Menu Close

കൃഷി ഒരു യുദ്ധമാണ്. ജയിക്കാനുള്ള തന്ത്രങ്ങളറിയണം

എല്ലാത്തിനും ഒരു സമയമുണ്ട് എന്നു കേട്ടിട്ടില്ലേ. ഓരോ കൃഷി ഇറക്കുന്നതിനുമുണ്ട് അതിന്റേതായ നേരവും കാലവും. നമ്മുടെ പൂര്‍വ്വികര്‍ കൃത്യമായി അതു കണക്കുകൂട്ടിയിരുന്നു. അതാണ് ഞാറ്റുവേലകളായി നമുക്കു മുന്നിലുള്ളത്. കാലാവസ്ഥയിലെ കുഴഞ്ഞുമറിച്ചിലുകള്‍ ഞാറ്റുവേലക്കണക്കുകളെ കാര്‍ന്നുതുടങ്ങി യിട്ടുണ്ടെങ്കിലും കൃഷിതുടങ്ങുന്നതിനുമുമ്പ് കാലം നോക്കണമെന്നു പറഞ്ഞാല്‍ ഇന്നും എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല.
കൃഷിയില്‍ പ്രധാനമാണ് വിളയാസൂത്രണം (Crop Planning ). നന്നായി വിളവ് കിട്ടാനും കീടരോഗങ്ങൾ കുറഞ്ഞിരിക്കാനും നല്ല ആസൂത്രണം സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ ദുർഘടകാലത്ത് നമുക്കതിനെ Climate Smart Agriculture അല്ലെങ്കില്‍ Climate Resilient Farming എന്നുവിളിക്കാം. ആദ്യം നമുക്ക് വിളയാസൂത്രണം എന്തെന്നു നോക്കാം. വിളയിറക്കാന്‍ അറിയുന്നവര്‍ക്കു മുമ്പില്‍ നേരമായാലും കാലമായാലും ഒന്നറയ്ക്കുമല്ലോ.
ഓരോ വിളയും ഇറക്കാൻ പറ്റിയ നല്ല കാലങ്ങൾ (season ) അറിയുകതന്നെ മുഖ്യം. നെൽകൃഷിക്കു കാലം മൂന്നാണ്. വിരിപ്പ്, മുണ്ടകൻ, പുഞ്ച. പച്ചക്കറി കൃഷിക്കും കാലം മൂന്നുണ്ട്. വർഷകാലം (Monsoon), ശീതകാലം (Winter), വേനൽക്കാലം (Summer ) എന്നിവ. മെയ്‌ മുതൽ ഒക്ടോബർ വരെയുള്ളതാണ് മഴക്കാലക്കൃഷി. മെയ് മാസത്തിൽ നടീൽ തുടങ്ങിയാൽ ശക്തമായ മഴ വരുമ്പോഴേക്കും ചെടികൾ നിലയുറപ്പിക്കും. നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് ശീതകാലക്കൃഷി. അതിനുശേഷം രാത്രി താപനില കൂടാൻ തുടങ്ങും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വേനൽക്കാലക്കൃഷി. പകലും രാത്രിയും ചൂടു തന്നെ. ജലസേചന സൗകര്യം ഉണ്ടെങ്കിൽ കൃഷി ഉഷാറാകും. പ്രത്യേകിച്ചും വയലുകളിൽ. കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്കനുസൃതമായി നിലമൊരുക്കണം. മഴക്കാലത്ത് പണ/വാരം (Raised beds) ആണ് നല്ലത്. മഴക്കാലക്കൃഷിയിൽ നീർവാർച്ച (drainage ) പ്രധാനം. ഇല്ലെങ്കിൽ പണി പാളും. മഞ്ഞുകാലത്തും വേനലിലും തടം/ചാൽ (Pits /Furrows) എന്നിവയാണുചിതം. ഓരോ മാസവും അതിന്റേതായ ചില കൃഷിയുടെ പേറ്റിടങ്ങളാണ്.
ധനുമാസം നനകിഴങ്ങ് നടാനുള്ള കാലമാണ്.
മകരമാസം ഓണത്തിനുള്ള ചേന, ഇഞ്ചി, ചേമ്പ് എന്നിവയ്ക്കും വിഷുവിനുള്ള വെള്ളരിക്കും ഉത്തമമാണ്. വള്ളിയായി വളരുന്ന കിഴങ്ങുവർഗ വിളകൾക്കും മകരം തന്നെ പഥ്യം. ‘മകരത്തിൽ മരം കയറണം ‘എന്നാണ് പഴഞ്ചൊല്ല്.
കുംഭമാസം മകരമാസത്തില്‍ നടാനാകാതെപോയ വിളകള്‍ക്കു വേണ്ടിയാണ്. ചേന, കാച്ചിൽ, കിഴങ്ങ് എന്നിവ കുംഭത്തിലും നടാം.
