടെന്നു പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്ത അവസ്ഥ ഇതെല്ലാം അറിവില്ലായ്മയെ അപകടരമാക്കും. ഒപ്പം, ഈയിടെയായി തെറ്റായ അറിവുകള്‍ സോഷ്യല്‍മീഡിയയിലൂടെ അനിയന്ത്രിതമായി പ്രവഹിക്കുന്നത് വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ട ആത്മഹത്യകളെ മാര്‍ക്കറ്റിങ്ങ്- രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ വഴിയിലേക്കു കര്‍ഷകരെ നയിക്കും. കൃത്യമായ അറിവ് കൃത്യമായ സമയത്തു കിട്ടിയിരുന്നെങ്കില്‍ ഒഴിവാക്കാനാകുന്നതായിരുന്നു മിക്ക കര്‍ഷകആത്മഹത്യകളുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതിനുപകരം, തെറ്റായ ഒരറിവിനെ ശരിയെന്നു വിശ്വസിക്കുന്നതോടെ ഇനി തനിക്ക് വേറെ മാര്‍ഗമില്ല എന്ന നിഗമനത്തിലേക്ക് കര്‍ഷകനെ കൊണ്ടെത്തിക്കുന്നു. ഇവയാണ് ആത്മഹത്യയുടെ പ്രധാനപ്പെട്ട പൊതുകാരണങ്ങള്‍. ഇവയെ അതിജീവിക്കുവാനുള്ള മനസ്ഥൈര്യം, വിവേചനശക്തി, സുഹൃത്ത്ബലം, ചികിത്സാസഹായം ഇവയില്ലെങ്കില്‍ അത് ദുരന്തത്തിലേക്കു നയിച്ചേക്കാം. ആയതിനാല്‍ ഓരോരുത്തരും അവരവര്‍ക്കും അവരുടെ അടുപ്പമുള്ളവര്‍ക്കുമായി ഇതിനുള്ള പരിഹാരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
  (തുടരും)