Menu Close

വ്യവസായവും കൃഷിയും ഇനി കളമശ്ശേരിയില്‍ കൈകോര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്ക് വരുന്നു

മന്ത്രിമാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്‍ഷികോത്സവം സമാപനസമ്മേളനം കര്‍ഷകരുടെയും വന്‍ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം ചെയ്തു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലെ യൂണിറ്റുകൾക്ക് ഐ.ഐ.പി മുംബൈയിൽ പരിശീലനം നൽകും. കളമശ്ശേരിയിലെ മുഴുവൻ കുടുംബങ്ങളെയും പോഷകസമൃദ്ധി മിഷനിൽ ഉൾപ്പെടുത്തും. പുതിയ കൃഷി പഠിക്കാൻ കർഷകരെ രാജ്യത്തിന് പുറത്തേക്ക് ഇനിയുമയക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ണിലേക്ക് ഇറങ്ങുന്നത് മോശം കാര്യമല്ല. കായികാധ്വാനം കൂടുതൽ വേണ്ട ജോലികൾ മോശമാണെന്ന് തെറ്റിദ്ധാരണ മാറണം. ഭക്ഷണം കഴിക്കുന്നവർ എല്ലാവരും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാതെ കെട്ടികിടക്കുന്ന അവസ്ഥ കേരളത്തില്‍ ഇനി ഉണ്ടാവില്ല. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ മാത്രമേ കൃഷിയിൽ വിജയം കൈവരിക്കാൻ സാധിക്കൂ. കളമശ്ശേരിയില്‍ അതാണ് കണ്ടത്. കാർഷികമേഖലയിൽ വ്യവസായവകുപ്പ് മന്ത്രി രാജീവിന്റെ ഇടപെടലുകള്‍ പ്രശംസനീയമാണെന്നു മന്ത്രി പറഞ്ഞു.
സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫുഡ്പ്രോസസിംഗ് പാർക്കിനു കളമശ്ശേരിയിൽ അടുത്തമാസം തറക്കല്ലിടുമെന്നു പ്രഖ്യാപിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ കാർഷികമേഖലയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിൽ ജാതിമതചിന്തകൾക്ക് അതീതമായി ജനങ്ങൾക്കു പ്രവർത്തിക്കാൻ കഴിഞ്ഞു. 1000 ഏക്കർ തരിശുഭൂമി കൃഷിയിലേക്കെത്തിച്ചു. ഉൽപാദനത്തിനു വിലകുറയ്ക്കാനും ഉൽപ്പന്നത്തിനു വില കൂടാനുമാണ് ഇനി പ്രവർത്തിക്കേണ്ടത്. കൃഷിക്കൊപ്പം കളമശ്ശേരിയുടെ പ്രവർത്തനങ്ങൾ ശക്തിയായി തന്നെ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ സംസാരിച്ച നടൻ ജയസൂര്യ, ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കർഷകരുടെ സഹായമില്ലാതെ ഒരു ദിവസം പോലും നമുക്ക് കടന്നു പോകാനാകില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോയാണ് മന്ത്രി രാജീവ്‌ എന്നും അദ്ദേഹം പറഞ്ഞു. 1000 ഏക്കർ സ്ഥലത്ത് നാലായിരത്തോളം കർഷകർക്ക് ജീവിതസാഹചര്യം ഉണ്ടാക്കി നൽകിയത് ചെറിയ കാര്യമല്ല. പുതിയ തലമുറയിലുള്ളവർക്ക് വസ്ത്രത്തിൽ ചെളി പറ്റുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

    മികച്ച കർഷകർക്കുള്ള അവാർഡുകൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.

    ഒരു വര്‍ഷം നീണ്ടുനിന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ വിജയത്തിന്റെ ഭാഗമായാണ് എട്ടുദിവസം നീണ്ടുനിന്ന കാർഷികോത്സവം സംഘടിപ്പിച്ചത്. നടൻ മമ്മൂട്ടിയാണ് കാർഷികോത്സവം ഉദ്ഘാടനം ചെയ്തത്. ജൈവകാർഷികോൽപന്ന പ്രദർശനവും വിപണനവും, മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളുടെ നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, കലാപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സിനിമാതാരങ്ങളായ ഇർഷാദ്, സിനോജ് വർഗീസ്, ടിനി ടോം, അഞ്ജലി, കൈലാഷ് തുടങ്ങിയവരും കാർഷികോത്സവം സന്ദർശിക്കാൻ എത്തി. ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസ്സി, രാജേഷ് ചേർത്തല, മുരുകൻ കാട്ടാക്കട തുടങ്ങിയവരുടെ കലാപ്രകടനങ്ങൾ ഉത്സവത്തിനു മാറ്റുകൂട്ടി. 

കാർഷികോത്സവത്തിൽ സംഘടിപ്പിച്ച 15 സെമിനാറുകളിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. കുട്ടി കർഷകർ, ക്ഷീര കർഷകർ, മത്സ്യകർഷകർ, വനിതാ കർഷകർ, മില്ലറ്റ് കർഷകർ, ജൈവ കർഷകർ, യുവകർഷകർ തുടങ്ങി വിവിധ മേഖലകളിലെ കർഷകർ അനുഭവങ്ങൾ പങ്കുവച്ചു.
സഹകരണ സംഘങ്ങള്‍, ഖാദി, കൈത്തറി, ചക്കക്കൂട്ടം, കുടുംബശ്രീ എന്നിവരുടെയുൾപ്പെടെ നിരവധി സ്റ്റാളുകള്‍ ജനശ്രദ്ധനേടി. പാലക്കാട് കുടുംബശ്രീ സംഘത്തിന്റെ കാട്ടുരുചികൾ അടങ്ങിയ വിഭവങ്ങളും മണ്ഡലത്തിൽ വിളഞ്ഞ പൊക്കാളിയരി കൊണ്ടു തയാറാക്കിയ അപ്പം, മണ്ഡലത്തിൽ നിന്നു പിടിച്ച കാളാഞ്ചി മീൻ നിർവാണ, പൊക്കാളിപ്പായസം തുടങ്ങി ഷെഫ് പിള്ളയുടെ രുചിഭേദങ്ങളും ഭക്ഷ്യമേളയിലെ ജനപ്രിയവിഭവങ്ങളായി.
മന്ത്രി പി രാജീവാണ് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ മുഖ്യസംഘാടകന്‍.