Menu Close

കാലംതെറ്റിവിരിഞ്ഞ ജമന്തിപ്പൂക്കളുമായി ആവശ്യക്കാരെക്കാത്ത് കര്‍ഷകര്‍

പുഷ്പകൃഷിയില്‍ ഈ വര്‍ഷം വന്‍മുന്നേറ്റം നടത്തി കേരളം മുഴുവന്‍ ആനന്ദിക്കുമ്പോള്‍ കഞ്ഞിക്കുഴി പ‍ഞ്ചായത്തില്‍നിന്ന് ഒരുകൂട്ടം കര്‍ഷകരുടെ തേങ്ങലുയരുന്നു. സാങ്കേതികതടസ്സങ്ങള്‍ മൂലം വിളവിറക്കാന്‍ പത്തുദിവസം താമസിച്ചതുമൂലം കാലം തെറ്റിവിരിഞ്ഞ ജമന്തിപ്പൂക്കള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് അവര്‍.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കമനീയം പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡില്‍ കാളംകുളത്തിനു ചുറ്റുമായി ഏകദേശം കാലേക്കര്‍ സ്ഥലത്ത് ജമന്തികൃഷിചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ നിസ്സഹായതയോടെ നില്‍ക്കുന്നത്. മികച്ച കര്‍ഷകനുള്ള പുരസ്കാരം നേടിയ കുഞ്ഞുമോന്‍സായിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കര്‍ഷകരാണ് ജമന്തി നട്ടത്. ഒഴിവാക്കാനാകാതെപോയ ചില തടസ്സങ്ങള്‍മൂലം പത്തുദിവസം താമസിച്ചാണ് തൈ നടാന്‍കഴിഞ്ഞത്. അതിനാല്‍ ഓണം സീസണില്‍ പൂക്കളുണ്ടായില്ല. വിപണികളെല്ലാം അടഞ്ഞതോടെ ജമന്തികള്‍ പൂത്തുവിടരാന്‍ തുടങ്ങി. കര്‍ഷകര്‍ നെഞ്ചിടിപ്പോടെയാണ് ഇപ്പോള്‍ ഈ പൂക്കളെ നോക്കിനില്‍ക്കുന്നത്. ഏകദേശം പത്തു പതിനഞ്ചു കിലോ പൂവ് വച്ച് ഇനിയുള്ള മൂന്നുമാസം വിളവെടുക്കാനുണ്ടാകും. എന്തുചെയ്യണമെന്ന് അവര്‍ക്ക് ഒരൂഹവുമില്ല.
ആലപ്പുഴ ജില്ലയ്ക്ക് ചുറ്റുപാടുമുള്ള പുഷ്പവ്യാപാരികള്‍, ക്ഷേത്രഭാരവാഹികള്‍, ആഘോഷങ്ങള്‍ക്ക് പൂക്കള്‍ ആവശ്യമായി വരുന്നവര്‍ തുടങ്ങിയവര്‍ക്ക് മറുനാടന്‍ പൂക്കള്‍ക്കു പകരം നമ്മുടെ മണ്ണിന്റെ മണം ചേര്‍ന്ന ഈ പൂക്കള്‍വാങ്ങാന്‍ കഴിഞ്ഞാല്‍ അത് ഈ കര്‍ഷകരുടെ കണ്ണീരില്‍ ആശ്വാസത്തിന്റെ തിളക്കം പകരും. അത്തരം ആവശ്യക്കാരുടെ കൈയില്‍ എത്തുംവരെ സുമനസ്സുകള്‍ ഈ സന്ദേശം ഷെയര്‍ ചെയ്യണമെന്നാണ് കര്‍ഷകരുടെ അഭ്യ‍ത്ഥന.
ജമന്തിപ്പൂക്കള്‍ എന്റെകൃഷി ഓണ്‍ലൈന്‍ കാര്‍ഷികവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതിന്റെ ലിങ്ക്:
https://ecom.entekrishi.com/classifieds-listing/Flowers
കുഞ്ഞുമോന്‍ സായിയുടെ ഫോണ്‍ നമ്പര്‍: 85930 37173