Menu Close

മൃഗങ്ങളോടു ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരതയും പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമമൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപടികളെടുക്കും. വെറ്ററിനറി ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ജന്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്.

പറവകള്‍ക്ക് ജലം നല്‍കുന്നതിനുള്ള മണ്‍പാത്രം പ്രതീകാത്മകയായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഡി ഷൈന്‍കുമാറിന് മന്ത്രി കൈമാറി. തുടര്‍ന്ന് ചിത്രരചന, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ്. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ റെയ്‌നി ജോസഫ്, മൃഗക്ഷേമ ബോര്‍ഡ് അംഗം മരിയ ജേക്കബ്, പി എസ് ശ്രീകുമാര്‍, അജിത് ബാബു, ആര്‍ വേണുഗോപാല്‍, കെ ജി പ്രദീപ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.