Menu Close

കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ നാടൻ പശുക്കളുടെ ജനിതക മൂല്യം നിലനിർത്തണം

പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന്റെയും അന്തർദേശീയ സെമിനാറിന്റെയും ഭാഗമായി നടന്ന പാനല്‍ ചർച്ചയില്‍ തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ ശെല്‍വകുമാര്‍ സംസാരിക്കുന്നു.

പൂക്കോട് വെറ്ററിനറി കോളേജിലെ കബനി ആഡിറ്റോറിയത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി (2023 നവമ്പര്‍ 17-19) നടന്ന പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസും അന്തർദേശീയ സെമിനാറും സമാപിച്ചു. ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ കേരളയും വെറ്ററിനറി കോളേജ് പൂക്കോടും സംയുക്‌തമായാണ് ഇതു സംഘടിപ്പിച്ചത്. വിദേശത്തുനിന്ന് ഉള്‍പ്പെടെ നാന്നൂറോളം പേർ പങ്കെടുത്ത ശാസ്ത്ര കോൺഗ്രസിൽ 16 മുഖ്യപ്രബന്ധങ്ങളും 340 അനുബന്ധപ്രബന്ധങ്ങളും അവതരിപ്പിച്ചു. മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ ഒത്തുചേർന്ന പാനൽ ചർച്ച നടന്നു. മൃഗസംരക്ഷണമേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും സംബന്ധിച്ച് വിശദമായ ചർച്ചകളമുണ്ടായി.

ശ്രദ്ധേയമായ പല മാർഗനിർദേശങ്ങളും കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ചർച്ചകളില്‍ ഉരുത്തിരിഞ്ഞുവന്നു.

നിപ്പ, കുരങ്ങുപനി തുടങ്ങി മനുഷ്യനെ ബാധിക്കുന്ന പല അസുഖങ്ങളും തടയുന്നതിന് വെറ്ററിനറിമേഖലയും മെഡിക്കൽവിഭാഗവും സംയുക്‌തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് എന്ന ഒരു പ്രത്യേക വിഭാഗം തന്നെ രൂപം നൽകേണ്ടതുണ്ടെന്നും നിര്‍ദ്ദേശം വന്നു.

മൃഗരോഗ നിവാരണത്തിനായി വാക്‌സിനേഷൻ, പൊതുജന ബോധവത്കരണം, രോഗനിർണയ സൗകര്യങ്ങളുടെ ആധുനികവത്കരണം എന്നിവയിൽ കൂടുതൽ ഊന്നൽ നൽകണം. പാൽ, മുട്ട, ഇറച്ചി എന്നിവയുടെ വിപണനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും ഉയര്‍ന്നുവന്നു. സങ്കര ഇനം പശുക്കളിൽ നാടൻ പശുക്കളുടെ ജനിതക മൂല്യം നിലനിർത്തേണ്ടത് കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ അത്യാവശ്യമാണെ വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടു.

പ്രമുഖ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം ബിരുദ വിദ്യാർത്ഥികൾക്കും പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ശാസ്ത്ര കോൺഗ്രസിലെ തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾക്കു അവാർഡുകൾ നൽകി. സമാപന യോഗത്തിൽ ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ കേരള പ്രസിഡണ്ട് ഡോ. എൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ എം കെ നാരായണൻ, ഡോ മായ എസ് , ഡോ മനോജ് ജോൺസൺ, ഡോ എ ഇർഷാദ് എന്നിവർ സംസാരിച്ചു.

കാൻസർ ഉണ്ടാക്കുന്ന വൈറസുകളെ കുറിച്ചുള്ള പഠനത്തിൽ അന്താരാഷ്ട്ര പ്രശസ്തനായ, ബ്രിട്ടനിലെ പീർബ്രൈറ്റ് ഇൻസ്ടിട്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ വേണുഗോപാൽ നായർ കേരള വെറ്ററിനറി സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുന്നു