Menu Close

ആരോഗ്യം തരുന്ന സൗന്ദര്യം: നിര്‍മ്മിക്കാം പോഷകപ്പൂന്തോട്ടം

ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന് ആരോഗ്യവും തരുന്ന പോഷകപ്പൂന്തോട്ടനിര്‍മ്മാണത്തിന് പ്രസക്തി ലഭിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന ഇടത്തരക്കാര്‍ക്ക് ഗുണമേന്മയുള്ള ആഹാരം ഇതുകൊണ്ട് ഉറപ്പുവരുത്താനും കഴിയും.

വീട്ടുമുറ്റത്തു മാത്രമല്ല ടെറസിലും അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയിലും പോഷകപ്പൂന്തോട്ടം ഒരുക്കാം. പുതുതായി ഒരുക്കിയോ പഴയ പൂന്തോട്ടത്തിലെ ചില ചെടികളെ മാറ്റി പകരം വിവിധയിനം പച്ചക്കറിവിളകള്‍, ഫലവര്‍ഗ്ഗവിളകള്‍ എന്നിവ വച്ചുപിടിപ്പിച്ചും ഇതു ചെയ്യാം. ഇടയ്ക്ക് സൗന്ദര്യത്തിനായി പൂക്കള്‍ തരുന്ന ചെടികളെ വിന്യസിച്ചും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഇതു രൂപകല്പന ചെയ്യാം.

ഒരു പ്ലാനും ഡിസൈനും തയ്യാറാക്കുക എന്നതാണ് പോഷകപ്പൂന്തോട്ടനിര്‍മ്മാണത്തിലെ ആദ്യപടി. ഇത് സ്വന്തമായി തയ്യാറാക്കുകയോ ഒരു അഗ്രിപ്രൊഫഷണലിന്റെ സഹായം തേടുകയോ ആവാം. തോട്ടത്തിന്റെ സ്ഥലത്തിന്റെ വലിപ്പം, ആകൃതി, മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഒപ്പമുള്ള കെട്ടിടങ്ങളുടെ എലിവേഷന്‍, വെയിലിന്റെയും തണലിന്റെയും ഏറ്റക്കുറച്ചിലുകള്‍, റോഡിന്റെ സാമിപ്യം ഇവ കണക്കിലെടുത്ത് അനുയോജ്യമായ ഡിസൈന്‍ രൂപപ്പെടുത്തണം.

പോഷകപ്പൂന്തോട്ടത്തിന് അനുരൂപമായ ചെടികള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്. നമ്മുടെ നാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും പറ്റിയ വിളകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് തുടക്കക്കാര്‍ക്ക് നല്ലത്. ക്രമേണ ശീതകാലപച്ചക്കറികള്‍ മുതല്‍ മുന്തിരിയും ആപ്പിളും വരെ പരീക്ഷിക്കാവുന്നതാണ്.

വിവിധ നിറങ്ങളിലുള്ള മറ്റു ചീരകള്‍, കാബേജ്, കോളിഫ്ലവര്‍ എന്നിവ ചട്ടിയിലും നിലത്തുമായി വളര്‍ത്താവുന്നതാണ്. വിവിധ ഇനത്തിലുള്ള മുളകുകള്‍, വഴുതിന, കത്തിരി, തക്കാളി എന്നിവ ചട്ടികളില്‍ നടുന്നതാണ് നല്ലത്. ഇഞ്ചി, മഞ്ഞള്‍ എന്നിവ ചട്ടികളില്‍ തണലുള്ള ഭാഗം നോക്കി നടണം. കുറ്റിക്കുരുമുളക് ചട്ടിയില്‍ ഭാഗികമായി തണലുള്ള സ്ഥലത്തുവേണം സ്ഥാപിക്കാന്‍. പാഷന്‍ ഫ്രൂട്ടിനും പാവലിനും പന്തല്‍ കെട്ടിക്കൊടുക്കണം.

പൊന്നാങ്കണ്ണിത്തീര അരികുചെടികളായി വച്ചുപിടിപ്പിച്ച് ആകര്‍ഷകമാക്കാം. മാവ്, പ്ലാവ്, സപ്പോട്ട, പേര, കുടംപുളി, ചെറി, ചെറുനാരങ്ങ, പപ്പായ തുടങ്ങിയവ വലിയ ചട്ടികളിലോ പാട്ടകളിലോ വളര്‍ത്തി തോട്ടത്തില്‍ ആകര്‍ഷകമായി വിന്യസിക്കാന്‍ കഴിയും.

പോഷകപ്പൂന്തോട്ടം എപ്പോഴും ആകര്‍ഷകമായി നിലനിര്‍ത്താന്‍ ശ്രമിക്കണം. കരിഞ്ഞ കൊമ്പുകളും പ്രായാധിക്യം വന്ന ചെടികളും മറ്റും അപ്പോഴപ്പോള്‍ നീക്കംചെയ്യണം. തുള്ളിനനയാണ് നല്ലത്. കൃത്യമായും മിതമായും വെള്ളം ഉപയോഗിക്കാന്‍ അതാണ് നല്ലത്. സമയബന്ധിതമായി വളപ്രയോഗവും കീടനിയന്ത്രണവും നടത്തണം.

വിളവ് എടുത്തുതുടങ്ങുന്നതോടെ ഭക്ഷ്യയോഗ്യമായ ചെടികളുടെ മനോഹാരിത നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ യഥാസമയം നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കണം. അതിനായി കൃത്യമായ ആസൂത്രണത്തോടെ ഒരു കരുതല്‍ ശേഖരം എപ്പോഴുമുണ്ടാകണം. ചട്ടികളില്‍ നടുന്ന ചെടികള്‍ അനായാസമായി മാറ്റാന്‍ കഴിയും.

നല്ല സൗന്ദര്യബോധവും ആരോഗ്യ അവബോധവും ഒത്തിണങ്ങിയ ആര്‍ക്കും അല്പം സമയം മാറ്റിവച്ചാല്‍ വീട്ടുമുറ്റത്തെയോ ബാല്‍ക്കണിയെയോ മനോഹരമായ പോഷകപ്പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും.