ഞാറുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍
ഇരുപത്-ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികളെയാണ് ഞാറ് എന്നുപറയുന്നത്. ഞാറ് വേരുപിടിച്ചാല്‍ പിന്നെ നെല്‍കൃഷിയിലെ നല്ലൊരു ശതമാനം അരക്ഷിതാവസ്ഥ തീര്‍ന്നു എന്നാണ് കരുതുന്നത്.
- ഞാറുറച്ചാൽ ചോറുറച്ചു
ഞാറുറച്ചതോടെ കൊല്ലത്തിന്റെ ബാക്കിഭാഗത്തെ ആഹാരം ഉറപ്പായി എന്ന ധൈര്യമാണ് ഈ പഴഞ്ചൊല്ലില്‍. നടാനുള്ള ഞാറ് ശരിയാണെങ്കില്‍ അടുത്ത കാലത്തേക്കുള്ള ആഹാരത്തിന്റെ കാര്യവും ഭദ്രമായി എന്നും അര്‍ത്ഥംപറയാം. - ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
ഞാറിന്റെ കാര്യത്തില്‍ പരാജയപ്പെട്ടാല്‍ കാത്തിരിക്കുന്നത് പട്ടിണിയാണ് എന്നു സാരം. - ഞാറില്ലെങ്കിൽ ചോറില്ല
ഞാറിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാതെപോയാല് വരുംകാലത്ത് ചോറും ഉണ്ടാവില്ല എന്നു വ്യംഗ്യം. - നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്
ഉണങ്ങിപ്പോയ ഞാറിനെ നിരന്തരം ഗര്‍ഭം ധരിച്ച് ആരോഗ്യം പോയ പെണ്ണിനോടാണ് ഉപമിച്ചിരിക്കുന്നത്. നിഷ്ഫലമായ ഞാറ് കര്‍ഷകരായ പുരുഷന്മാരുടെ വീക്ഷണത്തില്‍ ഇനി പെറാന്‍ ശേഷിയില്ലാത്ത പെണ്ണിനു തുല്യമാണ്.