Menu Close

വേനലില്‍ പശുവിനെ എങ്ങനെ പരിചരിക്കാം?

വേനല്‍ക്കാത്ത് പശുക്കള്‍ക്ക് അതീവശ്രദ്ധ ആവശ്യമാണ്. വെള്ളത്തിനും തീറ്റയ്ക്കും ക്ഷാമം കലരുന്ന കാലമായതിനാല്‍ അതിനുള്ള പ്രതിവിധികളെക്കുറിച്ച് നേരത്തെ മനസിലാക്കിവയ്ക്കണം. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്.

വേനല്‍ക്കാലത്തെക്കൂടി മുമ്പില്‍ കണ്ടുകൊണ്ടുവേണം എരുത്തില്‍ നിര്‍മ്മിക്കാന്‍. പശുത്തൊഴുത്തിന്റെ മേല്‍ക്കൂര സാമാന്യം ഉയരത്തിലായിരിക്കണം. തറനിരപ്പില്‍നിന്ന് ഏകദേശം 10-12 അടിയെങ്കിലും ഉയരം വേണം.
തൊഴുത്തില്‍ ധാരാളം വായുസഞ്ചാരമുണ്ടായിരിക്കണം. ഉയരംകുറഞ്ഞ കോണ്‍ക്രീറ്റ്, ഓട്, ഷീറ്റ് എന്നിങ്ങനെയുള്ള മേല്‍ക്കൂരകള്‍ ഒഴിവാക്കണം. മുഴുവന്‍ മറച്ചുകെട്ടിയ കൂടുപോലുള്ള എരിത്തിലുകളും പാടില്ല.
അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണെങ്കില്‍ മുകളില്‍ ചണച്ചാക്കോ പനയോലയോ തെങ്ങോല മടഞ്ഞോ വിരിച്ച് നനച്ചുകൊടുക്കണം. കഠിനമായ വെയിലുള്ളപ്പോള്‍ തൊഴുത്തിന്റെ വശങ്ങളില്‍ ചണച്ചാക്ക് നനച്ചുതൂക്കിയിടുന്നതും മെടഞ്ഞ ഓല കൊണ്ട് തൊഴുത്തിന്റെ വശങ്ങള്‍ പകുതിവരെ മറയ്ക്കുന്നതും ചൂടിന്റെ കാഠിന്യംകുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍നെറ്റും ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂര വെള്ളപൂശിയാല്‍ ഉള്ളിലെ ചൂട് ഒരു പരിധിവരെ കുറയ്ക്കാനാകും. മേല്‍ക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്‍റ് പൂശുകയും ചെയ്യാം.

തൊഴുത്തിനുള്ളില്‍ ചൂട് ക്രമീകരിച്ചുനിര്‍ത്താന്‍ ഇരട്ടറൂഫിങ് ഫലപ്രദമായിരിക്കും. വായുസഞ്ചാരത്തിന് തടസ്സംവരാതെ പനയോല, തെങ്ങോല, ഗ്രീന്‍നെറ്റ് ഇവിയില്‍ ഏതെങ്കിലുംകൊണ്ട് മേല്‍ക്കൂരയ്ക്കുകീഴെ അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ചൂടിനെ ക്രമീകരിക്കും. വായുസഞ്ചാരം സുഗമമാക്കാന്‍ തൊഴുത്തുകളില്‍ ഫാന്‍ വച്ചുകൊടുക്കണം. സീലിംഗ് ഫാനുകളെക്കാള്‍ ഗുണം ചെയ്യുക ചുമരില്‍ പിടിപ്പിക്കാവുന്ന ഫാനുകളാണ്.

