Menu Close

വേനല്‍ക്കാലത്ത് നെല്‍പ്പാടത്ത് ശ്രദ്ധിക്കുവാന്‍

വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്ന് ഉള്ളിലെ കോശങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്യും.
നെല്ലിന്റെ ചിനപ്പുപൊട്ടുന്ന ഘട്ടത്തില്‍ തണ്ടുതുരപ്പന്‍ ആക്രമിച്ചാല്‍ നാമ്പോല വാടിപ്പോവുകയും നടുനാമ്പുവാട്ടം ഉണ്ടാവുകയും ചെയ്യും.
കതിരുവരുന്ന ഘട്ടത്തിലാണ് ആക്രമിക്കുന്നതെങ്കില്‍ കതിരിലെ നെന്മണികളെല്ലാം പതിരായി മാറി വെണ്‍കതിര്‍ ഉണ്ടാകുന്നു.
നെല്ലിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി, ട്രൈക്കോഗ്രമ്മ ജാപോണിക്കത്തിന്റെ‍മുട്ടക്കാര്‍ഡുകള്‍ ഒരേക്കറിന് 2 CC എന്ന കണക്കില്‍ ഞാറുപറിച്ചുനട്ട് ഒരാഴ്ചക്കുശേഷം സ്ഥാപിക്കുക. (ട്രൈക്കോഗ്രമ്മ മുട്ടകാര്‍ഡ് ഏക്കറിന് 2 കാര്‍ഡ് 20 കഷണം, 5 സെന്റിനു 1 കഷണം).
ശലഭത്തെ നെല്‍ച്ചെടിയില്‍ കണ്ടുതുടങ്ങിയാല്‍ കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരിരൂപത്തിലുള്ള കീടനാശിനി ഒരേക്കറിന് 5 കി.ഗ്രാം എന്ന തോതില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോല്‍ ഒരേക്കറിന് 4 കി.ഗ്രാം എന്നതോതില്‍ അല്ലെങ്കില്‍ ഫിപ്രോനില്‍ 3 ഗ്രാം ഒരേക്കറിന് 6 കി.ഗ്രാം എന്ന തോതില്‍ ഇട്ടുകൊടുക്കുക.
നെല്‍പ്പാടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ലക്ഷ്മിരോഗത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. കതിരുവരുന്ന സമയത്ത് നെല്‍ച്ചെടികളെ ബാധിക്കുന്ന കുമിള്‍രോഗമാണ് ലക്ഷ്മിരോഗം അഥവാ വാരിപ്പൂവ്. സാധാരണയായി മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഈ രോഗം കാണപ്പെടുന്നത്. നിലവില്‍ ചൂടുകൂടിയ അന്തരീക്ഷസ്ഥിതി ഉണ്ടെങ്കിലും 2 മുതല്‍ 3 ദിവസം വരെ മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ലക്ഷ്മിരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
വിളഞ്ഞുവരുന്ന കതിരുകളിലെ ചില നെന്മണികള്‍ മഞ്ഞനിറത്തില്‍ ഉരുണ്ട് പഞ്ഞിപോലെയാകുന്നതാണ് രോഗലക്ഷണം. കതിരുവരാത്ത പാടങ്ങളില്‍ ലക്ഷ്മിരോഗം
വരുന്നതിനു മുന്‍കരുതലായി പുട്ടില്‍ പരുവത്തില്‍ എത്തുമ്പോള്‍ തന്നെ പ്രൊപികൊണസോള്‍ 1 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാവുന്നതാണ്.