വിപണിയറിഞ്ഞ് പണിയെടുത്താല്‍ കൃഷിയുടെ സീന്‍ മാറും. അല്ലാതെ പഴകിയ ധാരണകളുമായിരുന്നാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരും. രണ്ടിലേതുവേണമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇക്കാര്യം നമുക്ക് അടുത്തസമയത്തെ കമ്പോളനിലവച്ച് ഒന്നു പരിശോധിക്കാം.
ഉദാഹരണത്തിന് തക്കാളി എടുക്കാം. പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചുനോക്കിയാല്‍ ജൂൺ -ജൂലൈ മാസങ്ങളിൽ തക്കാളിക്ക് തീവിലയായിരുന്നു. കിലോയ്ക്ക് എൺപതും നൂറും അതിനുമേലെയും പോയ വര്‍ഷങ്ങളായിരുന്നു കഴിഞ്ഞുപോയത്. 2022 ലും 23 ലും ഇതായിരുന്നു സ്ഥിതി.
തക്കാളിയുടെ വിത്തിട്ട് തൈകൾ പാകമാകാൻ ഏതാണ്ട് ഒരു ഇരുപത്തഞ്ച് ദിവസം വേണം. തൈ പറിച്ചുനട്ട് 60-70 ദിവസം കഴിയുമ്പോഴാണ് വിളവെടുക്കുന്നത്. അതായത് ഇപ്പോള്‍ തൈകൾ തയ്യാറാക്കാൻ തുടങ്ങിയാൽ ഏതാണ്ട് ജൂലൈയില്‍, കമ്പോളം കത്തിനില്‍ക്കുന്ന സമയത്ത് നമുക്ക് വിളവെടുക്കാനാകും. അങ്ങനെയാണെങ്കില്‍ ഈ 2024 ന് നമ്മളൊന്നു കളത്തിലിറങ്ങിനോക്കിയാലോ? ആയിരത്തിലൊരാളാവാനല്ല, സാഹസികതയോടെ മുന്നേറി ഹീറോയിസം കാണിക്കാനുള്ള അവസരമാണ്.
തക്കാളിക്കൃഷി നമുക്കത്ര പരിചയമുള്ളതല്ല. പാലക്കാട് ജില്ലയുടെ കിഴക്കുള്ള കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രധാനമായും ഇതുകൃഷിചെയ്യുന്നത്. അവിടെ വിളവെടുക്കുന്ന തക്കാളി, കേരള -തമിഴുനാട് അതിർത്തിയിലെ വേലൻതാവളം ചന്തയിൽനിന്ന് തമിഴുവ്യാപാരികളെടുത്ത്, മറുനാടൻ ആയി, വീണ്ടും കേരളത്തിലേക്കുതന്നെ വരികയാണു ചെയ്യുന്നത്. ഒന്നു ശ്രമിച്ചാല്‍, വിലയ്ക്ക് തീപിടിച്ചുനില്ക്കുന്ന സമയത്ത് നമുക്ക് നാടന്‍ തക്കാളി വില്‍ക്കാം.
കൃഷിയിലേക്കിറങ്ങുംമുമ്പ് തക്കാളിയെക്കുറിച്ച് അല്പം. തക്കാളി പഴമാണോ പച്ചക്കറിയാണോ എന്ന തർക്കം കേട്ടിട്ടുണ്ടോ? ഇതുണ്ടായത് അങ്ങ് അമേരിക്കയിലാണ്. 1887 ൽ പച്ചക്കറികൾക്ക് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. പഴമാണെന്ന് വ്യാപാരികളും പച്ചക്കറിയാണെന്ന് ഭരണകൂടവും വാശിച്ചു. ഒടുവിൽ പച്ചക്കറി തന്നെയെന്ന് കോടതി തീർപ്പാക്കി.
