Menu Close

കേരളത്തിലെ കാര്‍ഷികപഴഞ്ചൊല്ലുകള്‍ 02

ഞാറുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍
ഇരുപത്-ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികളെയാണ് ഞാറ് എന്നുപറയുന്നത്. ഞാറ് വേരുപിടിച്ചാല്‍ പിന്നെ നെല്‍കൃഷിയിലെ നല്ലൊരു ശതമാനം അരക്ഷിതാവസ്ഥ തീര്‍ന്നു എന്നാണ് കരുതുന്നത്.

  1. ഞാറുറച്ചാൽ ചോറുറച്ചു
    ഞാറുറച്ചതോടെ കൊല്ലത്തിന്റെ ബാക്കിഭാഗത്തെ ആഹാരം ഉറപ്പായി എന്ന ധൈര്യമാണ് ഈ പഴഞ്ചൊല്ലില്‍. നടാനുള്ള ഞാറ് ശരിയാണെങ്കില്‍ അടുത്ത കാലത്തേക്കുള്ള ആഹാരത്തിന്റെ കാര്യവും ഭദ്രമായി എന്നും അര്‍ത്ഥംപറയാം.
  2. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
    ഞാറിന്റെ കാര്യത്തില്‍ പരാജയപ്പെട്ടാല്‍ കാത്തിരിക്കുന്നത് പട്ടിണിയാണ് എന്നു സാരം.
  3. ഞാറില്ലെങ്കിൽ ചോറില്ല
    ഞാറിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാതെപോയാല്‍ വരുംകാലത്ത് ചോറും ഉണ്ടാവില്ല എന്നു വ്യംഗ്യം.
  4. നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്
    ഉണങ്ങിപ്പോയ ഞാറിനെ നിരന്തരം ഗര്‍ഭം ധരിച്ച് ആരോഗ്യം പോയ പെണ്ണിനോടാണ് ഉപമിച്ചിരിക്കുന്നത്. നിഷ്ഫലമായ ഞാറ് കര്‍ഷകരായ പുരുഷന്മാരുടെ വീക്ഷണത്തില്‍ ഇനി പെറാന്‍ ശേഷിയില്ലാത്ത പെണ്ണിനു തുല്യമാണ്.