കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി
കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ലോകബാങ്കിന്റെ പിന്തുണയോടെയുള്ള കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി (KERA). ഇതിനുള്ള അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ എത്രയുംവേഗം അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാസീതാരാമനെ നേരിട്ടുകണ്ട് സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
കാലാവസ്ഥാവ്യതിയാനത്തെ നേരിടുകയും അതിജീവനക്കൃഷി നടപ്പാക്കുകയുമാണ് കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടിയുടെ ലക്ഷ്യം. ഇത് കൃഷിയെ കൂടുതൽ പ്രൊഫഷണലും ആദായകരവുമാക്കും. 2863 കോടി രൂപയുടെ പദ്ധതിക്ക് 2240 കോടി രൂപ ലോകബാങ്കില്‍നിന്നു വായ്പയായി ലഭിക്കും. ബാക്കി തുക സംസ്ഥാനസർക്കാർ നേരിട്ടുനിക്ഷേപിക്കും. കാലാവസ്ഥാസൗഹൃദകൃഷി, മൂല്യവർദ്ധന, ചെറുകിടകർഷകരുടെ സാമ്പത്തിക പുനരുജ്ജീവനം എന്നിവയിലൂടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് കാർഷികമേഖലയുടെ സമഗ്രമായ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കൃഷിയെ ഒരു തൊഴിലായി അംഗീകരിച്ച് ജനകീയമാക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച “ഞങ്ങളും കൃഷിയിലേക്ക്” എന്ന പരിപാടിയുടെ ഭാഗമായാണ് VAAM രൂപപ്പെട്ടത്. ഇതിന്റെ കീഴിലുള്ള സംരംഭങ്ങളില്‍ ഏറ്റവും പുതിയതാണ് KERA. ഈ പരിപാടിയുടെ കീഴിൽ സംസ്ഥാനത്ത് ഇതുവരെ 27,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഇവയെ ‘ഉൽപാദനം’, ‘സേവനം’, ‘വിപണനവും മൂല്യവർദ്ധിതവും’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മൂല്യവർധിത മേഖലയിൽ 1,076 ഉം സേവനമേഖലയിൽ 200 ഉം ഉൽപ്പാദനമേഖലയിൽ 5000 ത്തിലധികവും സംഘങ്ങളെയും തിരഞ്ഞെടുത്ത് കേന്ദ്രീകൃതമായ ഇടപെടൽ സംവിധാനവും ആരംഭിച്ചു.
വിപണനമേഖലയിലെ കൂട്ടായ്മകൾ വിപണിയിലെ ആവശ്യങ്ങള്‍ ഏറ്റെടുക്കും. എന്നിട്ട് സേവനമേഖലയിലെ കൂട്ടായ്മകളുടെ പിന്തുണയോടെ ഉൽപാദകരുടെ കൂട്ടായ്മയിൽനിന്ന് ആവശ്യമാ. അളവിൽ ഉൽപ്പന്നങ്ങൾ കൃഷിചെയ്തുണ്ടാക്കും. അളവ്, ഗുണനിലവാര മാനദണ്ഡങ്ങൾ, പ്രതിഫലം എന്നിവ മുൻകൂട്ടി നിശ്ചയിക്കും. ഉൽപ്പന്നങ്ങളുടെ വിപണനച്ചുമതല വഹിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ രൂപീകരണം അവസാന ഘട്ടത്തിലാണ്. ഉൽപ്പാദനമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, സേവനമേഖലയ്ക്കുവേണ്ട യന്ത്രങ്ങള്‍, മൂല്യവർദ്ധിതമേഖലക്ക് സംഭരണത്തിനും മൂല്യവർദ്ധിത ഉൽപാദനത്തിനുമുള്ള പിന്തുണ എന്നിവ അതാതു കൂട്ടായ്മകള്‍ക്കു നൽകാൻ മൂല്യവർധിത കാർഷികമിഷനെ കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി സഹായിക്കും. ഈ സംയോജിതമായ കര്‍മ്മപദ്ധതി ഇതുവരെ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിലനിന്ന ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരമാകും എന്നാണ് കണക്കുകൂട്ടല്‍. എന്തായാലും വരുംവര്‍ഷങ്ങള്‍ കേരളത്തിന്റെ കാര്‍ഷികചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ നാളുകളാകുമെന്നുതന്നെ പ്രതീക്ഷിക്കാം.