പോഷകഗുണം വച്ചുനോക്കിയാല്‍ ഏതു സദസ്സിലും ഒരു കസേരയിട്ടുകൊടുക്കാനുള്ള യോഗ്യത തക്കാളിക്കുണ്ട്. Lycopene, Beta Carotene, Nanugenin, Chloragenic acid എന്നീ antioxidant കളാൽ സമ്പന്നം. കാൽസ്യം, വിറ്റാമിൻ C, പൊട്ടാസ്യം എന്നിവ വേണ്ടതിലേറെ. ഒരു പഴത്തിൽമാത്രം ഒന്നരഗ്രാമിലേറെ ദഹനനാരുകൾ. തൊലിയ്ക്ക് തുടിപ്പും മിനുപ്പും നിറവും നൽകും. എല്ലാം ഓക്കെ. പക്ഷേ, കിഡ്നിസ്റ്റോണുള്ളവർ കുറേശ്ശേ മാത്രം കഴിക്കുന്നതാണ് നല്ലത്.
അരക്കിലോയിൽ അധികം വലിപ്പമുള്ള Beef steak Tomato മുതൽ 15-20g തൂക്കം വരുന്ന Cherry Tomato വരെ ഉണ്ട് കൂട്ടത്തിൽ.
പച്ചയ്ക്കും പഴുപ്പിച്ചും കറിയായും പ്രോസസ്സ് ചെയ്തും കഴിക്കുന്ന ഒരേ ഒരു പച്ചക്കറി തക്കാളി തന്നെ. തക്കാളിയിനങ്ങളുടെ സ്വീകാര്യത പ്രധാനമായും അതിന്റെ രുചി, കേടാകാതെ എത്ര ദിവസം ഇരിക്കും (shelf life )എന്നുള്ളത്, നിറം, വിണ്ടുകീറാതെ (cracking )ഇരിക്കാനുള്ള കഴിവ്, മണ്ണിലെ നിമവിരകളെ ചെറുക്കാനുള്ള ശേഷി, ഇല ചുരുളൽ (Yellow Leaf Curl Disease ) പോലെ ഉള്ള ഒരു കൂട്ടം വൈറസ് രോഗങ്ങളെ ചെറുക്കാനുള്ള കരുത്ത് ഇവയൊക്കെ കണക്കിലെടുത്താണ് നിശ്ചയിക്കാറ്.
ലോകത്ത് ഏറ്റവും കൂടുതൽ തക്കാളി ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. തക്കാളിയേറുകൊണ്ട് ലോകപ്രശസ്തമായ ഒരു സ്ഥലമുണ്ട്. സ്പെയിനിലെ Valencia യിലെ ബ്യൂണോള്‍ ആണത്. ഏതാണ്ട് ഒരുലക്ഷം കിലോ തക്കാളിയാണ് അവര്‍ ഓരോ കൊല്ലവും അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞുതീര്ക്കുന്നത്.
കേരളത്തിൽ തക്കാളിക്കൃഷി തുടങ്ങാന്‍ ഏറ്റവും യോജിച്ച സമയം സെപ്റ്റംബർ മാസമാണ്. അന്തരീക്ഷതാപനില 30-32 ഡിഗ്രിക്കുതാഴെ ആയിരിക്കുന്നതാണ് തക്കാളിയ്ക്ക് നല്ലത്. അതേസമയം നമ്മളിപ്പോള്‍ പറയുന്നത് പ്രത്യേകശ്രദ്ധ കൊടുത്ത് ഈ മാര്‍ച്ചുമാസം അവസാനം നട്ട് ജൂലൈയില്‍ തീവില കൊയ്യാനുള്ള ആസൂത്രണത്തെക്കുറിച്ചാണെന്നു മറക്കരുത്.
വെള്ള, ചുവപ്പ്, പിങ്ക്, പർപ്പിൾ, ചോക്ലേറ്റ്, ബ്ലാക്ക്, മഞ്ഞ ഇങ്ങനെ പല നിറങ്ങളിൽ തക്കാളിയിനങ്ങൾ കമ്പോളത്തിലുണ്ട്. ഏതൊക്കയാണ് തക്കാളിയിലെ നല്ല ഇനങ്ങൾ? ധാരാളം എന്നാണ് ഉത്തരം.
