Menu Close

മരച്ചീനിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗവിളയാണ് മരച്ചീനി. ദേശീയ ഉത്പാദനത്തിന്റെ 54% വും കേരളത്തില്‍നിന്നാണ്. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, ചീനി, കപ്പ, മരക്കിഴങ്ങ് എന്നിങ്ങനെ കേരളത്തിലെമ്പാടും പല പേരുകളിലാണ് മരച്ചീനി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava ആണിതെങ്കിലും മരച്ചീനിയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.

മരച്ചീനിയെ ബാധിക്കുന്ന രോഗങ്ങള്‍
മൊസൈക് രോഗം – രോഗലക്ഷണങ്ങള്‍
മരച്ചീനിയെ ബാധിക്കുന്ന പ്രധാനരോഗമാണ് മൊസൈക്ക്. വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത്‌ വെള്ളീച്ചകളാണ്‌. മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധ്യമാകൂ. ഇതു മൂലം 25 – 80% വരെ വിളവ്‌ കുറയാനിടയുണ്ട്. ഇലകളില്‍ മഞ്ഞളിപ്പ്‌ ആണ് പ്രധാന ലക്ഷണം. ഇലകള്‍ ചെറുതായി മുരടിച്ചുകാണും. മുരടിച്ച ഇലകളിൽ കടും മഞ്ഞ നിറമുണ്ടാകും.
മൊസൈക് രോഗം എങ്ങനെ നിയന്ത്രിക്കാം?
രോഗവിമുക്തമായ കമ്പുകൾ മാത്രം ഉപയോഗിക്കുക. സങ്കരയിനങ്ങളായ എച്ച് – 165, എച്ച് – 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ – 4 എന്നിവയിൽ രോഗപ്രതിരോധശേഷി കൂടുതലാണ്. ഇവയില്‍ 5% മാത്രമേ മൊസേക് രോഗം പകരുന്നതായി കാണുന്നുള്ളൂ. രോഗബാധിതമായ ചെടികൾ പിഴുത്‌ നശിപ്പിക്കണം.

ഇലപ്പുള്ളിരോഗം- ലക്ഷണങ്ങള്‍
ഇലപ്പുള്ളിരോഗത്തില്‍ മൂത്ത ഇലകളുടെ ഇരുഭാഗത്തും തവിട്ട്‌ നിറത്തിലുള്ള പുള്ളിക്കുത്ത്‌ കാണപ്പെടുന്നു. ഉപരിതലത്തിലുള്ള പുള്ളിക്കുത്തുകളുടെ മധ്യഭാഗം ചാരനിറത്തിലും ചുറ്റും കടുത്ത തവിട്ടുനിറത്തിലും ആയിരിക്കും. രോഗം തീവ്രമാകുന്നതോടെ ഇലകൾ ഉണങ്ങി കൊഴിഞ്ഞുവീഴുന്നു.
ഇലപ്പുള്ളിരോഗം എങ്ങനെ നിയന്ത്രിക്കാം?
ശുപാർശ ചെയ്തിട്ടുള്ള തരത്തില്‍ വളപ്രയോഗം നടത്തുക. നടീൽ അകലം കൂട്ടുക. കള നിയന്ത്രിക്കുക. 1 % ബോർഡോ മിശ്രിതം തളിക്കുക.

ബാക്റ്റീരിയൽ വാട്ടം- ലക്ഷണങ്ങള്‍
ഇലകൾവാടുന്നതാണ് ബാക്ടീരിയല്‍വാട്ടത്തിന്റെ പ്രധാനലക്ഷണം. മഴയുള്ളപ്പോൾ ഈ രോഗം കൂടുതലായി കാണുന്നു.
ബാക്റ്റീരിയൽ വാട്ടം എങ്ങനെ നിയന്ത്രിക്കാം?
ബോർഡോ മിശ്രിതം മണ്ണു കുതിരുന്നതുവരെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുത്തുനടുക.

