Menu Close

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. ക്ഷീരകർഷകരെ സഹായിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരും ക്ഷീരവികസന വകുപ്പും കർഷകർക്കൊപ്പമെന്നതിന്റെ തെളിവാണ്, ക്ഷീരകർഷകർക്കും അവരുടെ കുടുംബാഗംങ്ങൾക്കും ആരോഗ്യ-ലൈഫ് ഇൻഷുറൻസും കന്നുകാലികൾക്ക് പരിരക്ഷയും ഉറപ്പാക്കുന്ന ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ഡയറി എക്‌സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നറുക്കെടുപ്പിലൂടെ ബ്ലോക്ക് പരിധിയിലുള്ള മൂന്ന് കർഷകർക്ക് പശുക്കളെ വിതരണം ചെയ്തു.