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുപ്രഭ, അക്ഷയ അങ്ങനെ നീണ്ടനിര. വരുത്തരാണെങ്കില് ദില്ലിയില്‍നിന്നുള്ള പുസ റൂബി, പുസ സദാ ബഹാർ, പുസ ഉപഹാർ എന്നിവയും ബാംഗ്ലൂരിൽ നിന്നുള്ള അർക്ക രക്ഷക്, അർക്ക വർദ്ധൻ, അർക്ക അലോക്, അർക്ക അഭിജിത് എന്നിവയും മുഖ്യം. ശിവം, സരസ്വതി, രമ്യ, രൂപാലി, അമോഗ്, സഹോ, NS 815, ഹീം സോന എന്നിങ്ങനെ കുറേ സങ്കരയിനങ്ങളും ലഭ്യമാണ്.
ഇവയില്‍ തക്കാളിവിപണിയിലെ ഇപ്പോഴത്തെ താരം ബങ്കളൂരു ഹെസ്സര്ഘട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോര്‍ട്ടികള്‍ച്ചര്‍ പുറത്തിറക്കിയ ‘അർക്ക രക്ഷക്’ ആണ്. കായ്തുരപ്പൻ, ഇലചുരുളൽ, Early Blight എന്ന ഫംഗസ്രോഗം ഇവ മൂന്നിനേയും ചെറുക്കൻ ഇതിനുകഴിവുണ്ട്. വിദേശരാജ്യങ്ങളിലേക്കും ഇതിന്റെ വിത്തുകൾ കയറ്റുമതി ചെയ്യുന്നു. അര്‍ക്ക രക്ഷകിന് കൃത്യതാകൃഷി (Precision farming) യിലൂടെ ഒരു ചെടിയിൽനിന്ന് ഏതാണ്ട് 17 കിലോ വരെ കായകൾ ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
Cherry തക്കാളി പഴമായി കഴിക്കാൻ നല്ലത്. Sun gold, Sweet cherry, Yellow Pear എന്നിവ ചെറിത്തക്കാളിയിലെ നല്ല ഇനങ്ങളാണ്.
ഇനി തക്കാളി നടുന്ന വിധം. പറമ്പ് നന്നായി കിളച്ച്, കട്ടയുടച്ച്, കുമ്മായം ചേർത്തിളക്കി രണ്ടാഴ്ചയിടണം. അതിനുശേഷം ട്രൈക്കോഡെർമ്മയാൽ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് മിശ്രിതം, എല്ലുപൊടി, ചാരം, കടല പിണ്ണാക്ക് പൊടിച്ചത് എന്നിവ ആവശ്യാനുസരണം അടിവളമായിയിട്ടിട്ടുവേണം നാലാഴ്ച പ്രായമുള്ള തക്കാളിത്തൈതൈകൾ നടാൻ. വൈകുന്നേരമാണ് പറിച്ചുനടാന്‍ പറ്റിയനേരം. നട്ടശേഷം രണ്ടു മൂന്നു ദിവസം തണൽ നൽകണം. വരികൾ തമ്മിലും വരിയിലെ ചെടികൾ തമ്മിലും രണ്ടടി അകലം നിലനിര്ക്കണം. തടത്തിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം.
ആഴ്ചയിലൊരിക്കൽ ഒരു ചെറിയ മേൽവളം നൽകുക. അടിവളമായി സെന്റൊന്നിന് 500ഗ്രാം ഫാക്ടംഫോസ്, 150ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. ഒരു സെന്റിൽ 110 ചെടികൾ ഉണ്ടാകും എന്നോർക്കുക. അത്രയും തടങ്ങളിൽ ഇവ ഭാഗിച്ചു ചേർക്കണം.
ചെടികൾ ഉയരംവയ്ക്കാൻ തുടങ്ങുമ്പോൾ കമ്പുകൾകെട്ടി താങ്ങുനൽകണം. (Staking ). ഇലകളുടെ കക്ഷത്തിൽനിന്നു മുളയ്ക്കുന്ന അനാവശ്യ ശിഖരങ്ങൾ ശ്രദ്ധയോടെ മുറിച്ചു മാറ്റുക.(Prunning ). പ്രായമാകുന്ന ഇലകൾ പറിച്ചു മാറ്റി നശിപ്പിക്കുക.(De leafing). ഇങ്ങനെ പരിചരണം നല്ലപോലെ വേണം.