മരച്ചീനിയെ ബാധിക്കുന്ന കീടങ്ങള്‍
വെള്ളീച്ച- ലക്ഷണങ്ങൾ
വരണ്ട കാലാവസ്ഥകളിലാണ് വെള്ളീച്ചയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്‌. ഇവയാണ് മൊസൈക്ക്‌ വൈറസിനെ പരത്തുന്നത്.
വെള്ളീച്ചയെ എങ്ങനെ നിയന്ത്രിക്കാം?
വേർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക

മീലിമൂട്ട- ലക്ഷണങ്ങള്‍
മീലിമൂട്ടകള്‍ ചെടിയുടെ നീരൂറ്റികുടിക്കുന്നു. ഇലകളിൽ വെള്ളനിറത്തിൽ മാർദ്ദവമുള്ള പൊടി പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ ഇവയെ കാണാം. വരണ്ട കാലാവസ്ഥയിൽ ഇവയുടെ ആക്രമണം കൂടും. വളർച്ച മുരടിപ്പ്‌, മഞ്ഞളിപ്പുമാണ് മീലിമൂട്ടയുടെ അക്രമണം കൊണ്ടുണ്ടാകുന്നത്. അതോടെ വിളവു കുറയുന്നു.
മീലിമൂട്ട- എങ്ങനെ നിയന്ത്രിക്കാം?
20 ഗ്രാം വെർട്ടിസിലിയം ഒരു ലി. വെള്ളത്തിൽ കലക്കിത്തളിക്കുക. ആക്രമണം രൂക്ഷമായാൽ കീടനാശിനികൾ ഉപയോഗിക്കുക.

ഇലപ്പേനുകള്‍- ലക്ഷണങ്ങള്‍
ഇലപ്പേനുകള്‍ വരണ്ട കാലാവസ്ഥയിലാണ് കൂടുതലായി കാണപ്പെടുന്നത്. മൂപ്പെത്തിയ ഇലകളിൽ നിന്ന് ഇളം പ്രായത്തിലുള്ള ഇലകളിലേക്കു ഇത് വളരെവേഗം വ്യാപിക്കുന്നു
ഇലപ്പേനുകള്‍ എങ്ങനെ നിയന്ത്രിക്കാം?
1.5% വീര്യമുള്ള മീനെണ്ണ സോപ്പുലായനി തളിക്കുക. ആക്രമണം രൂക്ഷമായാൽ കീടനാശിനികൾ ഉപയോഗിക്കണം.

നിമാവിരകള്‍- ലക്ഷണങ്ങള്‍
നിമാവിരകള്‍ പലതരത്തിലുണ്ട്. ഇവ ബാക്ടീരിയുടെയും കുമിളുകളുടെയും ആക്രമണം ത്വരിതപ്പെടുത്തും. ഇവമൂലം വേരുകളിൽ ഗാളുകൾ രൂപപ്പെടുന്നു. വളർച്ച മുരടിക്കുന്നു
നിമാവിരകള്‍ എങ്ങനെ നിയന്ത്രിക്കാം?
വേപ്പിൻ പിണ്ണാക്ക്‌ ഉപയോഗിച്ചാല്‍ നിമാവിരയുടെ ആക്രമണത്തെ നല്ലരീതിയില്‍ പ്രിതരോധിക്കാം.

മണ്ഡരികള്‍- ലക്ഷണങ്ങള്‍
മണ്ഡരികള്‍ ഇലയുടെ കീഴ്ഭാഗത്തെ ആക്രമിക്കുന്നു. ആക്രമണഫലമായി കുത്തുകളും നീളത്തിലുള്ള വരകളും ഇലയിൽ കാണപ്പെടുന്നു. ഇലയുടെ ഉപരിതലമാണു ആക്രമിക്കപ്പെടുന്നതെങ്കിൽ ചുവന്നനിറത്തിലുള്ള തുരുമ്പ്‌ പോലുള്ള പാടുകളും കാണപ്പെടുന്നു. തീവ്രസ്ഥിതിയിൽ ഇലകരിച്ചിലും ഇലപൊഴിച്ചിലും ഉണ്ടാകും
മണ്ഡരികള്‍ എങ്ങനെ നിയന്ത്രിക്കാം?
10 ദിവസം ഇടവിട്ട്‌ വെള്ളം സ്പ്രേ ചെയ്യുക. കടുത്ത ആക്രമണമുണ്ടെങ്കിൽ 1.6 മി ലി ഡൈമെത്തോയേറ്റ്‌ ഒരു ലി വെള്ളത്തിൽ ഓരോ മാസം കൂടുമ്പോൾ തളിക്കുക.