മേടമാസം ഇഞ്ചി, മരച്ചീനി, പൊടിവാഴ തുടങ്ങിയ കൃഷികള്‍ക്ക് അനുയോജ്യമാണ്. മേടപ്പത്ത് തെങ്ങ് നടീലിന്റെ ദിവസമാണ്.
ഇടവമാസം ചേമ്പ്, മഞ്ഞൾ, കൂവ, മുളക്, വഴുതന, കുമ്പളം, കുരുമുളക് ഇവയക്കൊക്കെ ഫലപ്രദമാണ്.
മിഥുനമാസത്തില്‍ കൂർക്കയും ചതുരപ്പയറും അമരപ്പയറും നടാം.
വൃശ്ചികമാസം ശീതകാലപച്ചക്കറികളുടെ കാലമാണ്. തണ്ണി മത്തൻ, പൊട്ടുവെള്ളരി, ഓണവാഴ എന്നിവയ്ക്കും വൃശ്ചികക്കുളിര് നല്ലതുതന്നെ.
ധനുമാസത്തിലും ശീതകാലപച്ചക്കറികളാകാം. വെള്ളരിവർഗവിളകൾക്കും ധനു കൊള്ളാം.
ഇങ്ങനെ പോകും മാസങ്ങളുടെ കാലവിശേഷം. അസമയത്തുള്ള (Off season planting ) കൃഷി റിസ്ക് ആണ്. കീടരോഗങ്ങൾ കൂടുതലായിരിക്കും. മഴയുടെയും ചൂടിന്റെയും കയറ്റിറക്കങ്ങള്‍ കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം.
ഇനി, കൃഷിചെയ്യാന്‍ നിലത്തിലിറങ്ങുംമുമ്പ് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. ആ കൃഷിയില്‍ വന്നേക്കാവുന്ന രോഗ-കീടങ്ങളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. അവയെ പ്രതിരോധിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു പാക്കേജ് സ്വയം രൂപപ്പെടുത്തണം. നടാനുള്ള വിത്ത് തിരഞ്ഞെടുക്കുന്നതാണ് രണ്ടാമത്തെ കാര്യം. ഇനങ്ങളുടെ രോഗപ്രതിരോധശേഷി പരിഗണിക്കണം. ഒപ്പം, പ്രാദേശികവിപണിയില്‍ ആ ഇനത്തിന്റെ വാണിജ്യപരമായ സ്വീകാര്യതയും നോക്കണം. പാവലിനങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ നിറം, വലിപ്പം, മുള്ള് കൂർത്തതോ പരന്നതോ എന്നതൊക്കെ ആ ഉത്പന്നത്തിന്റെ സ്വീകാര്യത നിശ്ചയിക്കുന്നതിൽ പ്രധാനമാണ്. പയർ, വഴുതന എന്നിവയിലും നിറം വളരെ പ്രധാനമാണ്.
സ്ഥലംതെരെഞ്ഞെടുക്കൽ (Site Selection) കൃഷിയിലെ പ്രധാനവിഷയമാണെന്നു പറയേണ്ടതില്ലല്ലോ. മണ്ണിന്റെ സ്വഭാവവും ജലലഭ്യതയും ആദ്യമേ തിരിച്ചറിയണം. നിലം ഒരുക്കൽ (Land Preparation ) ഒഴിവാക്കാനാവാത്തതാണ്. കുമ്മായ പ്രയോഗം (Liming) അതിലെ അവിഭാജ്യഘടകമാണ്.
ശുപാർശ ചെയ്യപ്പെട്ട ജൈവ-രാസ -ജീവാണു വളങ്ങൾ മതിയായ അളവിൽ പ്രയോഗിക്കാന്‍ (Integrated Nutrient Management ) ശീലിക്കണം. ട്രൈക്കോഡെർമ്മയാൽ സമ്പുഷ്ടമാക്കപ്പെട്ട ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിതം തന്നെ അടിസ്ഥാന വളമായി (അടിവളം) ഉപയോഗിക്കണം. പ്രത്യേകിച്ചും പയർ, തക്കാളി, വഴുതന, മുളക്, ഇഞ്ചി, കുരുമുളക് എന്നിവയ്ക്ക്. കാരണം ഇവയെ വിടാതെ പിന്തുടരുന്ന ചില ബാക്റ്റീരിയകളും ഫംഗസ്സുകളുമുണ്ട്. വാട്ടവും ചീയലും (Wilting & Rotting ) ഉണ്ടാക്കുന്ന Pythium, Phytophthora, Ralstonia എന്നിവ. സ്യൂഡോമോണസ്, ജീവാണുവളങ്ങൾ എന്നിവയുടെ ഉപയോഗം കൃഷിയുടെ ഭാഗമാക്കണം. PGPR, VAM എന്നിവയെക്കുറിച്ച് കർഷകൻ നന്നായി മനസ്സിലാക്കണം.