ഒരു കാര്യം മറക്കരുത്. തക്കാളിക്ക് നല്ല സൂര്യ പ്രകാശം വേണം. പ്രകാശം കുറഞ്ഞാൽ ചെടികൾ ബലംകുറഞ്ഞ്, കോലിച്ച്, ഇലകൾ തമ്മിലുള്ള അകലംകൂടി (inter nodal length ) ഉൽപ്പാദനം കുറഞ്ഞുപോകും.
തക്കാളിയെ പിടികൂടുന്ന ഏറ്റവും മാരകമായ രോഗം ബാക്റ്റീരിയൽ വാട്ടം ആണ്. കേരളത്തിലെ മണ്ണിന്റെ pH അതു വരാൻ അനുയോജ്യവുമാണ്. Ralstonia solanacearum എന്ന ബാക്റ്റീരിയയാണ് രോഗഹേതു.
ഈ ഭീകരന്റെ പിടിയിൽ തക്കാളിച്ചെടി അമരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
- ഒരിക്കലെത്തിപ്പെട്ടാല് റാല്‍സ്റ്റോണിയ ദീർഘനാൾ മണ്ണില്‍ നിലനില്ക്കും. ആയതിനാൽ ഒരേ സ്ഥലത്തുള്ള തുടർകൃഷി (continuous cultivation in same place ) ഒഴിവാക്കണം. വിള പരിക്രമം (Crop rotation) പിന്തുടരണം. പക്ഷേ മുളക്, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ സൊളനേസിയെ എന്ന ഒരേ സസ്യതായ്വഴിയിൽപെട്ടവരാണ്. അതിനാല്‍ ഈ മൂന്നുകൂട്ടര്‍ക്കും ഇതു പിടിപെടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ വിളപരിക്രമം നടത്തുമ്പോൾ അടുത്തവിളയായി ഒരേ കുടുംബക്കാരെ കൊണ്ടുവരാതെ നോക്കണം.
- മണ്ണിന്റെ pH 6 നും 7നും ഇടയ്ക്കായിരിക്കുന്നതാണ് ഉത്തമം. അതിനു വേണ്ടി സെന്റിന് 2 മുതൽ 3 കിലോ കുമ്മായം /ഡോളോമൈറ്റ് മണ്ണിലിളക്കിച്ചേർത്ത് രണ്ടാഴ്ച ഈർപ്പത്തോടെ ഇടണം. മാത്രമല്ല, തക്കാളിക്ക് വലിയയളവിൽ കാൽസ്യം ആവശ്യമുണ്ടുതാനും. അത് ആവശ്യത്തിനു കിട്ടിയില്ലെങ്കിൽ കായ്ത്തുമ്പ് കറുത്തുപോകുന്ന Blossom End Rot എന്ന പ്രശ്നം ഉറപ്പായുണ്ടാകും.
- Trichoderma യാൽ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി- വേപ്പിൻപിണ്ണാക്ക് മിശ്രിതം തന്നെ മണ്ണിൽ അടിസ്ഥാനവളമായി നൽകണം.
- നട്ട് രണ്ടാഴ്ച കൂടുമ്പോൾ 2%വീര്യത്തിൽ സ്യൂഡോമോണസ് ലായനിയൊഴിച്ച് വേരുപടലം കുതിർക്കണം.
ഇക്കാര്യങ്ങളില്‍ വരുന്ന ചെറിയ അശ്രദ്ധയും രോഗം കൊണ്ടുവരും. അതിനാല്‍ അലസമായ കൃഷി നഷ്ടമേയുണ്ടാക്കൂ എന്നോര്‍ക്കുക.
