Menu Close

മഴക്കാല മുന്നൊരുക്കം: വകുപ്പുതല ഏകോപനയോഗം ചേര്‍ന്നു

മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധവകുപ്പുകളുടെ ഏകോപനയോഗം ജില്ലാകളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിന് ഓരോ വകുപ്പും നിര്‍വഹിക്കേണ്ട ചുമതലകള്‍ ഓറഞ്ചുബുക്കില്‍ പറയുന്നതുപ്രകാരം നിരവേറ്റണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ആവശ്യമായ മുന്നൊരുക്ക ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ആരോഗ്യവകുപ്പിനും പഞ്ചായത്തിനും നിര്‍ദ്ദേശം നല്‍കി. സ്വകാര്യഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റണം. താലൂക്കുതലത്തിലും വില്ലേജുതലത്തിലും ദുരന്തനിവാരണസമിതി എല്ലാ മാസവും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മലയോര- തീരപ്രദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ കോതിയൊതുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണ ഭീഷണി സാധ്യതയുള്ള പ്രദേശങ്ങള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, സബ് കളക്ടര്‍മാരായ സച്ചിന്‍കുമാര്‍ യാദവ്, അപുര്‍വ ത്രിപാദി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.