പഴങ്ങളും പച്ചക്കറികളും നമുക്ക് എത്രമാത്രം രുചികരമാണോ കീടങ്ങള്‍ക്ക് അതിന്റെ പതിന്മടങ്ങ് ഇഷ്ടമാണ്. മാത്രമല്ല കീടങ്ങൾ Host specific ആണ്. വെണ്ടയുടെ ഇലചുരുട്ടിപുഴു വെണ്ടയിലയോ അതിന്റെ കുടുംബത്തിൽ പെടുന്ന ചെമ്പരത്തിയുടെ ഇലയോ മാത്രമേ തിന്നൂ. അടുത്ത് നല്ല മേല്‍ത്തരം വ്ലാത്താങ്കര ചീര നിന്നാലും തൊടില്ല.
അതേസമയം, ഇഷ്ട ഭക്ഷണം കിട്ടാൻ അവര്‍ എന്തു റിസ്ക്കും എടുക്കുകയും ചെയ്യും. ജീവൻ വരെ കളയും. അതായത് കീടങ്ങളും നമ്മളും തമ്മിലുള്ളത് ജീവന്മരണ പോരാട്ടമാണ്. അവയെ ഇല്ലാതാക്കാന്‍ അഹിംസയൊന്നും വിചാരിച്ചിരുന്നിട്ട് കാര്യമല്ല. ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗിക്കുകതന്നെ വേണം.
നീരൂറ്റികളായ കീടങ്ങൾ (Sucking pests) നവംബർ മുതൽ കൂടിക്കൂടി മെയ്‌ വരെയുണ്ടാകും. ആയതിനാൽ ശീത-വേനൽക്കാല കൃഷികളിൽ ആരംഭത്തിൽ തന്നെ മഞ്ഞക്കെണി, നീലക്കെണി എന്നിവ നിർബന്ധമായും സ്ഥാപിക്കണം. പന്തലിൽ കെണി തൂക്കിയിടുകയാണ് പലരും ചെയ്യാറുള്ളത്. ദൂരെനിന്ന് ആര്‍ത്തിയോടെ വരുന്ന കീടത്തിന്റെ ശ്രദ്ധയിൽ ആദ്യം പതിയേണ്ടത് മഞ്ഞ നിറമായിരിക്കണം. അതിന് ചെടിയുടെ ഇലചാർത്തിന്റെ മുകളില്‍ത്തന്നെ സ്ഥാപിക്കുകയാണ് ഫലപ്രദം.
വിളക്കുകെണി (Light Trap), ഫിറോമോൺകെണി, തുളസിക്കെണി, പഴക്കെണി, കീടങ്ങളെ കൊല്ലാനുള്ള പവർബാറ്റ് ഇവയൊക്കെ യുക്തിയോടെ പ്രയോഗിക്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം ഇലകളിൽ തളിക്കണം. ഇങ്ങനെ കിട്ടാവുന്ന എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചാല്‍ കൃഷി എന്ന മഹയുദ്ധത്തില്‍ കര്‍ഷകനു ജയിച്ചുകയറാം.
പ്രതിസന്ധിഘട്ടത്തില്‍ സഹായമാവശ്യമായി വരുമ്പോള്‍ അറയ്ക്കാതെ വിളിക്കാന്‍ നമുക്കു കൃഷിവകുപ്പുണ്ട്. ഓരോ കര്‍ഷരുംകൃഷി വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ ആയ 1800 180 1551 ഫോണിൽ സേവ്ചെയ്തു വയ്ക്കണം. സംശയങ്ങൾ അപ്പപ്പോള്‍ തീര്‍ക്കണം.
ഇത്രയുംനേരം പറഞ്ഞതെന്തെന്നു വച്ചാല്‍, കാലമറിഞ്ഞു കൃഷിചെയ്താല്‍ തടികേടാകാത്ത കൃഷി ചെയ്യാം എന്നാണ്. ഇതിനൊരു മറുവശമുണ്ട്. കാലംമാറി (off season) വിളകള്‍ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ നല്ല വില കിട്ടാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, ശ്രദ്ധ ഇരട്ടി വേണ്ടിവരും. കാബേജ്, കോളിഫ്ലവർ എന്നിവ ശീതകാലത്തു മാത്രമല്ല ഉണ്ടാകുക. ശ്രമിച്ചാൽ അല്ലാത്ത സമയത്തും വിളയും. തക്കാളിക്കൃഷി ആഗസ്റ്റ്‌ അവസാനത്തോടെ ആരംഭിച്ചാല്‍ ഗംഭീര വിളവു കിട്ടും. പക്ഷെ വില വളരെ താഴെയായിരിക്കും. അതേസമയം, ഓഫ് സീസണിൽ ഉൽപ്പാദിപ്പിച്ചാല്‍ നല്ല വില കിട്ടും.
ചുരുക്കം ഇത്രയേയുള്ളൂ. കൃഷിയില്‍ റിസ്കെടുക്കുന്നോ ഇല്ലയോ? ആദ്യം അത് നിശ്ചയിക്കണം. എന്നിട്ട് തുടങ്ങണം. എല്ലാവര്‍ക്കും കൃഷി ആശംസകള്‍.