Menu Close

ശ്രദ്ധിക്കുക: കീടനാശിനിയുടെ അശാസ്ത്രീയമായ ഉപയോഗം മുഞ്ഞയ്ക്കു വളമാകും

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടതായി റിപ്പോര്‍ട്ട്. നിലവിലെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കീടസാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
ഈ സമയം കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നെല്‍ച്ചെടിയുടെ ചുവട്ടില്‍ ദിവസേന പരിശോധന നടത്തേണ്ടതുമാണ്. കീടത്തിന്റെ സാന്നിധ്യം കാണുന്ന ഉടനെ കീടനാശിനി പ്രയോഗിക്കരുത്. അത് കീടബാധ രൂക്ഷമാവുന്നതിനും കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുന്നതിനും മാത്രമേ ഇടയാക്കൂ. അമിത കീടനാശിനി പ്രയോഗം മൂലം മിത്രപ്രാണികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോള്‍ മുഞ്ഞബാധ നിയന്ത്രണാതീതമാകും. അതിനാല്‍ സാങ്കേതികവിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കര്‍ഷകര്‍ കീടനാശിനി പ്രയോഗം നടത്താന്‍ പാടില്ല.
വർഷം മുഴുവനും തുടർച്ചയായ നെൽക്ക്യഷി, വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം, വർഷം മുഴുവനും നിലിനില്ക്കുന്ന ഉയർന്ന ആപേക്ഷിക ആർദ്രത എന്നിവ കാരണം കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം എല്ലാ വിളക്കാലങ്ങളിലും കാണാറുണ്ട്. തുടര്‍ച്ചയായ കീടനാശിനി പ്രയോഗം ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി മുഞ്ഞയ്ക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ അതീവജാഗ്രതയോടെ മാത്രമേ ഈ വെല്ലുവിളിയെ നേരിടാനാകൂ.
മുഞ്ഞയ്ക്കെതിരെ രാസകീടനാശിനി പ്രയോഗം നടത്തുന്നതിന് മുമ്പ് കര്‍ഷകര്‍ നിര്‍ബന്ധമായും സാങ്കേതിക ഉപദേശം തേടിയിരിക്കണം. നിലവില്‍ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല. കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അതാത് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഇതിനായി കര്‍ഷകര്‍ക്ക് ചമ്പക്കുളം 9400142409, നെടുമുടി 8547865338, കൈനകരി 9961392082, എടത്വാ 9633815621, തകഴി 9496764141, ആലപ്പുഴ 7034342115, പുളിങ്കുന്ന് 9567819958, കരുവാറ്റ 8281032167, പുന്നപ്ര 9074306585, അമ്പലപ്പുഴ 9747731783, പുറക്കാട് 9747962127 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.