തൊഴുത്തിന്റെ കോണ്‍ക്രീറ്റുതറ ചൂട് പിടിക്കുന്നതുമൂലം പശുക്കള്‍ തറയില്‍ കിടക്കാന്‍ മടിക്കും. മാത്രമല്ല ചൂടുപിടിച്ച തറ അകിടിന്റെ ആരോഗ്യത്തെയും ബാധിക്കും. പശുക്കളുടെ കിടപ്പും വിശ്രമവും കുറഞ്ഞാൽ പാലുൽപാദനവും ആനുപാതികമായി കുറയും എന്നതും പ്രധാനമാണ്. ഇതൊഴിവാക്കാന്‍ വേനല്‍ കനക്കും മുന്‍പ് തറയില്‍ റബര്‍മാറ്റുകള്‍ വാങ്ങി വിരിക്കണം.
രാവിലെ 11നും 3നും ഇടയിലുള്ള സമയങ്ങളില്‍ പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടുന്നതും തീര്‍ച്ചയായും ഒഴിവാക്കണം. ഈ സമയത്ത്
തൊഴുത്തിന് വെളിയിലാണെങ്കില്‍, പശുക്കളെ തണല്‍മരങ്ങളുടെ ചുവട്ടില്‍ നിര്‍ത്തുക. ചൂടുകൂടുലുള്ളപ്പോള്‍ പകല്‍സമയത്ത് കട്ടിയുള്ള ആഹാരം നല്‍കുന്നത് ഒഴിവാക്കുക.
പശുവിന്റെ ശരീരഭാരത്തിന്റെ 60 ശതമാനത്തിലധികം ജലാംശമാണ്. പാലില്‍ 80 ശതമാനത്തിലേറെയും ജലമാണ്. ഇതുമുന്നില്‍ക്കണ്ട്, വേനല്‍ക്കാലത്തെ ജലനഷ്ടം കുറയക്കാനും പാലുൽപാദനനഷ്ടം ഒഴിവാക്കാനും പശുക്കള്‍ക്ക് ധാരാളം തണുത്ത ശുദ്ധജലം നല്‍കണം. പൊതുവേ 60-70 ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പശുവിന് ആവശ്യം. എന്നാല്‍ വേനല്‍ക്കാലത്ത് ഇതിന്റെ ഇരട്ടിയാവശ്യമുണ്ട്. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേവന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം തൊഴുത്തില്‍ സജ്ജമാക്കിയാല്‍ ആവശ്യാനുസരണം എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. തണുത്ത വെള്ളം ഉറപ്പുവരുത്തുന്നതിനായി പശുക്കള്‍ക്കായുള്ള കുടിവെള്ളം സംഭരിക്കുന്ന ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കുന്നതും നല്ലതാണ്.
ദിവസവും രണ്ട് തവണയെങ്കിലും പശുക്കളെ കുളിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഇടവേളകളില്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്.
ഈ സമയം എളുപ്പം ദഹിക്കുന്ന ഖരാഹാരമാണ് കൂടുതലായി കൊടുക്കേണ്ടത്. അതു നല്‍കുന്നത് അതിരാവിലെയും വൈകുന്നേരത്തും രാത്രിയുമായി ക്രമീകരിക്കണം. ഇത് അവ കൂടുതല്‍ തീറ്റയെടുക്കുന്നതിനും തീറ്റ ദഹിക്കുന്നതുമൂലം ദേഹത്തുണ്ടാകുന്ന ചൂട് എളുപ്പത്തില്‍ പുറത്തുപോകാനും സഹായിക്കും. തീറ്റ മൊത്തമായി ഒറ്റസമയത്ത് നല്‍കുന്നതിനുപകരം അവ വിഭജിച്ച് പലതവണകളായി നല്‍കുന്നതാണ് ഉത്തമം. അതേസമയം, ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലത്തീറ്റകളും പകല്‍സമയത്ത് ഇഷ്ടംപോലെ നല്‍കാവുന്നതാണ്. വേനലില്‍ പച്ചപ്പുല്ല് കിട്ടാല്‍ വിഷമമാണ്. അതുമൂലമുണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്തത പരിഹരിക്കുവാന്‍ 30 മില്ലിലീറ്റര്‍ വീതം മീനെണ്ണയോ മറ്റോ ഇടവിട്ട ദിവസങ്ങളില്‍ നല്‍കണം.
വാഴയുടെ അവശിഷ്ടങ്ങള്‍, കമുകിന്‍ പാള, ഈര്‍ക്കില്‍ മാറ്റിയ പച്ചത്തെങ്ങോല, പീലിവാക, അഗത്തി, ശീമക്കൊന്ന തുടങ്ങിയ പ്രാദേശികമായി ലഭ്യമായ വൃക്ഷവിളകള്‍ ജലാംശം കൂടിയ പച്ചിലകള്‍ക്കു പകരമായി നല്‍കാവുന്നതാണ്. അസോളയും മുരിങ്ങയും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയാല്‍ അത് വേനലിലുണ്ടാകുന്ന പോഷകാഹാരക്കുറവ് നികത്തും. സോഡിയം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, കോപ്പര്‍ എന്നിവ അടങ്ങിയ ധാതുലവണമിശ്രിതം കൂടി നല്‍കുന്നത് നല്ലതാണ്.
കൂടുതല്‍ ഊര്‍ജലഭ്യതയും, പോഷണവും ഉറപ്പുവരുത്തുന്നതിനായി കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക് തുടങ്ങി കൂടുതല്‍ കൊഴുപ്പും മാംസ്യവും അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അനുവദനീയമായ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതേസമയം, തീറ്റക്രമത്തില്‍ പെട്ടെന്ന് മാറ്റം വരുത്താതെ നോക്കണം.