Menu Close

കേരളത്തിലെ പശുക്കള്‍ ഇനി സ്മാര്‍ട്ട് പശുക്കള്‍

രാജ്യത്താദ്യമായി കന്നുകാലികളില്‍ റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതി പുരോഗതിയിലേക്ക്. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കിവരുന്നു. കേരള റീബീൽഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.52 കോടി രൂപയാണ് ഇതിന് കേരള സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കേരളാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടന്നുവരുന്നത്.
അനിമൽ മാപ്പിങ്/ ട്രേസബിലിറ്റി (Animal mapping/ traceability) സാങ്കേതിക വിദ്യയിലൂടെ കന്നുകാലികളുടെ വിവരങ്ങള്‍ അനായാസം ഉപയോഗിക്കാനാവുന്ന തരത്തില്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതാണ് ഇ-സമൃദ്ധ പദ്ധതി. ഇതുവഴി പാലുൽപ്പാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്കു വർദ്ധിപ്പിക്കാനും കന്നുകാലികളിൽ കൃത്യമായി രോഗനിർണയം നടത്താനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കാനും കഴിയുമെന്നു കണക്കുകൂട്ടുന്നു.
12 മി.മീ. നീളവും 2 മി.മീ. വ്യാസവുമുള്ള, മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്ന അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി) കന്നുകാലികളുടെ ചെവിക്കു താഴെയാണ് ഘടിപ്പിക്കുന്നത്. ഇതിലൂടെ കന്നുകാലികളുടെ ഉത്പാദനശേഷിയും ആരോഗ്യവും ഉടമസ്ഥരുടെ വിവരങ്ങളും അടങ്ങിയ സമഗ്രമായ ഒരു ഡാറ്റാബേസ് ഇ-സമൃദ്ധ പദ്ധതിയിലൂടെ ലഭ്യമാകും. കാർഡ് റീഡറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്ത ഓരോ കന്നുകാലികളുടെയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി ലഭ്യമാകും. ഇതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും പുതിയതും സങ്കീർണവുമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ഉൽപ്പാദനശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ള കന്നുകാലികളെ കണ്ടെത്തി കൃത്രിമ ബീജസങ്കലനത്തിലൂടെ പാൽ ഉത്പാദനം കൂട്ടി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും. ഈ ഡാറ്റബേസ് രോഗ നിരീക്ഷണം, ഇ-വെറ്റിനറി സർവീസ്, ഇൻഷുറൻസ് അധിഷ്ഠിത സേവനങ്ങൾ, ബ്രീഡിംഗ് മാനേജ്മെന്റ്, ജി.ഐ.എസ്. മാപ്പിംഗ് തുടങ്ങിയവയ്ക്കായി ഉപയോഗിയ്ക്കാം. ക്ഷീരവികസന മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായം സ്വീകരിച്ച് കർഷകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും സംസ്ഥാനത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് പാലുത്പാദനം വർധിപ്പിക്കുന്നതിനും സർക്കാർ നടത്തുന്ന മികച്ച ഇടപെടലിന്റെ ഉദാഹരണമാണ് ഇ സമൃദ്ധ പദ്ധതിയെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങള്‍ക്കിടയില്‍ കാണാതാകുന്ന കന്നുകാലികളെ തിരികെ ഉടമയ്ക്കുലഭിക്കുവാനും ഈ സാങ്കേതികമുന്നേറ്റം അവസരമൊരുക്കും.
എന്തായാലും, കേരള ക്ഷീരവികസന രംഗത്തെ വലിയൊരു നാഴികക്കല്ലാകും ഈ പദ്ധതി എന്നതിനു സംശയമില്ല.