Menu Close

ഇടിമിന്നലിനോട് മുട്ടാന്‍പോകരുത് : ഇതു വായിക്കൂ

വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിന്നലുള്ള സമയങ്ങളില്‍ പറമ്പില്‍നില്‍ക്കുന്ന കര്‍ഷകരും കന്നുകാലികളെ പരിപാലിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താഴെക്കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പലയാവര്‍ത്തി വായിച്ച് മനസിലുറപ്പിക്കുകയും അവ പാലിക്കുകയും ചെയ്യുക.

*ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

*ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്തായി നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കണം.

*ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക.

  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

*അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.

*ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

*ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

*ഇടിമിന്നലിനു സാധ്യതയുണ്ടെങ്കില്‍, മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.

*കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

*ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തിവച്ച് ഉടനെ കരയിലേക്കെത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്തു പാടില്ല .

*പട്ടം പറത്തുന്നത് ഒഴിവാക്കുക.

*ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

*വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും മഴമേഘം കാണുന്ന സമയത്തു പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

*അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.

*ഇടിമിന്നലിൽനിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കുമുകളിൽ മിന്നൽരക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

*മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഇല്ലെന്നു മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റയാളിന്‌ പ്രഥമശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽലേറ്റാല്‍ ആദ്യ മുപ്പതുസെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണനിമിഷങ്ങളാണ്. മിന്നലേറ്റയാളിന് ഉടൻ വൈദ്യസഹായം എത്തിക്കുക.