Menu Close

മൈക്രോഗ്രീന്‍സ് പുതിയ കാലത്തിന്റെ ഭക്ഷണം

പോഷകസമൃദ്ധമായ ഇലക്കറിക്ക് പറമ്പിലേക്കുപോലും ഇറങ്ങണ്ട എന്ന സ്ഥിതിയായിരിക്കുന്നു. ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് അതില്‍ കുറച്ച് പേപ്പറോ പഴന്തുണിയോ ഇട്ടാല്‍ കൃഷിഭൂമി റെ‍ഡി. കുറച്ച് മുളപ്പിച്ച വിത്തുകള്‍ പാകി ദിവസേന വെള്ളം സ്പ്രേ ചെയ്യുക മാത്രം മതി. പത്തുദിവസം കൊണ്ട് വിളവെടുപ്പും നടത്താം. കൃഷി പോലെതന്നെ അല്‍ഭുതകരമാണ് ഇതിന്റെ ഗുണങ്ങളും.

മണ്ണിലല്ല നടുന്നത് എന്നതിനാല്‍ വേരടക്കം ഭക്ഷ്യയോഗ്യമാണ്. കടല, ചെറുപയര്‍, ഉലുവ, ഗോതമ്പ്, പയര്‍, കടുക്, ചീരവിത്ത്, ഗോതമ്പ് തുടങ്ങിയ എന്തും ഇതേ രീതിയില്‍ കൃഷി ചെയ്യാം. ഉണ്ടാക്കാാന്‍ ഏറെ എളുപ്പവുമാണ്. സാധാരണ ഇത്തരം ഭക്ഷണ വസ്തുക്കളില്‍ നിന്നും കിട്ടുന്ന പോഷകങ്ങളുടെ 40 ഇരട്ടിയോളം ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മൈക്രോഗ്രീനുകളില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് വാസ്തവം.

വിത്ത് മുളയ്ക്കുന്ന 5-10 ദിവസം വരയുള്ള കാലമാണ് സ്പ്രൗട്ട്‌സ് . അല്‍പ്പം കൂടി വളര്‍ന്ന ഇലകള്‍ വരുന്ന അവസ്ഥയാണ് മൈക്രോഗ്രീന്‍സ്. വളര്‍ച്ച 15-20 ദിവസം വരെയായാല്‍ ഇതിനെ ബേബി ഗ്രീന്‍സ് എന്നാണ് പറയുക. 1-2 മാസം വരെ വളര്‍ച്ചയായാല്‍ ഇത് അഡല്‍ട്ട് ഗ്രീന്‍സ് ആയി. ഇതിനെയാണ് ചെടി എന്നു വിശേഷിപ്പിയ്ക്കാവുന്നത്. ഇത്തരത്തില്‍, ചെടിയുടെ ഈ നാല് അവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നമുക്ക് ലഭിയ്ക്കുന്നത് മൈക്രോഗ്രീന്‍സ് അവസ്ഥയിലാണ്. കാരണം വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ വേണ്ട പോഷകങ്ങളെല്ലാം ഏറ്റവും സജീവമായി നിലനില്‍ക്കുന്ന കാലമാണ് ഇത്.

വളരെ ലളിതമാണ് മൈക്രോഗ്രീന്‍സ് കൃഷിരീതി. ഒരു ട്രേ, അല്‍പം ടിഷ്യൂ പേപ്പര്‍ ഇത്രമാത്രമാണ് കൃഷിക്ക് വേണ്ട സാധനങ്ങള്‍. ടിഷ്യൂ പേപ്പര്‍ മൂന്നു ലെയര്‍ വേണം. നനവു നില്‍ക്കാനാണിത്.ട്രേയുടെ അടിയില്‍ മൂന്നു ലെയറായി ടിഷ്യൂ പേപ്പര്‍ വിരിച്ച് ഇതില്‍ വെള്ളം തളിയ്ക്കുക. നനവു വേണം. ഇതില്‍ കട്ടി കുറഞ്ഞ ലെയറായി മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ നിരത്തിയിടുക. ന്യൂസ് പേപ്പറോ നനവുള്ള ചാക്കോ പഴന്തുണിയോ ടിഷ്യൂവിന് പകരം ഉപയോഗിയ്ക്കാം. നനവു വേണം എന്നു മാത്രം. ഇത് സൂര്യപ്രകാശം കിട്ടുന്നിടത്തു വയ്ക്കാം. ആദ്യത്തെ 10 ദിവസം നല്ലതു പോലെ വെയില്‍ കൊള്ളിയ്ക്കുക. എന്നാല്‍ വെള്ളം മുഴുവന്‍ വറ്റി ഉണങ്ങിപ്പോകരുത്. പകുതി ദിവസം നല്ല സൂര്യപ്രകാശം കൊള്ളിച്ചാല്‍ മതിയാകും. പിന്നീട് ജനലരികിലോ മറ്റോ വയ്ക്കാം. ഇതിലേയ്ക്കു ദിവസവും മൂന്നു നേരവും വെളളം സ്പ്രേ ചെയ്യണം. നനവും സൂര്യപ്രകാശവും ഉണ്ടെങ്കിലേ ഇതു വളരൂ. ഇതില്‍ ഇലകള്‍ വന്നു തുടങ്ങുന്ന ഘട്ടത്തില്‍ ഇത് മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. സാലഡാക്കി കഴിച്ചാല്‍ ഏറെ നല്ലതാണ്. ആദ്യത്തെ 10 ദിവസം ധാരാളം വെള്ളമുണ്ടാകും. 8 മാസം പ്രായമുള്ള കുട്ടികള്‍ക്ക് അരച്ചു ഭക്ഷണത്തില്‍ തുടങ്ങി പ്രായമായവര്‍ക്കു വരെ ഇതു കഴിയ്ക്കാം.

ഇത്തരം മൈക്രോഗ്രീന്‍സില്‍ അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം ഇതിലുണ്ട്. ഇതിന്റെ കലോറി തീരെ കുറവാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും ഇതു കഴിയ്ക്കാം. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇത്. പ്രത്യേകിച്ചും ഉലുവ കൊണ്ടുള്ള മൈക്രോഗ്രീന്‍സ് പ്രമേഹ രോഗികള്‍ക്കു നല്ലതാണ്.