Menu Close

കാർഷികസർവ്വകലാശാലയിൽ വിവിധ പദ്ധതികള്‍ക്കു സമാരംഭം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപനഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യുവകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ ലോകത്തെയാകെ നയിച്ച പടനായകനായിരുന്നു ഡോക്ടർ എം.എസ് സ്വാമിനാഥൻ എന്ന് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ബി അശോക് ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ഷക്കീല വി, ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വകലാശാല രജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ, ഗവേഷണവിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യം, കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ.അനി എസ്.ദാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കാർഷികരംഗത്തെ നവീനാശയങ്ങൾ കർഷകരിലേക്കെത്തിക്കുന്നതു ലക്ഷ്യമിട്ട് അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ, മണ്ണുത്തിയിൽ സ്ഥാപിച്ചിട്ടുള്ള ആധുനികസജ്ജീകരണങ്ങളോടുകൂടിയ ഷൂട്ടിംഗ് ഫ്ലോർ കം ഇൻട്രാക്‌ഷൻ ഹാൾ അടങ്ങിയ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ് സ്റ്റുഡിയോ, കർഷകർക്കു മിതമായ ചെലവിൽ കാർഷികവിളകൾ ഗുണനിലവാരമുള്ള മൂല്യവർദ്ധിതോല്പന്നങ്ങളാക്കിമാറ്റി വിപണിയിൽ എത്തിക്കുന്നതിന് സഹായിക്കുന്ന നവീകരിച്ച ഭക്ഷ്യസംസ്കരണ യൂണിറ്റ്, ഹരിത ഊർജ്ജോൽപാദനം വഴി കാർഷികസർവകലാശാലയെ ഊർജ്ജസ്വയംപര്യാപ്തമാക്കുന്നതിനും അധികവൈദ്യുതി ഗ്രിഡിൽ നൽകി വരുമാനം നേടുന്നതും ലക്ഷ്യമിട്ടു സ്ഥാപിച്ച സൗരോർജപ്ലാന്റ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
കോൾപ്പാടങ്ങളിലെ നെൽകൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്നതിനു സർവ്വകലാശാല വികസിപ്പിച്ച പ്രോട്ടോകോള്‍, കേരള കാർഷികസർവകലാശാലയുടെ 50 വർഷത്തെ പ്രവർത്തനങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന ഗോൾഡൻ ജൂബിലി സുവനീര്‍, വിജ്ഞാനവ്യാപനവിഭാഗത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന ലഘുവീഡിയോ, സർവ്വകലാശാല പ്രസിദ്ധീകരണമായ കെ.എ.യു. ന്യൂസ് എന്നിവയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
സർവകലാശാലയുടെ കോൺവൊക്കേഷൻ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ അന്തർ സർവ്വകലാശാല വീഡിയോ ക്രിയേഷൻ കോണ്ടസ്റ്റ് , ഹാറ്റ്സ് ത്രോയിങ് ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.