Menu Close

കര്‍ഷകര്‍ക്ക് പുസ്തകങ്ങള്‍ ഇനി വിരല്‍ത്തുമ്പുതൊട്ട് വാങ്ങാം

കേരള കാർഷികസർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും. വിൽപ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. 2023 ഡിസംബർ 9 ശനിയാഴ്ച കാക്കനാട് വച്ചു നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി .പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഐ എ എസ്. ചടങ്ങിൽ പങ്കെടുക്കും. കൃഷിരീതികളെക്കുറിച്ചും വിളപരിപാലനത്തെക്കുറിച്ചും സർവ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ പ്രമുഖ ഇ കോമേഴ്സ് സൈറ്റുകളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയിലൂടെ ഇനി വാങ്ങാനാകും. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനക്കു ലഭ്യമാകുന്നത്. നിലവിൽ സർവ്വകലാശാലയുടെ വിവിധ വിൽപന കേന്ദ്രങ്ങളിലൂടെ മാത്രമേ സർവ്വകലാശാല പ്രസിദ്ധീകരണങ്ങൾ കർഷകർക്ക് ലഭ്യമാകുമായിരുന്നുള്ളു. കൃഷിവകുപ്പിന്റെ ‘കേരൾഅഗ്രൊ’ എന്ന ബ്രാൻഡിനു കീഴിലാണ് സർവ്വകലാശാല ഈ ഓൺലൈൻ വിൽപന നടത്തുന്നത്.

കർഷകർക്കിടയിൽ ആവശ്യക്കാരേറെയുള്ള വിളപരിപാലന ശുപാർശകൾ, കൃഷി പഞ്ചാംഗം, നെല്ല്, തെങ്ങ്, വാഴ തുടങ്ങി വിവിധ വിളകളുടെ പരിപാലനത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങൾ, ഔഷധസസ്യങ്ങൾ, കൃഷി കീടബാധ, വിവിധ വളപ്രയോഗങ്ങൾ ,കേരളത്തിലെ മണ്ണിനങ്ങൾ തുടങ്ങി 36 സർവ്വകലാശാല പ്രസിദ്ധീകരണങ്ങൾ തുടക്കത്തിൽ ഓൺലൈനായി ലഭ്യമാകും. പദ്ധതിയുടെ ആരംഭത്തോടനുബന്ധിച്ചു പുസ്തകങ്ങളോടൊപ്പം ഓരോ പാക്കറ്റ് വിത്തും സൗജന്യമായി നൽകും.
കാർഷികപ്രസിദ്ധീകരണങ്ങൾ ‘കേരൾഅഗ്രൊ’ എന്നെ ബ്രാൻഡിൽ വിൽപ്പന നടത്തുന്നത് കർഷകർക്ക് ഏറെ സഹായകരമാകുമെന്ന് .സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഐ എ എസ്. പറഞ്ഞു. കാർഷിക സർവ്വകലാശാലയുടെ ഗവേഷണ ഫലങ്ങളും നൂതന കൃഷിരീതികളും കൂടുതൽ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ വിൽപ്പന സഹായകരമാകുമെന്ന് സർവ്വകലാശാല വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ പറഞ്ഞു. പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലാകും പുസ്തകങ്ങള്‍ ലഭ്യമാവുക. സർവ്വകലാശാല പ്രസിദ്ധീകരണങ്ങൾക്കു ഐ എസ്.ബി എൻ നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട് എന്നും അടുത്ത വർഷാദ്യത്തോടെ നൂറിലേറെ പുസ്തകങ്ങൾ ഓൺലൈൻ വിൽപ്പനക്ക് ലഭ്യമാക്കാൻ കഴിയുമെന്നും പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ.അനി എസ്.ദാസ് പറഞ്ഞു.