Menu Close

ചേലക്കരയില്‍ കെട്ടിക്കിടന്ന വള്ളിപ്പയര്‍ വിറ്റഴിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളില്‍

ഓണത്തിനുശേഷമുള്ള വിപണിയില്‍ ആവശ്യക്കാരില്ലാതായതോടെ കെട്ടിക്കിടന്ന ടണ്‍കണക്കിനു വള്ളിപ്പയര്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയുടെ ശക്തികൊണ്ട് വിറ്റുതീര്‍ന്നത് ആവേശകരമായ അനുഭവമായി. ചേലക്കര കളപ്പാറ വി എഫ് പി സി കെ യിൽ ബാക്കിയായ മൂന്നു ടൺ വള്ളിപ്പയറാണ് ഇങ്ങനെ അതിവേഗത്തിൽ വിറ്റഴിക്കപ്പെട്ടത്.
വിറ്റുപോകാതെ ബാക്കിയായ നൂറുകണക്കിനു കിലോ പയറിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കര്‍ഷകന്‍ നിരാശയോടെ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍നിന്നാണ് തുടക്കം. പ്രമുഖരടക്കം പലരും അതു ഷെയര്‍ ചെയ്തതോടെ വാര്‍ത്ത വൈറലായി. താമസിയാതെ ചേലക്കര വി എഫ് പി സി കെ പിപണനകേന്ദ്രത്തില്‍ വിലക്കുറവില്‍ പയര്‍ വാങ്ങാനെത്തിയവരുടെ തിക്കുംതിരക്കുമായി. അതോടെ സ്ഥിരമായിവാങ്ങുന്ന കച്ചവടക്കാര്‍ക്കുപോലും പയര്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയായി.

കൗണ്‍സിലിന്റെ കീഴിലുള്ള സമിതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഉണ്ടാക്കുന്ന പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. മൊത്തം വില്പനയുടെ ശരാശരി വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. നിശ്ചിത കമ്മീഷനാണ് സമിതിയുടെ ലാഭം. മുണ്ടകന്‍കൃഷി ഇല്ലാത്തതുമൂലം കൂടുതല്‍ സ്ഥലത്ത് പയര്‍ക്കൃഷി നടന്നതും മഴ കുറഞ്ഞതിനെ തുടര്‍ന്ന് അനുകൂല കാലാവസ്ഥ വന്ന് ഉത്പാദനം കൂടിയതും വന്‍തോതില്‍ വിപണിയില്‍ പയര്‍ വരാനിടയായി. എട്ടുടണ്ണോളം പയറാണ് ഇങ്ങനെ ദിവസംതോറും ഇവിടെ എത്തിക്കൊണ്ടിരുന്നത്. ഓണം കഴിഞ്ഞ് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് പ്രശ്നമായത്. ഓണക്കാലത്ത് പയറിന് കിലോയ്ക്ക് 100 രൂപയ്ക്കാണ് കിട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ അത് ഇരുപത് രൂപയായി. താങ്ങുവിലയായ 35 രൂപ പോലും ലഭിക്കാത്ത അവസ്ഥ. അധികം വന്നാല്‍ കർഷകര്‍ക്കു നഷ്ടം വരാതിരിക്കുന്നതിനായി മറ്റു മാർക്കറ്റുകളിൽ മൊത്തമായി കൊണ്ടുപോയി വിറ്റഴിക്കുകയാണ് പതിവ്. അതിനും കഴിയാതെയായതോടെയാണ് കര്‍ഷകര്‍ സോഷ്യല്‍മീഡിയയെ അഭയം പ്രാപിച്ചത്. വാര്‍ത്ത ശ്രദ്ധയിൽപ്പെട്ട കൃഷിമന്ത്രിയുടെ ഓഫീസ് പഴയന്നൂർ ബ്ലോക്ക് എഡിഎയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അതോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ശനിയാഴ്ച വിപണി അവധിയായതാണ് ലോഡുകണക്കിന് സ്‌റ്റോക്ക് ഞായറാഴ്ച ഉണ്ടായതെന്ന് എഡിഎ ഷീബ ജോർജ് പറഞ്ഞു. 26 രൂപവരെ നൽകി ഹോർട്ടികോർപ്പ് പയർ സംഭരിക്കാൻ തയ്യാറായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചേലക്കര പഞ്ചായത്തിൽ മാത്രം 50 ഹെക്ടർ പ്രദേശത്താണ് പയർക്കൃഷി നടക്കുന്നത്. കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിച്ചാലേ പയര്‍കൃഷിയില്‍ ഗുണമുളളൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒന്നരയാഴ്ചകൂടി പയർ വിളവെടുപ്പുണ്ടായിരിക്കും. വിപണി സജീവമാകുന്നതുവരെ നിലവിലെ പ്രതിസന്ധി തുടരാണ് സാധ്യത.