തക്കാളിയെ നശിപ്പിക്കാനെത്തുന്ന പ്രധാന രോഗകീടങ്ങള്‍ ഇനിയുമുണ്ട്. ചിത്ര കീടം (Leaf Miner ), കായ്തുരപ്പൻ പുഴു (Fruit Borer), വെള്ളീച്ച (White Fly) മുതലായ കീടങ്ങള്‍. ബാക്റ്റീരിയൽ വാട്ടം, Fungal വാട്ടം (Fusarium sp), Damping off (തൈ അഴുകൽ ), Early Blight, Late Blight, പൊടിപ്പൂപ്പ് രോഗം, ഇല ചുരുളൽ (വൈറസ് ), Spotted Wilt വൈറസ്, കായഴുകൽ തുടങ്ങിയ രോഗങ്ങള്‍. അസുഖത്തിന് തക്കാളിക്ക് ഒരു പഞ്ഞവുമില്ല.
ഇതില്‍നിന്ന് ഒരു കാര്യം മനസ്സിലായല്ലോ. ഇവയില്‍നിന്നൊക്കെ തക്കാളിയെ രക്ഷപെടുത്താന്‍ ചില്ലറ മരുന്നൊന്നും പോരാ. അയൽ സംസ്ഥാനക്കാർ ഒൻപതുതവണ മരുന്നടിച്ചു കൊണ്ടുവരുന്നത് വാങ്ങിത്തിന്നുന്നതിനേക്കാൾ നല്ലത്, വേണ്ടി വന്നാൽ, ഒരു പ്ലാന്റ്ഡോക്ടറുടെ ഉപദേശപ്രകാരം ഒന്നോ രണ്ടോ തവണ മരുന്നുകൾ ഉപയോഗിച്ച് നമ്മൾ തന്നെ തക്കാളി ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
ജൈവതീവ്രവാദം ചിലപ്പോൾ തക്കാളിയിൽ ഫലിച്ചെന്നു വരില്ല. ഇലചുരുളൽ രോഗം( Yellow Leaf Curl disease ) വന്നാൽ ഉടൻതന്നെ ചെടി പറിച്ചുമാറ്റിയേക്കണം. പരിഹാരമില്ലാത്ത വൈറസാണത്.നനിർത്തി പരീക്ഷിക്കരുത്. എങ്കിൽ ബാക്കി ഉള്ളതും കൂടി പോകും.
ചൂട് ഒരുപാടു കൂടുമ്പോൾ തക്കാളിയുടെ പൂക്കൾ കൊഴിയാന്‍ സാധ്യതയുണ്ട്. സൂക്ഷിക്കണം. തക്കാളിയുടെ പരാഗണം സ്വയം നടക്കും.രാവിലെ ചെടികൾ ചെറുതായൊന്ന് കുലുക്കിക്കൊടുത്താൽ കൂടുതല്‍ നല്ലത്. കൃത്യമായി നനച്ചുകൊടുത്താൽ കായ് വിണ്ടുകീറുന്നത് ഒഴിവാക്കാം. കായ ആകുമ്പോൾ, നിനച്ചിരിക്കാതെ ഒക്കെ മഴ പെയ്താൽ ചിലപ്പോൾ വിണ്ട് കീറാം. പൂക്കുന്നതിന് മുൻപ്, ഒന്നോ രണ്ടോ തവണ ഇലകളിൽ സൂക്ഷ്മമൂലക മിശ്രിതം (Micro nutrient Mixture ) തളിക്കുന്നതും നല്ലത്.
ഇങ്ങനെ സകലരക്ഷകളുംചെയ്ത് മുമ്പോട്ടുപോയാല്‍, പറിച്ചുനട്ട് 60-70 ദിവസം കഴിയുമ്പോൾ, നമ്മള് ആദ്യം പറഞ്ഞ ആസൂത്രണപ്രകാരം ജൂലൈ ആകാറാകും. അപ്പോള്‍ തക്കാളിയുടെ വിളവെടുപ്പ് തുടങ്ങാം.
ഇത് തക്കാളിക്കൃഷിക്ക് മെയ്യും മനസുമുള്ളവര്ക്കുവേണ്ടി എഴുതിയാണ്. അതിനാല്‍ വരുന്ന ജൂലൈയില്‍, കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തക്കാളിയുടെ വിലയ്ക്ക് തീപിടിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.