Menu Close

മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റര്‍ഹാളിൽ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിനുകീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും 2023 ഒക്ടോബർ 6 ന് രാവിലെ 9.30ന് മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ നടക്കും. റവന്യൂമന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കാർഷികസർവകലാശാല വൈസ്ചാൻസിലർ ഡോക്ടർ ബി അശോക് ഐ.എ.എസ് അധ്യക്ഷത വഹിക്കും. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ഷക്കീല വി. ആണ് ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തുന്നത്. പരിപാടിയുടെ തത്സമയസംപ്രേക്ഷണം സർവ്വകലാശാല യു ട്യൂബ് പേജിലൂടെയും കാണാം.

ചടങ്ങിൽ ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന പദ്ധതികൾ

  1. റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ് സ്റ്റുഡിയോ ഉദ്ഘാടനം
    കാർഷികരംഗത്തെ നവീനാശയങ്ങൾ കർഷകരിലേക്കെത്തിക്കുവാന്‍ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ മണ്ണുത്തിയിൽ സ്ഥാപിച്ചിട്ടുള്ളതാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ റെക്കോർഡിങ്, എഡിറ്റിംഗ് സ്റ്റുഡിയോ.
  2. നവീകരിച്ച ഭക്ഷ്യസംസ്കരണ യൂണിറ്റ് ഉദ്ഘാടനം
    കാർഷികവിളകളുടെ മൂല്യവർദ്ധനം ലക്ഷ്യമിട്ട് കമ്മ്യൂണിക്കേഷൻസെന്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റ് നവീകരിച്ചത്. കൂടുതൽ വിളകൾ ഒരേസമയം സംസ്കരിക്കുന്നതിനായി ഡ്രയറുകളും പൾവറൈസറുകളും മറ്റു ആധുനികയന്ത്രങ്ങളും അധികം ഉൾപ്പെടുത്തിയിട്ടുണ്ട്. മിതമായ ചെലവിൽ കാർഷികവിളകൾ ഗുണനിലവാരമുള്ള മൂല്യവർദ്ധിതോല്പന്നങ്ങളാക്കിമാറ്റി വിപണിയിൽ എത്തിക്കുന്നതിന് ഇതു കര്‍ഷകരെ സഹായിക്കും.
  3. അഞ്ച് കെ വി സൗരോർജ പ്ലാൻറ് ഉദ്ഘാടനം
    കമ്മ്യൂണിക്കേഷൻ സെന്ററിൽ സ്ഥാപിച്ച സര്‍വ്വകലാശാലയിലെ ആദ്യത്തെ 5 കെവി സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം. ഹരിതോർജ്ജോൽപാദനം വഴി കാർഷികസർവകലാശാലയെ ഊർജ്ജസ്വയംപര്യാപ്തമാക്കുവാനും അധികവൈദ്യുതി ഗ്രിഡിൽ നൽകി വരുമാനം നേടുവാനുമായി കൂടുതല്‍ പ്ലാന്റുകള്‍ താമസിയാതെ പ്രവര്‍ത്തനസജ്ജമാകും.
  4. കോൾ നിലങ്ങളിലെ ശാസ്ത്രീയ നെൽകൃഷിക്കായുള്ള പ്രോട്ടോകോൾ പ്രകാശനം
    കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാനപങ്കുവഹിക്കുന്ന കോൾപ്പാടങ്ങളിലെ നെൽകൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്നതിനു സർവ്വകലാശാല ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് പ്രോട്ടോകോൾ.
  5. കേരള കാർഷികസർവകലാശാല ഗോൾഡൻജൂബിലി സുവനീർ പ്രകാശനം
    കേരള കാർഷികസർവകലാശാലയുടെ 50 വർഷത്തെ പ്രവർത്തനങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഗോൾഡൻ ജൂബിലി സുവനീര്‍.
  6. വിജ്ഞാനവ്യാപനവിഭാഗത്തെക്കുറിച്ചുള്ള വീഡിയോ പ്രകാശനം
    കാർഷികസർവകലാശാലയുടെ നേട്ടങ്ങളും കാർഷികരംഗത്തെ നൂതനാശയങ്ങളും കർഷകരിലേക്കെത്തിക്കുന്ന സർവകലാശാലയുടെ വിജ്ഞാനവ്യാപനവിഭാഗത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്നതാണ് ഈ ലഘുവീഡിയോ.
  7. സമ്മാനദാനം
    സർവകലാശാലയുടെ കോൺവൊക്കേഷൻ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ അന്തർ സർവ്വകലാശാല വീഡിയോക്രിയേഷൻ കോണ്ടസ്റ്റ് , ഹാറ്റ്സ്ത്രോയിങ് ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികള്‍ക്കാണ് സമ്മാനം.